githadharsanam

ഗീതാദര്‍ശനം - 52

Posted on: 10 Nov 2008


സാംഖ്യയോഗം



യോഗസ്ഥ കുരു കര്‍മാണി
സംഗം ത്യക്ത്വാ ധനഞ്ജയ
സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ
സമത്വം യോഗ ഉച്യതേ


ഹേ ധനഞ്ജയാ, (കര്‍മഫലവുമായി മനസ്സിനുള്ള) സംഗം ത്യജിച്ച് യോഗസ്ഥനായി കര്‍മം ചെയ്യുക. ഫലം സിദ്ധിക്കട്ടെ, സിദ്ധിക്കാതിരിക്കട്ടെ, രണ്ടിലും സമചിത്തത പാലിക്കുക. ഈ സമചിത്തതയെയാണ് (ജ്ഞാനികള്‍) 'യോഗം' എന്നു പറയുന്നത്.


(പ്രപഞ്ചത്തിന്റെ അടിസ്ഥാനശ്രുതിയുമായി തന്റെ അസ്തിത്വത്തിന് സമരസപ്പെടാന്‍ സാധിക്കണമെങ്കില്‍ ഏകാഗ്രത വേണം. കര്‍മത്തില്‍ ലയിക്കാന്‍ സാധിക്കണം. ലാഭനഷ്ടങ്ങളുടെ കണക്കുനോക്കി ഇരുന്നാല്‍ ഈ ലയം ഉണ്ടാകില്ല. അവതാളങ്ങള്‍ നീങ്ങിക്കിട്ടിയാലല്ലേ ശരിയായ താളത്തെക്കുറിച്ചു ചിന്തിക്കാന്‍പോലും സാധിക്കൂ? ദ്വന്ദ്വബാധകള്‍ക്കിടയില്‍ സമനില കണ്ടെത്തലാണ് 'യോഗം').

ദൂരേണ ഹ്യവരം കര്‍മ
ബുദ്ധിയോഗാദ്ധനഞ്ജയ
ബുദ്ധൗ ശരണമന്വിച്ഛ
കൃപണാഃ ഫലഹേതവഃ

ഹേ അര്‍ജുനാ, (ഫലാഫലങ്ങള്‍ സമമായി കാണുന്ന) ബുദ്ധി പുലര്‍ത്താതെ ചെയ്യുന്ന കാമ്യകര്‍മം (സമത്വ)ബുദ്ധിയോടുകൂടിയ കര്‍മത്തെക്കാള്‍ നികൃഷ്ടംതന്നെയാണ്. അതിനാല്‍ (സമത്വ) ബുദ്ധിയെ ശരണം പ്രാപിക്കുക. ഫലം മുന്‍കൂട്ടി നിശ്ചയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിവില്ലാത്തവരാണ്.

(അറിവിന്റെ ശുദ്ധികൊണ്ട് കര്‍മശുദ്ധിയും കര്‍മശുദ്ധികൊണ്ട് അറിവിന്റെ ശുദ്ധിയും വര്‍ധിക്കുന്നു. സാംഖ്യവും യോഗവും രണ്ടല്ലെന്നു വഴിയേ തെളിച്ചു പറയുന്നുമുണ്ട്).

(തുടരും)



MathrubhumiMatrimonial