githadharsanam

ഗീതാദര്‍ശനം - 47

Posted on: 05 Nov 2008


സാംഖ്യയോഗം



ഏഷാ തേശഭിഹിതാ സാംഖ്യേ
ബുദ്ധിര്‍യ്യോഗേ ത്വിമാം ശൃണു
ബുദ്ധ്യാ യുക്തോ യയാ പാര്‍ഥ
കര്‍മബന്ധം പ്രഹാസ്യസി

അല്ലയോ അര്‍ജുനാ, ഇതുവരെ ഞാന്‍ നിനക്കുപദേശിച്ചത് ആത്മതത്ത്വവിഷയമായ ബുദ്ധി (ജ്ഞാനയോഗം) ആകുന്നു. ഇനി യോഗവിഷയമായിട്ടുള്ളതിനെ (കര്‍മയോഗം) കേട്ടാലും. ഈ (കര്‍മയോഗ)ബുദ്ധിയോടുകൂടിയവന് കര്‍മബന്ധങ്ങളെ അതിജീവിക്കാന്‍ കഴിയും.
നേരായ അറിവിലൂടെ ശരിയായ പ്രവൃത്തിയിലെത്താം. അര്‍പ്പണബോധത്തോടെയുള്ള പ്രവൃത്തിയിലൂടെ ശരിയായ അറിവിലും എത്താം. ഏതു വഴിയായാലും ശരിയായ അറിവാണ് മോക്ഷസാധനം. രണ്ടാമത്തെ വഴി ആദ്യത്തേതിനേക്കാള്‍ കുറച്ചുകൂടി എളുപ്പമാണ്. എന്തുകൊണ്ടെന്ന് പറയുന്നു-

നേഹാഭിക്രമനാശോസ്തി
പ്രത്യവായോ ന വിദ്യതേ
സ്വല്പമപ്യസ്യ ധര്‍മസ്യ
ത്രായതേ മഹതോ ഭയാത്
ഇതില്‍, (കൃഷി മുതലായ കര്‍മങ്ങളില്‍ ഉണ്ടാകാവുന്നപോലെ) ചെയ്ത പണിക്ക് നാശം ഉണ്ടാകുന്നില്ല. (മാത്രമല്ല) ഇതില്‍ (ചികിത്സാദികര്‍മങ്ങളില്‍ ഉണ്ടാകാവുന്നപോലെ) ദോഷകരമായ (പാര്‍ശ്വ)ഫലം ഉണ്ടാകുന്നതല്ല. ഈ യോഗത്തിന്റെ ഒരു ചെറിയ അളവുപോലും വലുതായ സംസാരഭയത്തില്‍നിന്ന് രക്ഷിക്കുന്നു (സുഖദുഃഖങ്ങളില്‍ ചെറിയ അളവിലെങ്കിലും സമത്വബുദ്ധിയുണ്ടായാല്‍ വലിയ അനിഷ്ടഭീതിയില്‍നിന്ന് മോചനമായി).
എന്നാലോ, 'ബുദ്ധിസ്ഥിരത' ഉള്ളവര്‍ക്കേ കര്‍മയോഗം അനുഷ്ഠിക്കാനാവൂ. എന്തുകൊണ്ടെന്ന് ഇനി പറയുന്നു-

(തുടരും)



MathrubhumiMatrimonial