ചെങ്‌ഹോവിന്റെ ദിഗ്വിജയം

Posted on: 03 Nov 2008

ഡോ. എം.ജി.എസ്. നാരായണന്‍മുന്നൂറു കപ്പലുകളും മുപ്പതിനായിരത്തോളം നാവികരുമായി ക്രിസ്തു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് (1405 എ.ഡി) ചൈനയിലെ ഒന്നാമത്തെ സാമ്രാജ്യനാവികപ്പട പുറപ്പെട്ടത്. ലോകചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍പ്പടകളില്‍ ഒന്നായിരുന്നു അത്. സ്​പാനിഷ് ആര്‍മാഡയോടും രണ്ടാംലോക മഹായുദ്ധക്കാലത്തെ ജപ്പാന്‍കാരുടെ പസഫിക് കപ്പല്‍പ്പടയോടും താരതമ്യപ്പെടുത്താം. ആരെയും പേടിപ്പെടുത്താന്‍ പോന്നവലിപ്പം! കപ്പിത്താനായ ചെങ്‌ഹോവിന്റെ സ്വന്തം കപ്പല്‍ 130 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള, ഒമ്പതു പായ്മരങ്ങളുള്ള ഒന്നായിരുന്നത്രെ. ആ വലിപ്പത്തിലുള്ള ഒരു മരക്കപ്പല്‍ അതിന് മുമ്പോ പിമ്പോ നിര്‍മിക്കപ്പെട്ടിട്ടില്ല.

യാത്രയുടെ ലക്ഷ്യങ്ങളെപ്പറ്റി ആര്‍ക്കും തിട്ടമില്ല. ചക്രവര്‍ത്തിയുടെ പ്രതാപപ്രകടനമാണെന്നും താങ് വംശത്തിന്റെ കാലത്ത് പേര്‍സ്യവരെ വ്യാപിച്ചിരുന്ന ചൈനയുടെ പഴയ സ്ഥാനം വീണ്ടെടുക്കലാണെന്നും താന്‍ സ്ഥാനഭ്രഷ്ടനാക്കിയ എതിരാളിയെ കണ്ടുപിടിക്കലാണെന്നും പലരും അനുമാനിക്കുന്നു. ഇതിനെപ്പറ്റി 1944 ല്‍ ''ചൈന സമുദ്രങ്ങള്‍ അടക്കി വാണപ്പോള്‍'' (When China Ruled the Seas) എന്ന ഒരുഗ്രന്ഥം ലൂയി ലെവാത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വന്ധ്യംകരിക്കപ്പെട്ട ഒരടിമയായിരുന്നു ചെങ്‌ഹോ എന്ന മുസ്‌ലിം കപ്പിത്താന്‍. അക്കാലത്തെയും അതിനടുത്ത കാലത്തെയും എല്ലാ പാശ്ചാത്യ നാവികവീരന്മാരെക്കാള്‍ സാഹസികനായിരുന്നു. കപ്പല്‍പ്പട കൊളംബസിന്റെ കപ്പല്‍പ്പടയെക്കാള്‍ വലുതായിരുന്നു. വാസ്‌കോഡഗാമയുടെ കപ്പലുകളെക്കാള്‍ അഞ്ചിരട്ടി നീളം ഇയ്യാളുടെ കപ്പലുകള്‍ക്കുണ്ടായിരുന്നു. ഈ പട ചൈനയെ പതിനഞ്ചാം നൂറ്റാണ്ടിലെ ഒന്നാംകിട ലോകശക്തിയാക്കി.

