
പുലിജന്മം
Posted on: 10 Nov 2008
സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
ഭാരതമൊന്നായ് തിളയ്ക്കുവാന്‍ തന്‍ കരം വാനിലുയര്‍ത്തുന്ന യൗവ്വനമേ!
ഭാഗ്യമല്ലാതെ മറ്റെന്തു നിന്‍ കാലത്തില്‍
ഭാരതഭൂവില്‍ ജനിക്കയെന്നാല്‍.
ഇല്ല പരാജിതരാവില്ല നാമിനി
എന്നു മുരണ്ടു നീ ക്രീസില്‍ നില്‍ക്കെ
ബംഗാള്‍ കടുവയെന്നോമനിച്ചൂ നിന്നെ
വല്ലികള്‍ പോലുമേ പ്രേമപൂര്‍വം
ഓരോ ഹൃദയവും മോഹിച്ചു നീ വരും
താരാപഥത്തിലെ കാഴ്ചകാണാന്‍
ഓരോ നിമിഷവും പ്രാര്‍ഥനയായ് മാറ്റി
എണ്ണിയാല്‍ത്തീരാത്ത മാനസങ്ങള്‍
ഗന്ധര്‍വ്വരൂപനാം ഗായകാ, നീ ഹംസ-
ഗാനമായിന്നിതാ മാറിയല്ലോ!
വാക്കുകള്‍ക്കപ്പുറം നിന്നൊരാ ചേതന
വേദനയായി മറഞ്ഞുവല്ലോ!




