
ഗീതാദര്‍ശനം - 53
Posted on: 11 Nov 2008
സാംഖ്യയോഗം
ബുദ്ധിയുക്തോ ജഹാതീഹ
ഉഭേ സുകൃതദുഷ്‌കൃതേ
തസ്മാദ് യോഗായ യുജ്യസ്വ
യോഗഃ കര്‍മസു കൗശലം
ശുദ്ധമായ ബുദ്ധിയോടെ കര്‍മയോഗം അനുഷ്ഠിക്കുന്നവന്‍ കര്‍മങ്ങളുടെ ഗുണദോഷങ്ങളെ ഈ ജന്മത്തില്‍ത്തന്നെ അതിജീവിക്കുന്നു. അതിനാല്‍ യോഗിയാകാന്‍ പരിശ്രമിക്കുക. യോഗമെന്നത് കര്‍മത്തിലുള്ള കൗശലമാണ്.
ജോലിയിലുള്ള മിടുക്കിനായിരിക്കട്ടെ പരമപ്രാധാന്യം. കര്‍മകുശലന്‍ മറ്റെല്ലാം മറന്ന് തന്റെ കര്‍മത്തില്‍ പൂര്‍ണമായി ലയിക്കുന്നു. അതുതന്നെയാണ് പരമമായ യോഗം.
ഒന്നുകൂടി വിശദമായി പറഞ്ഞാല്‍,
കര്‍മജം ബുദ്ധിയുക്താ ഹി
ഫലം ത്യക്ത്വാ മനീഷിണഃ
ജന്മബന്ധവിനിര്‍മുക്താഃ
പദം ഗച്ഛ്യന്ത്യനാമയം
സമബുദ്ധികളായ ജ്ഞാനികള്‍ ബുദ്ധിയോഗത്തിലൂടെ കര്‍മഫലങ്ങളെയെല്ലാം അവഗണിച്ച് ജന്മബന്ധങ്ങളില്‍നിന്ന് മുക്തരായി പരമാനന്ദപദം പ്രാപിക്കുന്നു.
(ജന്‍മങ്ങളില്‍ ശ്രേഷ്ഠമായ മനുഷ്യജന്മംപോലും ബന്ധനമാകാമെന്നാണ് അധ്യാത്മവിദ്യ കരുതുന്നത്. എന്താണ് ബന്ധനം? ഞാന്‍ ശരീരം മാത്രമാണ് എന്ന തോന്നലും അതിന്റെ ഫലങ്ങളായ, 'എന്റെ', 'എനിക്ക്' എന്നിങ്ങനെയുള്ള പരിഗണനകളുംതന്നെ. ഈ ജീവന്‍ പ്രപഞ്ചജീവന്റെ അനുരണനമാണ്. അഥവാ പ്രപഞ്ചജീവന്‍തന്നെയാണ്.
ഒഴുക്കില്‍ തിരികെ അലിഞ്ഞുചേരലാണ് ചുഴിയുടെ സാഫല്യം. അതിനുള്ള വാസനയാണ് എല്ലാ ചുഴികളുടെയും അടിസ്ഥാനസ്വഭാവം. ആ സ്വഭാവമാണ് നമ്മില്‍ ആത്മാവബോധം എന്ന ബീജമായി കിടക്കുന്നത്. ജീവികളില്‍ മനുഷ്യന് മാത്രമേ ആത്മാവബോധമുള്ളൂ. അതായത്, പ്രപഞ്ചത്തിന്റെ അടിസ്ഥാന ശ്രുതിയുമായി (പരമാത്മാവുമായി) താദാത്മ്യം പ്രാപിച്ച് ആനന്ദാതിരേകം അനുഭവിക്കാനുള്ള വാസന ജീവലോകത്ത് മനുഷ്യനേ ഉള്ളൂ. ഇക്കാര്യത്തില്‍ നമുക്ക് പ്രേരണയും മാര്‍ഗവും ഉപാധിയും ലക്ഷ്യവും എല്ലാം ഈ ആത്മാവബോധംതന്നെ. അതുതന്നെ ജീവന്‍, അതുതന്നെ മോചനപ്രേരണ, അതുതന്നെ വഴി, അതുതന്നെ ഉപാധി).





