githadharsanam

ഗീതാദര്‍ശനം - 51

Posted on: 09 Nov 2008


സാംഖ്യയോഗം


അതിനാല്‍,
കര്‍മണ്യേവാധികാരസേ്ത
മാ ഫലേഷു കദാചന
മാ കര്‍മലഹേതുര്‍ഭുര്‍-
മാ തേ സംഗോ/സ്ത്വകര്‍മണി

നിനക്ക് കര്‍മത്തില്‍ മാത്രമേ (തീരുമാനത്തിന്) അധികാരമുള്ളൂ. കര്‍മഫലത്തില്‍ (നിയന്ത്രണാധികാരം) ഒട്ടുമില്ല. കര്‍മഫലത്തിന് നീയാണ് ഹേതു എന്ന വിചാരം പാടില്ല. (ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠ ഉപേക്ഷിക്കുമ്പോള്‍) അകര്‍മണ്യതയില്‍ (അലസതയില്‍) താത്പര്യം ഭവിക്കുകയുമരുത്.

ഒരുപാട് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഈ പ്രസ്താവം വഴിയൊരുക്കിയിട്ടുണ്ട്. ജോലിക്ക് കൂലി വാങ്ങരുതെന്നോ വിതച്ചത് കൊയ്യരുതെന്നോ ഒന്നും ഈ പദ്യത്തിന് അര്‍ഥമില്ല. ശ്ലോകതാത്പര്യം വളരെ സ്​പഷ്ടമാണ്. ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്നും ചെയ്യുന്നെങ്കില്‍ എങ്ങനെ എപ്പോള്‍ ചെയ്യണം എന്നുമൊക്കെ തീരുമാനിക്കാന്‍ നമുക്ക് അധികാരം (സ്വാതന്ത്ര്യം) ഉണ്ട്. പക്ഷേ, ചെയ്യുന്ന കാര്യത്തിന്റെ ഫലം വിജയംതന്നെയാകുമെന്ന് മുന്‍കൂട്ടി തീര്‍ത്തുറപ്പിക്കാന്‍ ആര്‍ക്കും ഒരിക്കലും കഴിയില്ല. അത് നമ്മുടെ അധികാര പരിധിയില്‍ വരുന്നതല്ല. (ഒരു ചെയ്തിയുടെ ഫലം നിശ്ചയിക്കുന്നതില്‍, ആ കാര്യം ചെയ്യുന്ന ആളുടെ നിയന്ത്രണത്തിലോ അറിവില്‍പ്പോലുമോ പെടാത്ത എണ്ണമറ്റ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നമുക്ക് വേണ്ടത്ര നിത്യാനുഭവമുണ്ടല്ലോ). അതേസമയം, ഫലത്തെക്കുറിച്ചുള്ള ആശങ്ക കര്‍ത്താവിന്റെ ഏകാഗ്രതയും കാര്യക്ഷമതയും നശിപ്പിക്കുന്നു. ഏത് പരീക്ഷണഘട്ടത്തിലും ജോലിയില്‍ പൂര്‍ണമായ സമര്‍പ്പണംതന്നെയാണ് അഭികാമ്യം. മറിച്ചായാല്‍ എന്തു സംഭവിക്കുമെന്നതിന് മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തെക്കുറിച്ചു പണ്ടേ പ്രചാരത്തിലുള്ള കഥതന്നെ ഉദാഹരണം.

ജയമോ തോല്‍വിയോ മുന്‍കൂട്ടി ഉറപ്പാക്കാന്‍ നിവൃത്തിയൊന്നും ഇല്ലെന്നാലും എല്ലാ കര്‍മത്തിനും രണ്ടാലൊരു ഫലമുണ്ടെന്ന് തീര്‍ച്ചയാണ്. ഗുണദോഷ ഫലങ്ങളില്‍ ഏതുവന്നാലും ഒരുപോലെ സ്വീകരിക്കാന്‍ തയ്യാറായി വേണം പുറപ്പെടാന്‍. 'രണ്ടും കല്പി'ച്ചെന്ന് പഴമക്കാര്‍ പറയും. കഞ്ഞിക്കുപോലും ബാക്കിവെക്കാതെ വിത്തത്രയുമെടുത്ത് പാടത്തു വിതച്ച് കാലാവസ്ഥപോലെ വിളവുണ്ടാകുമെന്നുറപ്പിച്ച് മടങ്ങുന്ന കൃഷിക്കാര്‍ 'രണ്ടും കല്പി'ച്ചാണ് ജീവിച്ചത്. അങ്ങനെയല്ലെങ്കില്‍ വരാവുന്ന ഒരു കുഴപ്പം അഹിതം ഭവിക്കാമെന്ന ഭയത്താല്‍ അലസതയിലകപ്പെട്ടുപോകലാണ്. അതും ഉണ്ടാകരുത്.

ജയം നൂറുശതമാനവും ഉറപ്പാക്കാന്‍ ഒക്കുന്നില്ല എന്നതുതന്നെയാണ് ഇവിടെ അര്‍ജുനന്റെ മുഖ്യപ്രശ്‌നം. അജയ്യരായ ഭീഷ്മദ്രോണാദികള്‍ അപ്പുറത്ത് നില്‍ക്കുന്നു. പോരില്‍ അവരെ തോല്പിച്ചുകളയാമെന്ന് സ്വപ്നത്തില്‍പ്പോലും കരുതാന്‍ ആര്‍ക്കും കഴിയില്ല. ആശങ്കയും അശുഭ പ്രതീക്ഷയും വീര്‍പ്പുമുട്ടിക്കുന്നു. അഹിതം വരാമെന്ന ഭയത്താല്‍ അകര്‍മണ്യതയിലേക്ക് വഴുതിയെത്തുന്നു. യുദ്ധം ചെയ്യില്ല എന്ന നിഗമനത്തില്‍ ചെന്നുചേരുന്നു.





MathrubhumiMatrimonial