githadharsanam

ഗീതാദര്‍ശനം - 59

Posted on: 17 Nov 2008


സാംഖ്യയോഗം


ക്രോധാല്‍ ഭവതി സമ്മോഹഃ
സമ്മോഹാല്‍ സ്മൃതി വിഭ്രമഃ
സ്മൃതിഭ്രംശാല്‍ ബുദ്ധിനാശോ
ബുദ്ധിനാശാല്‍ പ്രണശ്യതി

ക്രോധത്തില്‍ നിന്ന് അവിവേകവും (അറിവില്ലായ്മ) ആ അവിവേകം മൂലം (വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാനുള്ള പാഠങ്ങള്‍) ഓര്‍മയില്ലായ്മയും അതിന്റെ ഫലമായി ബുദ്ധിനാശവും (പടിപടിയായി) ഉണ്ടായി സര്‍വനാശത്തില്‍ കലാശിക്കുന്നു.
ആധി, ഭീതി തുടങ്ങിയവ മൂലം ഉണ്ടാകുന്ന വികാരവിക്ഷോഭങ്ങള്‍, മനുഷ്യന്‍ തന്റെ വൈകാരികപരിണാമശ്രേണിയില്‍ ആര്‍ജിച്ച ഔന്നത്യങ്ങളില്‍ നിന്ന് കാലിടറി ചടപടയെന്ന് താഴേക്കുരുളാന്‍ കാരണമാകുമെന്ന് ആധുനിക മനഃശാസ്ത്രം സ്ഥിരീകരിക്കുന്നു. വെള്ളിനക്ഷത്രമാകുക എന്ന ലക്ഷ്യത്തോടെ പരിണമിച്ചെത്തിയ ഉയരങ്ങളില്‍ നിന്ന് തെന്നിവീണ് നിമിഷങ്ങള്‍ക്കകം താഴ്‌വരക്കാട്ടിലെ പുള്ളിപ്പുലിയുടെ അവസ്ഥയെ പ്രാപിക്കുന്നു.
ജ്ഞാനേന്ദ്രിയങ്ങളെയും കര്‍മേന്ദ്രിയങ്ങളെയും അവയുടെ വിഷയങ്ങളില്‍നിന്ന് പൂര്‍ണമായി നിവൃത്തിപ്പിച്ച് നിഷ്‌ക്രിയനാകണമെന്നല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. പിന്നെയോ, വിഷയങ്ങളെ അനുഭവിക്കുമ്പോഴും അവയോട് സംഗമുണ്ടാകരുതെന്നു മാത്രമാണ്. അതായത്, വിഷയാസക്തിക്ക് അടിമപ്പെടരുത്. ഇതെങ്ങനെ സാധിക്കാം എന്ന് തുടര്‍ന്ന് പറയുന്നു:
രാഗദ്വേഷവിയുക്തൈസ്തു
വിഷയാനിന്ദ്രിയൈശ്ചരന്‍
ആത്മവശൈ്യര്‍വിധേയാത്മാ
പ്രസാദമധിഗച്ഛതി
രാഗദ്വേഷരഹിതങ്ങളായും തനിക്ക് സ്വാധീനങ്ങളായും ഇരിക്കുന്ന ഇന്ദ്രിയങ്ങളെക്കൊണ്ട് വിഷയങ്ങളെ (അന്നപാനാദികളെ) അനുഭവിക്കുന്നവനായാലും, തന്റെ സ്വാധീനത്തില്‍ ഇരിക്കുന്ന ആത്മാവോടു (അന്തഃകരണത്തോടു)കൂടിയവന്‍ ശാന്തിയെ (മനസ്സമാധാനത്തെ) പ്രാപിക്കുന്നു.

(തുടരും)



MathrubhumiMatrimonial