
ഗീതാദര്‍ശനം - 61
Posted on: 19 Nov 2008
സാംഖ്യയോഗം
നാസ്തി ബുദ്ധിരയുക്തസ്യ
ന ചായുക്തസ്യ ഭാവനാ
ന ചാഭാവയതഃ ശാന്തിഃ
അശാന്തസ്യ കുതഃ സുഖം?
യോഗം ശീലിക്കാത്തവന്റെ ബുദ്ധി (ആത്മഭാവത്തില്‍) ഉറച്ചു നില്‍ക്കില്ല. അവന് (സര്‍വാന്തര്യാമിയായ ആത്മാവിനെ) ഭാവന ചെയ്യാന്‍ സാധിക്കയുമില്ല. (ആ) ഭാവന ഇല്ലാത്തവന് മനഃശാന്തി കിട്ടില്ല. മനഃശാന്തിയില്ലാത്തവന് സുഖം എങ്ങനെ ഉണ്ടാകും?
പരമാത്മാവില്‍ ചിത്തം ഉറച്ച യോഗിക്ക് വിഷയസുഖങ്ങള്‍ ലഭ്യമല്ലെങ്കിലും ദുഃഖമില്ല. പ്രപഞ്ചം മുഴുവന്‍ താന്‍തന്നെ എന്നു കാണുന്ന യോഗിക്ക് കൂടുതലായി ഒന്നും കിട്ടാനുമില്ല. അതിനാലാണ് യോഗത്തെ 'ദുഃഖസംയോഗവിയോഗം' (ദുഃഖവുമായുള്ള ബന്ധത്തിന് എന്നേക്കുമായി അറുതി വരുത്താനുള്ള ഉപാധി) എന്ന് പിന്നീട് നിര്‍വചിക്കുന്നത്.
ഇതിനും പുറമെ,
ഇന്ദ്രിയാണാം ഹി ചരതാം
യന്‍മനോശനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാം
വായുര്‍നാവമിവാംഭസി
ആരുടെ മനസ്സ് ഇന്ദ്രിയാഭിമുഖ്യങ്ങളുടെ പിന്നാലെ പോകുന്നുവോ അവന്റെ പ്രജ്ഞ കാറ്റിനാല്‍ തോണി എന്നപോലെ അപഹരിക്കപ്പെടുന്നു.
ഒരു മുന്‍ഗണനാക്രമം ഗീത നിര്‍ദേശിക്കുന്നു. ആത്മാവിന്റെ വഴിയേ ബുദ്ധിയും ആ ബുദ്ധിയുടെ വഴിയേ മനസ്സും ആ മനസ്സിന്റെ വഴിയേ ഇന്ദ്രിയങ്ങളും ചരിക്കണം.
(തുടരും)