ചെന്നിടത്തെല്ലാം ഏറ്റുമുട്ടിയ 'സുല്‍ത്താന്‍'മാരെ കീഴടക്കി, അവരില്‍ നിന്ന് ചക്രവര്‍ത്തിയുടെ പേരില്‍ കപ്പം ഈടാക്കി, പുതിയ വ്യാപാരമാര്‍ഗങ്ങള്‍ വെട്ടിത്തുറന്ന് ചൈനാസില്‍ക്കിനും നീലചിത്രപ്പണികളുള്ള ചീനപ്പിഞ്ഞാണങ്ങള്‍ക്കും എക്കാലത്തേക്കുമുള്ള ഡിമാന്‍ഡുണ്ടാക്കി, കപ്പല്‍പ്പട ഏഴുവട്ടം ജൈത്രയാത്ര നടത്തി. ഏഷ്യയുടെ ഭൂമിശാസ്ത്രം പഠിച്ചതുകൂടാതെ കര്‍പ്പൂരം, ആമത്തോട്, ആനക്കൊമ്പ്, കണ്ടാമൃഗത്തേറ്റ, കുരുമുളക്, ചന്ദനം, അടയ്ക്ക, തത്ത മുതലായി ലോകത്തിന്റെ പലഭാഗത്തുമുള്ള ചരക്കുകള്‍ ചൈനയിലെത്തിച്ചു. ജിറാഫ് എന്ന മൃഗത്തെ ആദ്യമായി ചൈനയില്‍ കൊണ്ടുചെന്നത് ഈ യാത്രയ്ക്കിടയിലാണ്. മാത്രമല്ല രത്‌നനങ്ങള്‍, ലോഹങ്ങള്‍ എന്നിവയും പുലി, സിംഹം, ഒട്ടകപ്പക്ഷി തുടങ്ങിയ പക്ഷിമൃഗാദികളെയും ചൈനക്കാര്‍ക്ക് പരിചയപ്പെടുത്തി.

ചൈനയ്ക്ക് പുറത്ത് ഈ സാഹസയാത്രകള്‍ ഇന്നും കാര്യമായി അറിയപ്പെടുന്നില്ല. ചൈനയില്‍പ്പോലും ഇയ്യാളുടെ നേട്ടങ്ങള്‍ വേണ്ടത്ര വിലമതിച്ചിട്ടില്ല. മിങ്‌വംശത്തിലെ യോങ്‌ലെ ചക്രവര്‍ത്തി രാജ്യഭാരമേറ്റയുടനെ ഈയുദ്ധവീരനെ വിളിച്ച് നാങ്കിങ്ങിലെ രാജധാനിയില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍പ്പട തയ്യാറാക്കുവാന്‍ കല്പിച്ചു. എന്നിട്ട് എല്ലാ വിദേശരാജ്യങ്ങളിലും തന്റെ ആജ്ഞകള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. ലോകാധിപത്യത്തില്‍ച്ചുരുങ്ങി മറ്റൊന്നും ആവശ്യമായിരുന്നില്ല. സമുദ്രപരിചയം ഒട്ടുമില്ലാതിരുന്ന ചെങ് ഹോ നന്ദിപൂര്‍വം ചിരിക്കുക മാത്രമേ ചെയ്തുള്ളൂവത്രെ. ''തിളങ്ങുന്ന കണ്ണുകള്‍, ചിപ്പിപോലെ വെളുത്ത പല്ലുകള്‍, അമ്പലമണി പോലെ മുഴങ്ങുന്ന ശബ്ദം'' എന്നൊക്കെയുള്ള ഒഴുക്കന്‍ വിവരണമല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഈ കപ്പല്‍ യാത്രകളെക്കുറിച്ചുള്ള നാലുവാള്യങ്ങളില്‍ കാണപ്പെടുന്നില്ല.

കടലില്‍ ഏറെ ദൂരം ഉള്ളോട്ടു പോയാല്‍ പരന്ന ഭൂമിയുടെ വക്കിലെത്തി കുത്തനെ താഴോട്ടു വീണുപോകും എന്നാണ് യൂറോപ്യന്മാരെപ്പോലെ ചൈനക്കാരും വിശ്വസിച്ചത്. (ഇന്ത്യയില്‍ ആ വിശ്വാസം ഉണ്ടായിരുന്നില്ല.) നാലഞ്ചു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചൈനാതീരത്തിന്റെ ഭൂപടങ്ങള്‍ അന്ന് അവരുടെ കൈവശമുണ്ടായിരുന്നു. ശുദ്ധജലം കിട്ടുന്ന തുറമുഖങ്ങളും അടയാളപ്പെടുത്തിയിരുന്നു. പച്ച-നീല നിറത്തിലുള്ള കൂറ്റന്‍ ഡ്രാഗണുകള്‍ ആണ് കാറ്റും കോളും സൃഷ്ടിക്കുന്നതെന്ന് ചൈനക്കാര്‍ വിശ്വസിച്ചു. അതിനാല്‍ അവയെ തടുക്കാന്‍ 'തിയാന്‍ഷെ' എന്ന ദേവതയ്ക്ക് എന്നും കര്‍പ്പൂരം കത്തിച്ചുവെക്കുന്ന പതിവുണ്ടായിരുന്നു. അതൊക്കെയാണ് ചെങ്‌ഹോവും ചെയ്തത്. കൂടെ സഞ്ചരിച്ച മാഹ്വാന്‍ എഴുതിയ കുറിപ്പുകളില്‍ ഇതെല്ലാം വിസ്തരിച്ചിരിക്കുന്നു. 1957 ല്‍ സി-യാങ്ചി (Records of the Western Ocean) എന്ന പേരോടെ ലോമൌതെങ് എഴുതിയ നോവലും ഇതെല്ലാം വര്‍ണിക്കുന്നുണ്ട്.

