
ഗീതാദര്‍ശനം - 62
Posted on: 20 Nov 2008
സാംഖ്യയോഗം
തസ്മാദ്‌യസ്യ മഹാബാഹോ
നിഗൃഹീതാനി സര്‍വശഃ
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ
ആയതിനാല്‍, ഹേ മഹാബാഹുവായ അര്‍ജുനാ, യാതൊരുവന്റെ ഇന്ദ്രിയങ്ങള്‍, ഒരു വിധത്തിലുള്ള ലൗകികസുഖഭോഗങ്ങളിലേക്കും അവനെ ബലമായി വലിച്ചുകൊണ്ടുപോകാത്തവിധം നിയന്ത്രിതങ്ങളായിരിക്കുന്നുവോ അവന്റെ ബുദ്ധി ഉറച്ചതാകുന്നു.
(പുറത്തെ ശത്രുക്കളെ നേരിടാനുള്ള സാമര്‍ഥ്യംതന്നെയാണ് സ്വന്തം ഇന്ദ്രിയങ്ങളെ കൈകാര്യംചെയ്യാനും ആവശ്യം എന്നു ബോധ്യപ്പെടുത്താനാണ് മഹാബാഹോ എന്ന സംബോധനം.)
യാ നിശാ സര്‍വഭൂതാനാം
തസ്യാം ജാഗര്‍ത്തി സംയമീ
യസ്യാം ജാഗ്രതി ഭൂതാനി
സാ നിശാ പശ്യതോ മുനേഃ
മറ്റു ചരാചരങ്ങള്‍ക്കെല്ലാം ഏതൊന്നാണോ രാത്രിയായിരിക്കുന്നത് അതില്‍ ഇന്ദ്രിയനിയന്ത്രണമുള്ളവന്‍ ഉണര്‍ന്നിരിക്കുന്നു. ഏതൊന്നില്‍ അന്യചരാചരങ്ങള്‍ ഉണര്‍ന്നിരിക്കുന്നുവോ അത് ആത്മതത്ത്വദര്‍ശിയായ മുനിക്ക് രാത്രിയാകുന്നു.
മുനി ഉണര്‍ന്നിരിക്കുന്നത് പരമാത്മാവിന്റെ നേര്‍ക്കും ഇതര ചരാചരങ്ങളുടെ ഉണര്‍ച്ച ക്ഷരപ്രപഞ്ചത്തിലെ വിശേഷങ്ങളുടെ നേര്‍ക്കുമാണ്.
ബുദ്ധി ഉറച്ചുകിട്ടാന്‍ ലൗകികങ്ങളായ സര്‍വ കര്‍മങ്ങളും ഉപേക്ഷിക്കണം എന്ന് ഈ ശ്ലോകത്തെ വ്യാഖ്യാനിക്കുന്നതു ശരിയല്ല. കാരണം ശരീരത്തിന്റെ നിലനില്പിനാവശ്യമായ അന്നപാനാദികള്‍ സമാഹരിക്കയും അനുഭവിക്കയും ചെയ്യാതെ ആര്‍ക്കും കഴിയാനാവില്ലല്ലോ. ആഹാരവിഹാരങ്ങള്‍ക്ക് അരങ്ങൊരുക്കുന്ന പ്രകൃതിയോടുള്ള കടങ്ങള്‍ വീട്ടാതെയും പറ്റില്ല. സൃഷ്ടികളൊക്കെ ഒരേ യജ്ഞത്തിലെ പങ്കാളികളാണെന്ന് (സഹയജ്ഞാഃ പ്രജാ സൃഷ്ട്വാ) വഴിയേ പറയുന്നു.
ഈ ശ്ലോകതാത്പര്യം മുനിയുടെ ഏകാഗ്രത എന്തിനു നേരേയാണ് എന്നു കാണിക്കുക മാത്രമാണ്. മുനി എന്തെല്ലാം ചെയ്യുന്നു എന്നതല്ല ചിന്താവിഷയം.
ലൗകിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പുലര്‍ത്തേണ്ടുന്ന ദിശാബോധത്തെക്കുറിച്ചാണ് ഈ സോദാഹരണ പ്രസ്താവം. ദിശാബോധമില്ലാത്തതെല്ലാം ഒഴുക്കിനൊപ്പം നീങ്ങുന്നു. പക്ഷേ, മറുകരയെപ്പറ്റി ശരിയായ ബുദ്ധി ഉള്ളവന്‍ ഒഴുക്കിനു കുറുകെ നീന്തുന്നു. അതേസമയം, താനും ഒഴുക്കിലാണ് എന്ന് അവന് അറിയാം. അവന്‍ അറിയണം. നീന്തുമ്പോഴും താന്‍ ഒഴുകുന്നുണ്ടെന്നും അത് അനിവാര്യമാണെന്നുകൂടിയും അവന്‍ അറിയണം.
(തുടരും)





