githadharsanam

ഗീതാദര്‍ശനം - 58

Posted on: 16 Nov 2008

സി. രാധാകൃഷ്ണന്‍



യതതോഹ്യപി കൗന്തേയ
പുരുഷസ്യ വിപശ്ചിതഃ
ഇന്ദ്രിയാണി പ്രമാഥീനി
ഹരന്തിപ്രസഭം മനഃ

അല്ലയോ കുന്തീപുത്രാ, (മോക്ഷത്തിനായി) പ്രയത്‌നനം ചെയ്യുന്ന വിവേകിയായവന്റെപോലും മനസ്സിനെ, അതീവ മഥനശേഷിയുള്ള ഇന്ദ്രിയങ്ങള്‍ ബലമായി വലിച്ചു കൊണ്ടുപോകുന്നു.
മെരുക്കാന്‍ എളുപ്പമല്ലാത്ത തന്നിഷ്ടക്കാരും കരുത്തരുമായ കുതിരകളാണ് ഇന്ദ്രിയങ്ങള്‍. ശ്രദ്ധക്കുറവിന്റെ കടിഞ്ഞാണയവു കിട്ടിയാല്‍ അവ മനസ്സിനെ തന്നിഷ്ടങ്ങളിലേക്ക് ബലമായി വലിച്ചുകൊണ്ടുപോകും.

താനി സര്‍വാണി സംയമ്യ
യുക്ത ആസീത മല്‍പരഃ
വശേ ഹി യസ്യേന്ദ്രിയാണി
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ

അത്തരത്തിലുള്ള ഇന്ദ്രിയങ്ങളെ എല്ലാം വരുതിയില്‍ നിര്‍ത്തി, എന്നെത്തന്നെ (എന്നുവെച്ചാല്‍ നിന്നിലെ അന്തരാത്മാവിനെ എന്ന് താത്ത്വികാര്‍ഥം) പരമമായി വിചാരിച്ച് യോഗിയായി (ഉറച്ച മനസ്സോടെ) ഇരിക്കണം. യാതൊരുവന്റെ ഇന്ദ്രിയങ്ങള്‍ അവന്റെ പൂര്‍ണ നിയന്ത്രണത്തില്‍ കഴിയുന്നുവോ അവന്റെ ബുദ്ധി (ആത്മാവില്‍) ഉറച്ചതായി ഭവിക്കുന്നു.
ഇതിന് ശ്രമിക്കാതിരുന്നാല്‍ സംഭവിക്കാവുന്ന ദുര്യോഗം ഇനി ചിത്രീകരിക്കുന്നു:

ധ്യായതോ വിഷയാന്‍ പുംസഃ
സംഗസ്‌തേഷൂപജായതേ
സംഗാല്‍ സംജായതേ കാമഃ
കാമാല്‍ ക്രോധോശഭിജായതേ

വിഷയങ്ങളെ വിചാരിക്കുന്നവന് അവയില്‍ ആസക്തി ഉണ്ടാകുന്നു. ആസക്തി നിമിത്തം ആശ ഉണ്ടാകുന്നു. ആ ആശയില്‍ നിന്ന് (അതിന് പ്രതിബന്ധം നേരിടുമ്പോള്‍) ക്രോധം ഉണ്ടാകുന്നു.



MathrubhumiMatrimonial