വന്‍നിധിവേട്ടയ്ക്ക് ഇറങ്ങിത്തിരിച്ചവര്‍ നാങ്കിങ്ങില്‍നിന്ന് പുറപ്പെട്ട് (1405) കടലുകളും കടലിടുക്കുകളും കടന്ന് ദക്ഷിണേന്ത്യയുടെ പടിഞ്ഞാറെ കരയിലെത്തുന്നു. കൊല്ലം വഴി കോഴിക്കോട്ട് വരുന്നു (1406). പിന്നെ ശ്രീലങ്കയില്‍ തിരിച്ചുപോയി അവിടത്തെ രാജാവിനെ യുദ്ധത്തില്‍ തോല്പിച്ചു. ബുദ്ധന്റെ ഒരു ദന്തം വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ അയാളെ തടവിലാക്കി ചൈനയിലേക്കയയ്ക്കുകയും ആ പ്രദേശത്തുനിന്നെല്ലാം കപ്പം പിരിക്കുകയും ചെയ്തു. ചൈനാ ചക്രവര്‍ത്തിയുടെ മേല്‍ക്കോയ്മ ചെറിയ രാജാക്കന്മാരെക്കൊണ്ടെല്ലാം അംഗീകരിപ്പിച്ചു. ഹോര്‍മൂസ് വരെയും കിഴക്കന്‍ ആഫ്രിക്ക വരെയും ആ കപ്പല്‍പ്പടയെത്തി. സുമാത്രയില്‍ കടന്ന് ആയിരങ്ങളുടെ സൈന്യത്തെ വെന്ന് സിംഹാസനം കൈക്കലാക്കിയ ഒരക്രമിയെ പിടിച്ചുകെട്ടി ചൈനയിലേക്കയച്ചു (1415). പിന്നീട് കോഴിക്കോടിനെതിരായി കൊച്ചിയെ സഹായിച്ചു (1417). അറുപത്തിരണ്ടാമത്തെ വയസ്സില്‍ ചെങ്‌ഹോ കോഴിക്കോട്ടുനിന്നുള്ള മടക്കയാത്രയില്‍ കടലില്‍വെച്ച് മരിച്ച് ഏതോ ദ്വീപില്‍ മറവുചെയ്യപ്പെടുകയാണുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു (1433). 1436 ഓടുകൂടി ചൈനയുടെ വിദേശനയത്തില്‍ മാറ്റം വരികയും കപ്പലുകള്‍ നിര്‍മിക്കുന്നതുപോലും നിര്‍ത്തലാക്കുകയും ചെയ്തു. അതിനിടയില്‍ ചൈന മധ്യേഷ്യയിലും പൂര്‍വേഷ്യയിലും അറിയപ്പെടുന്ന, ഭരണാധികാരികള്‍ ഭയപ്പെടുന്ന വന്‍ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. ആ കാലഘട്ടത്തെപ്പറ്റി ചെങ്‌ഹോ റിസര്‍ച്ച് അസോസിയേഷന്റെ സെക്രട്ടറി ജനറലായ കോങ്‌ലിങ് ഗ്രെന്‍ പറയുന്നതിങ്ങനെയാണ്: ''ഞങ്ങള്‍ക്ക് അന്ന് ലോകം മുഴുവന്‍ കീഴടക്കാമായിരുന്നു.''

