
മാന്‍ഹാട്ടനിലെ തെരുവില്‍ നിന്ന്
Posted on: 07 Nov 2012
ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ ബരാക് ഒബാമ ആദ്യമായി ഉറങ്ങിയത് തെരുവിലായിരുന്നു. സ്പാനിഷ് ഹാര്‍ലെമില്‍ ഒരു അപാര്‍ട്ട്‌മെന്‍റ് ഒഴിയുന്നുണ്ടെന്നറിഞ്ഞ് എത്തിയതാണ് ഒബാമ. രാത്രിയില്‍ ലഗേജുമായി ബ്രോഡ്‌വേയിലെ 109-ാം നമ്പറിലെത്തുമ്പോള്‍ അത് പൂട്ടിയിരിക്കുകയായിരുന്നു. മറ്റൊരിടത്ത് മുറിയെടുക്കാന്‍ പണമില്ല. പാതിരാത്രി കഴിഞ്ഞപ്പോള്‍ മറ്റുവഴിയൊന്നുമില്ലാതെ പുറത്തിറങ്ങി. ഒരുവേലി നൂണ്ട്കടന്ന് ഇടവഴിയിലെത്തി; ഉണങ്ങിയ ഒരുസ്ഥലം കണ്ടെത്തി ലഗേജ് ഇറക്കിവെച്ച് അതില്‍ ചാരി ഉറങ്ങി. ഉണരുമ്പോള്‍ കാല്‍ച്ചുവട്ടില്‍ ഒരു വെള്ളക്കോഴി ചപ്പുചവറുകള്‍ കൊത്തിക്കൊണ്ടിരുന്നു. വീടില്ലാത്ത ഒരാള്‍ ഒരു പൊതുടാപ്പില്‍ കുളിക്കുന്നത് കണ്ട് ഒബാമയും അയാളോടൊപ്പം ചേര്‍ന്നു.അന്ന് ന്യൂയോര്‍ക്കില്‍ ഒബാമയ്ക്ക് അഭയം നല്കിയത് സാദിക് എന്ന പാകിസ്താനിയാണ്. ലോസ് ആഞ്ജലിസില്‍ വെച്ച് പരിചയമുണ്ടായിരുന്ന സാദിക് ഒരു ബാറില്‍ ജോലി ചെയ്യുകയായിരുന്നു. ന്യൂയോര്‍ക്കിന്റെ സ്വഭാവം സാദിക്ക് ഒബാമയ്ക്ക് വിവരിച്ചുകൊടുത്തു. ''ലോകത്തെ രക്ഷിക്കുന്നതിനെക്കുറിച്ചാണ് നീ പറയുന്നത്. പക്ഷേ, ഈ നഗരം ഇത്തരം ആദര്‍ശങ്ങളെ തിന്നുകളയും. എല്ലാവരും ഒന്നാം നമ്പറിനുവേണ്ടിയാണിവിടെ പരിശ്രമിക്കുന്നത്. ഏറ്റവും അനുയോജ്യനാകുന്നവന്‍ അതിജീവിക്കും. അപരനെ ചുമലുകൊണ്ട്തള്ളി പുറത്താക്കുക. സാദിക് വിവരിച്ചു. പിന്നീട് ഒന്നുനിര്‍ത്തി, അല്പം ചിന്തിച്ചിട്ടുപറഞ്ഞു- ''ആര്‍ക്കറിയാം നീ ചിലപ്പോള്‍ ഒരു അപവാദമാകും''. അങ്ങനെയാണെങ്കില്‍ തൊപ്പിയൂരി ഞാന്‍ നിന്നെ വണങ്ങും.
Tags: center






