
ഗീതാദര്‍ശനം - 55
Posted on: 13 Nov 2008
സാംഖ്യയോഗം
തുടര്‍ന്ന്, 'യോഗി'യുടെ ലക്ഷണങ്ങള്‍ (അനുകരണീയചര്യകളായി) വിവരിക്കുന്നു.
അര്‍ജുന ഉവാച:
സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ
സമാധിസ്ഥസ്യ കേശവ
സ്ഥിതധീഃ കിം പ്രഭാഷേത
കിമാസീത വ്രജേത കിം?
അര്‍ജുനന്‍ പറഞ്ഞു:
അല്ലയോ കേശവ, (സ്വാഭാവികമായ) സമനിലയില്‍ സ്ഥിതിചെയ്യുന്നവനും ഉറച്ച ജ്ഞാനത്തോടുകൂടിയവനുമായ ഒരാളുടെ ലക്ഷണം എന്താകുന്നു? ഉറച്ച ജ്ഞാനമുള്ളവന്‍ എങ്ങനെ സംസാരിക്കുന്നു? എങ്ങനെ ഇരിക്കുന്നു? (എന്തു ചെയ്തുകൊണ്ടിരിക്കുന്നു?) എങ്ങനെ നടക്കുന്നു? (അവന്റെ ശൈലി എന്താണ്?) ('അവനെപ്പറ്റി അന്യന്‍മാര്‍ എങ്ങനെ പറയുന്നു?' എന്നൊരു ചോദ്യംകൂടി ആചാര്യസ്വാമികള്‍ ഈ ശ്ലോകത്തില്‍നിന്ന് അര്‍ഥമാക്കുന്നുണ്ട്).
സൂചന: അധ്യാത്മശാസ്ത്രത്തില്‍ എല്ലായിടത്തും കൃതാര്‍ഥന്റെ (ഉറച്ച ജ്ഞാനം എന്ന ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നവന്റെ) ലക്ഷണങ്ങള്‍ തന്നെയാണ് (ആ സ്ഥാനത്തെത്താന്‍ ശ്രമിക്കുന്നവന് ആശ്രയിക്കാനുള്ള) ഉപാധികളായി ഉപദേശിക്കപ്പെടുന്നത്. എന്തെന്നാല്‍, ഈ പ്രസ്ഥാനത്തിന്റെ മാര്‍ഗവും ലക്ഷ്യവും ഒന്നുതന്നെ.
ശ്രീഭഗവാനുവാച:
പ്രജഹാതി യദാ കാമാന്‍
സര്‍വാന്‍ പാര്‍ഥ മനോഗതാന്‍
ആത്മന്യേവാത്മനാ തുഷ്ടഃ
സ്ഥിതപ്രജ്ഞസ്തദോച്യതേ
ശ്രീഭഗവാന്‍ പറഞ്ഞു:
അല്ലയോ അര്‍ജുനാ, മനസ്സിലെ മുഴുവന്‍ കാമനകളെയും അതിജീവിച്ച് എപ്പോള്‍ ഒരുവന്‍ ആത്മാവില്‍, ആത്മാവിനെക്കൊണ്ടുതന്നെ സന്തുഷ്ടനായി, ഇരിക്കുന്നുവോ, അപ്പോള്‍ അവന്‍ സ്ഥിതപ്രജ്ഞന്‍ എന്നു പറയപ്പെടുന്നു.
ഇവിടെ ആത്മാശബ്ദം രണ്ടുതവണ ഉപയോഗിച്ചിരിക്കുന്നു. ഒന്ന് പ്രാപഞ്ചികമായ 'ആത്മാ'. അതായത്, ശരീരമനോബുദ്ധികളുടെ ആകെത്തുകയായ 'ഞാന്‍'. രണ്ടാമത്തേത് പരമാനന്ദരൂപമായ പരമാത്മാ. ആദ്യത്തേത് പ്രാപഞ്ചികവികാരങ്ങളുടെ കടുംപിടുത്തങ്ങളെ തീര്‍ത്തും അതിജീവിച്ച് രണ്ടാമത്തേതില്‍ത്തന്നെ സന്തുഷ്ടനായിട്ട് എന്ന് താത്പര്യം. (ഉദ്ധരേദാത്മനാത്മാനം എന്നിങ്ങനെ രണ്ടര്‍ഥങ്ങളില്‍ ഈ ഒരേ ശബ്ദം ഇനിയും ഉപയോഗിക്കുന്നുണ്ട്). ഉള്ളിന്റെ ഉള്ളില്‍ ഉള്ള മറ്റേ ആളാണ് യഥാര്‍ഥ ഞാന്‍ എന്ന ആത്മബോധം ഉറയ്ക്കുന്ന മുറയ്ക്ക് ലൗകികകാമനകളുടെ പിടി തനിയെ അയയാന്‍ തുടങ്ങുന്നു.
(തുടരും)