മിങ് വംശത്തിന്റെ ഭരണം തുടങ്ങിയ കാലത്ത് 1371 ല്‍ യുനാന്‍ സംസ്ഥാനത്തില്‍ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലാണ് ഈ ക്യാപ്റ്റന്‍ ജനിച്ചത്. മാ ഹെ എന്നു പേരിട്ടു. മാഗോളുകളെ തുരത്താന്‍ മിങ് സൈന്യങ്ങള്‍ അവിടെ ചെന്നപ്പോള്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അന്നത്തെ പതിവനുസരിച്ച് അടിമയാക്കി വന്ധ്യംകരിച്ച് കൊട്ടാരത്തിലും അന്തപ്പുരത്തിലും ജോലികള്‍ക്കായി നിശ്ചയിച്ചു. സൂഡി രാജകുമാരന്റെ സേവകനായി, സുഹൃത്തായി. 1402 ല്‍ ഒരു കലാപത്തിലൂടെ ആ രാജകുമാരന്‍ ചക്രവര്‍ത്തിയായപ്പോള്‍ 'ചെങ്' എന്ന ബിരുദത്തോടെ അടിമപ്പടയുടെ നായകനാക്കി വാഴിച്ചു. പടിഞ്ഞാട്ട് പോകാനുള്ള കപ്പല്‍പ്പടയുടെ നായകനാക്കി. ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്നത്തെ വിയറ്റ്‌നാം, ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പലവട്ടം സന്ദര്‍ശിച്ചു. ഭടന്മാരും വൈദ്യന്മാരും അടുക്കളപ്പണിക്കാരും ദ്വിഭാഷികളും ജ്യോത്സ്യന്മാരും ഭിക്ഷുക്കളുമായി ഒരു കപ്പലില്‍ ശരാശരി ആയിരം പേരുണ്ടായിരുന്നു. മൂന്നുലക്ഷം കിലോമീറ്റര്‍ ആകെ സഞ്ചരിച്ചിരിക്കും, നാല്പതോളം രാജ്യങ്ങളിലായി.

ഭാഗ്യവശാല്‍ ചെങ്ങ്‌ഹോയും കൂട്ടരും യാത്രയ്ക്കിടയില്‍ രണ്ടു സ്ഥാനങ്ങളില്‍ സ്ഥാപിച്ച ശിലാരേഖകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. 1431 മാര്‍ച്ച് 14-ന് കിയാ ലിയു ചിയാങ്ങിലും 1431 ഡിസംബര്‍ 5ന് ഫുക്കിയെന്‍ പ്രദേശത്തെ ചാങ് ലോവിലുമാണ് അവയുള്ളത്. 1405 നും 1433 നും ഇടയ്ക്കായിരുന്നു ഏഴ് ദീര്‍ഘമായ സമുദ്രസഞ്ചാരങ്ങള്‍ നടത്തിയത്. ഓരോന്നും ശരാശരി ഏതാണ്ട് രണ്ടുവര്‍ഷത്തോളം നീണ്ടുപോയി. ചെല്ലുന്നിടങ്ങളില്‍ രാജാക്കള്‍ക്കും പ്രഭുക്കള്‍ക്കും ഒക്കെ സില്‍ക്കും കസവും ആയി വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കിയതിനു പുറമെ വ്യാപാരത്തിലും ഏര്‍പ്പെട്ടിരുന്നു. കോഴിക്കോട്ടും അങ്ങനെയാണുണ്ടായത്.

