
'യക്ഷി'യെ പേടിക്കുന്നവര്‍ ഇന്നുമുണ്ട്
Posted on: 18 Nov 2008
സി. ശ്രീകാന്ത്

അരനൂറ്റാണ്ട് മുമ്പ് 'കൊത്തുപണി' പഠിക്കാന്‍ മദ്രാസിലേക്ക് വണ്ടികയറിയ ചെറുപ്പക്കാരന്‍ പിന്നീട് കാനായി കുഞ്ഞിരാമന്‍ എന്ന അതികായനായി മാറിയ കഥകള്‍, ഇദ്ദേഹത്തിന്റെ ചെറുതും വലുതുമായ ശില്പങ്ങളിലൂടെയും വിവരണങ്ങളിലൂടെയും വെളിവാക്കുന്നതാണ് 'മോണോ ഗ്രാഫ്' പുസ്തകം. ''താന്‍ ഇത്രയും കാലം പലതിനോടും പൊരുതിനിന്നതിന്റെ ഫലമാണിത്''-കാനായി പറയുന്നു. ശില്പകലയെ ക്ഷേത്രമതിലുകള്‍ക്കും ആര്‍ട്ട് ഗ്യാലറികള്‍ക്കും പുറത്തേയ്ക്ക് കടത്തിക്കൊണ്ടുവന്ന കലാവിപ്ലവകാരിയെ അല്പം വൈകിയെങ്കിലും കേന്ദ്രം ആദരിക്കുമ്പോള്‍ അവാര്‍ഡ് ശില്പനിര്‍മ്മിതിയില്‍പ്പോലും പൊളിച്ചെഴുത്ത് നടത്തിയ ഇദ്ദേഹത്തിന് സ്വന്തംനാട് നല്‍കുന്നത് അനാദരവുകളാണ്. ഇതദ്ദേഹം തുറന്ന് പറയുകയും ചെയ്യും. റോഡുവക്കിലും പുഴയോരങ്ങളിലുമായി താന്‍ കൊത്തിവെച്ച ശില്പങ്ങള്‍ നേരിടുന്ന അവഗണനയാണ് ഇദ്ദേഹത്തെ ഏറെ ചൊടിപ്പിക്കുന്നത്. യാഥാസ്ഥിതിക ശില്പകലാ സങ്കല്പങ്ങളെയപ്പാടെ കൊത്തിക്കളഞ്ഞ് ഇദ്ദേഹം തീര്‍ത്ത മലമ്പുഴ 'യക്ഷി'യും ശംഖുംമുഖത്തെ 'മത്സ്യകന്യക'യുമടക്കമുള്ള പ്രതിമകള്‍ അറ്റകുറ്റപ്പണികളോ മോടിപിടിപ്പിക്കലോ ഇല്ലാതെ നാശത്തിലേക്ക് നീങ്ങുകയാണ്.

1957-ല്‍ മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠിച്ച കാലം മുതല്‍ പരീക്ഷണാത്മക ശില്പനിര്‍മ്മാണത്തിലേക്ക് കടന്നയാളാണ് ഇദ്ദേഹം. സ്ത്രീകളുടെ നഗ്‌നനതാ പ്രദര്‍ശനങ്ങള്‍, ആര്‍ക്കും മനസിലാകാത്ത അമൂര്‍ത്തതകള്‍, ജാതിമതാതീത സങ്കല്പങ്ങള്‍-1969 ല്‍ യക്ഷിയെ നിര്‍മ്മിച്ചുകൊണ്ട് കേരളം തട്ടകമാക്കിയ കാനായിക്ക് നേരെ മുഴങ്ങിയ പോര്‍വിളികള്‍ ഇങ്ങനെയൊക്കെയായിരുന്നു. ഇവയൊക്കെ അവഗണിച്ച് 'മത്സ്യകന്യക'യും 'ഫെര്‍ട്ടിലിറ്റി'യും 'മുക്കോല പെരുമാളു'മടക്കമുള്ള ശില്പങ്ങള്‍ വെല്ലുവിളികള്‍പോലെ കേരളത്തിന്റെ നാലുപാടുമുയര്‍ന്നു. എന്നിട്ടും തനിക്കെതിരെയുള്ള പോര്‍വിളികള്‍ ഇന്നും അങ്ങനെയൊക്കെത്തന്നെ തുടരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവം. ''എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും മലയാളികള്‍ ആധുനികരല്ല. സ്ത്രീപുരുഷന്മാര്‍ ബസ്സില്‍ ഒരേ സീറ്റില്‍ സഞ്ചരിക്കുന്നതുപോലും ഇന്നും നാം അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസത്തില്‍ കേരളീയര്‍ മുന്‍പന്തിയിലാണെന്ന അവകാശവാദങ്ങളോടും യോജിപ്പില്ല. അക്ഷര ജ്ഞാനത്തില്‍ മുന്നിലാണെന്ന് പറയാം''.
കലയെ ചുവരുകള്‍ക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിച്ച വരേണ്യവര്‍ഗ്ഗം ഇന്നുമുണ്ട്. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വേണ്ട പരിഗണന തരാറുണ്ടെങ്കിലും ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഇതിന് തയ്യാറാകുന്നില്ല. തന്നെ സംബന്ധിച്ച് ശില്പകല പണമുണ്ടാക്കാനുള്ള വഴിയല്ല. തന്റെ ഭാഷയാണത്.
വിട്ടുവീഴ്ചയില്ലാത്ത വായനാശീലമാണ് തന്റെ കാഴ്ചപ്പാടുകള്‍ പരുവപ്പെടുത്തുന്നതെന്നും ഇദ്ദേഹം പറയുന്നു. ആദ്യകാലത്ത് ചെറുകഥയും കവിതയുമൊക്കെ പരീക്ഷിച്ചിട്ടുണ്ട്. ആദ്യ കവിതാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പില്‍ക്കൂടിയാണിദ്ദേഹം. യക്ഷിയുടെ നിര്‍മ്മാണം നടക്കുന്ന കാലത്ത് രാത്രികളില്‍ കുത്തിക്കുറിച്ചവയടക്കമുള്ള കവിതകളാണ്.
ഉളിയുടെ തൂലികകൊണ്ട് കല്ലുകളെയും മരങ്ങളെയും കൂട്ടുപിടിച്ച് കവിതകളെഴുതിയ കാനായിയുടെ വരികളിലുമുണ്ടാകും ആ ഒഴുക്ക്. ഗ്യാലറിക്കുള്ളില്‍ സുന്ദര ശില്പങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനേക്കാള്‍ വഴിവക്കില്‍ ഒരു ചുമടുതാങ്ങിയെങ്കിലും കല്ലില്‍ തീര്‍ത്തുവെയ്ക്കുന്നതാണ് കലയെന്ന് വിശ്വസിക്കുന്ന കാനായി ഇപ്പോള്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകമുറ്റത്ത് ആശാന്‍ കവിതകള്‍ക്ക് ശില്പരൂപം നല്‍കുന്നതിന്റെ തിരക്കിലാണ്.
