
ഗീതാദര്‍ശനം - 56
Posted on: 14 Nov 2008
സി. രാധാകൃഷ്ണന്‍
സാംഖ്യയോഗം
ദുഃഖേഷ്വനുദ്വിഗ്‌ന മനാഃ
സുഖേഷു വിഗതസ്പൃഹഃ
വീതരാഗഭയക്രോധഃ
സ്ഥിതധീര്‍ മുനിരുച്യതേ
ദുഃഖത്തില്‍ ക്ഷോഭിക്കാത്തതും സുഖങ്ങളില്‍ കൊതിയില്ലാത്തതുമായ മനസ്സോടുകൂടിയവനായും കാമക്രോധങ്ങളെ അതിജീവിച്ചവനായും ഇരിക്കുന്ന മുനിയെ സ്ഥിതപ്രജ്ഞന്‍ എന്നു പറയുന്നു.
ഈ സ്ഥിതിയിലെത്താന്‍ ആത്മബോധം മാര്‍ഗവും ഉപാധിയുമാകുന്നു.
(കാണുന്നതും കേള്‍ക്കുന്നതും സ്പര്‍ശിക്കുന്നതും എല്ലാം ബ്രഹ്മമായിട്ടുതന്നെ (മനുതേ =) കാണുന്നവന്‍ (അറിയുന്നവന്‍) മുനി അഥവാ ബ്രഹ്മനിഷ്ഠന്‍ എന്ന് ശ്രീശങ്കരാനന്ദസരസ്വതി.)
യഃ സര്‍വത്രാനഭിസ്നേഹഃ
തത്തത് പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വേഷ്ടി
തസ്യപ്രജ്ഞാ പ്രതിഷ്ഠിതാ
യാതൊരാളാണോ എല്ലാ കാര്യങ്ങളിലും എന്റെ എന്ന വിചാരം ഇല്ലാതെയും, അപ്പപ്പോള്‍ വന്നുചേരുന്നത് നല്ലതായാലും ചീത്തയായാലും (അതിനോട്) ഇഷ്ടമോ അനിഷ്ടമോ കൂടാതെയും ഇരിക്കുന്നത് അവന്റെ ബുദ്ധി (അന്തരാത്മാവില്‍ = പരമജ്ഞാനത്തില്‍) ഉറച്ചതാകുന്നു. ഏതു കര്‍മത്തിനും അനിവാര്യമായ ലക്ഷ്യബോധം ഉപേക്ഷിക്കണം എന്നല്ല ഗീതാതാത്പര്യം. കര്‍മത്തിന്റെ ഫലത്തെക്കുറിച്ച് അങ്കലാപ്പുണ്ടാകാതിരിക്കുക എന്നു മാത്രമാണ് ഉദ്ദേശിക്കുന്നത്. എന്റെ-നിന്റെ എന്ന വേര്‍തിരിക്കലാണ് ഹിംസയുടെ ഉറവിടം. അത് പാടില്ല. ലക്ഷ്യം പരമമായ അറിവിനെ മുന്‍നിര്‍ത്തിയുള്ളതായിരിക്കയും വേണം.)
(തുടരും)