ആദ്യയാത്രയുടെ ലക്ഷ്യസ്ഥാനം (1405) കോഴിക്കോട് ആയിരുന്നു. ഷാ-മി-തി-ഹ്‌സി (sha-mi-ti-hsi) (സാമൂതിരി) ആണ് അവിടെ ഭരിച്ചിരുന്നതെന്ന് മാഹ്വാന്‍ എഴുതിയിട്ടുണ്ട്. നാലുമാസത്തോളം അവിടെ താമസിച്ചു മടങ്ങുമ്പോള്‍ (ഡിസംബര്‍ 1406-ഏപ്രില്‍ 1407) ചൈനയിലേക്കുള്ള രാജകീയ ദൂതന്മാരെയും കപ്പലില്‍ കയറ്റിക്കൊണ്ടുപോയി. രണ്ടാംയാത്രയില്‍ (1407-09) ചെങ്‌ഹോ ചേര്‍ന്നിരുന്നില്ല. കൊച്ചിയിലും കോഴിക്കോട്ടും ചെന്ന് മാ-ന പിയെ-ചിയ-ലാ-മന്‍ (Ma-na Pieh-chia-la-man), (മാനവിയതന്‍?) എന്ന രാജാവിന്റെ അരിയിട്ടു വാഴ്ചയില്‍ പങ്കെടുക്കുകയാണത്രെ പ്രധാന പരിപാടി. നാലുമാസത്തോളം അന്നും കോഴിക്കോട്ടു തങ്ങി. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഓര്‍മിക്കുവാന്‍ കോഴിക്കോട് ഒരു ശിലാരേഖ സ്ഥാപിച്ചതായി (1409) മാഹ്വാന്‍ അവകാശപ്പെടുന്നു. (ഡൂയ്‌വെന്‍ഡക്ക്, Duyvendak), ''Mahuan Re-examined'', Amsterdam, 1933, p.51) നഗരത്തില്‍ എവിടെയെന്നു പറഞ്ഞിട്ടില്ല. ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ചൈനീസ് പഠനവിഭാഗത്തിലെ പ്രൊഫസര്‍ എച്ച്.പി. റേയും ഈ ലേഖകനും ഡോക്ടര്‍ എന്‍.എന്‍. നമ്പൂതിരിയും മറ്റു പലരും സില്‍ക്ക് സ്ട്രീറ്റിലും മറ്റും തിരഞ്ഞെങ്കിലും അതു പുറത്തുവന്നിട്ടില്ല.

മൂന്നാമത്തെ യാത്രയിലും പലസ്ഥലങ്ങളുടെ കൂടെ ജാവ, സിലോണ്‍, കൊല്ലം, കൊച്ചി, കോഴിക്കോട് മുതലായവ സന്ദര്‍ശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, സിലോണില്‍ ഗാലി തുറമുഖത്ത് മൂന്നു ഭാഷകളില്‍ (ചൈനീസ്, തമിഴ്, പേര്‍സ്യന്‍) ശിലാരേഖ സ്ഥാപിച്ചുവെന്നു പറയുന്നുണ്ട്. ചെങ്‌ഹോ ബുദ്ധവിഹാരത്തിനു കൊടുത്ത ദാനപ്രമാണമാണത് (15 ഫിബ്രവരി 1409). കഷ്ടിച്ച് ഒരു നൂറ്റാണ്ടുമുമ്പ് (1911) ഒരു ബ്രിട്ടീഷ് എന്‍ജിനിയര്‍ ഒരു മനുഷ്യന്റെ തോളോളം ഉയരവും പന്ത്രണ്ട് സെന്റിമീറ്റര്‍ കനവും ഉള്ള ആ ശിലാഫലകം-അത് ഒരു ഓടയ്ക്കുമേല്‍ ഇട്ടിരുന്നു-കണ്ടെടുത്തു. ബുദ്ധനെയും ശിവനെയും അള്ളാവിനെയും സ്തുതിച്ചുകൊണ്ട് ഓരോരുത്തര്‍ക്കും ആയിരം സ്വര്‍ണനാണയം, അയ്യായിരം വെള്ളി, പട്ട്, കസവ് എന്നിവ തുല്യമായി സമര്‍പ്പിച്ചിരുന്നു. സമ്മാനങ്ങള്‍ ബുദ്ധന്‍ സ്വീകരിച്ചിരിക്കാം. പക്ഷേ, ശിലാരേഖ നശിച്ചില്ല. കൊളംബോ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. കോഴിക്കോട്ടെ സമ്മാനങ്ങള്‍ മാത്രമല്ല ശിലാരേഖയുംകൂടി ബുദ്ധനോ ബുദ്ധിമാന്മാരായ മനുഷ്യരോ സ്വായത്തമാക്കിയിരിക്കാം!MathrubhumiMatrimonial