
ഗീതാദര്‍ശനം - 57
Posted on: 15 Nov 2008
സാംഖ്യയോഗം
യദാ സംഹരതേ ചായം
കൂര്‍മോശങ്ഗാനീവ സര്‍വശഃ
ഇന്ദ്രിയാണിന്ദ്രിയാര്‍ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ
ആമ എല്ലാ ഭാഗത്തുനിന്നും തന്റെ അവയവങ്ങളെയെന്നപോലെ ഇവന്‍ എപ്പോള്‍ (തന്റെ) ഇന്ദ്രിയങ്ങളെ ഇന്ദ്രിയാര്‍ഥങ്ങളില്‍ (വിഷയങ്ങളില്‍) നിന്ന് പിന്‍വലിക്കുന്നുവോ അപ്പോള്‍ അവന്റെ ജ്ഞാനം (അന്തരാത്മാവില്‍) ഉറച്ചതായി ഭവിക്കുന്നു.
ആമ ഭയം കൊണ്ടാണ് അവയവങ്ങള്‍ ഉള്‍വലിക്കുന്നത്. മുനിയാകട്ടെ, വിഷയസംഗങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളെ ഒരു ചര്യ എന്ന നിലയില്‍ പിന്‍വലിക്കുകയേ ചെയ്യുന്നുള്ളൂ. ഇന്ദ്രിയങ്ങളെന്ന കുതിരകളെ തല്ലിക്കൊല്ലുകയോ ദേഹമെന്ന വണ്ടിയില്‍ നിന്ന് അറുത്തുമാറ്റുകയോ ഒന്നുമല്ല, അവയ്ക്ക് ഫലപ്രദമായ കടിഞ്ഞാണ്‍ ഇടുക മാത്രമാണ് യോഗി ചെയ്യുന്നത്. അതോടൊപ്പം, ആ കടിഞ്ഞാണ്‍ ഉപയോഗിക്കാന്‍ പരിശീലിക്കുകയും ചെയ്യുന്നു.
രോഗബാധയാലും മറ്റും ലൗകികസുഖങ്ങള്‍ അനുഭവിക്കാന്‍ കഴിവില്ലാതായ ആളുടെ ഇന്ദ്രിയങ്ങള്‍ അവയുടെ സുഖവിഷയങ്ങളില്‍ നിന്ന് മോചിതമായിട്ടുണ്ട്. പക്ഷേ, അതുകൊണ്ടുമാത്രം ആ സുഖങ്ങളില്‍ അയാള്‍ക്കുള്ള ആശയ്ക്ക് അറുതി വരുന്നില്ല. മുനിയില്‍ ഈ ആശയും ഇല്ലാതാവുന്നുണ്ട്.എങ്ങനെ? നോക്കാം.
വിഷയാ വിനിവര്‍ത്തന്തേ
നിരാഹാരസ്യ ദേഹിനഃ
രസവര്‍ജ്യം രസോശ പ്യസ്യ
പരം ദൃഷ്ട്വാ നിവര്‍ത്തതേ
തന്റെ ഇന്ദ്രിയങ്ങളെ അവയുടെ ഇഷ്ടപ്പടി തീറ്റിപ്പോറ്റുന്ന ഏര്‍പ്പാടിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നവന്റെ വിഷയാനുഭവങ്ങള്‍ ക്രമേണ ഇല്ലാതാകുന്നു. ഇച്ഛ മാത്രമേ പിന്നെ ശേഷിക്കൂ. പരമാത്മാവിനെ കണ്ടുകിട്ടുന്നതോടെ ആ ഇച്ഛയും സമാപിക്കുന്നു.
ഇത് പറയാന്‍ എളുപ്പമാണെന്നാലും നടപ്പിലാക്കാന്‍ അല്പം പ്രയാസമാണെന്ന താക്കീതാണ് അടുത്തത്.
(തുടരും)





