
ഗീതാദര്‍ശനം - 45
Posted on: 03 Nov 2008
സാംഖ്യയോഗം
അവാച്യവാദാംശ്ച ബഹൂന്‍
വദിഷ്യന്തി തവാഹിതാഃ
നിന്ദന്ത തവ സാമര്‍ഥ്യം
തതോ ദുഃഖതരം നു കിം?
നിനക്ക് അഹിതകരങ്ങളും (നിന്നെപ്പോലെയുള്ള ഒരാളെപ്പറ്റി) ഒരിക്കലും പറയപ്പെടരുതാത്തതുമായ പല അപഖ്യാതികളും (ശത്രുക്കള്‍) പറഞ്ഞുപരത്തും. അതിലേറെ ദുഃഖകാരണമായി വേറെയെന്തുണ്ട്?
ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയില്‍ ക്ഷത്രിയനെക്കുറിച്ചു നിലവിലുള്ള ധാരണകളെ ഇങ്ങനെ ക്രോഡീകരിക്കുന്നു:
ഹതോ വാ പ്രാപ്‌സ്യസി സ്വര്‍ഗം
ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷു കൗന്തേയ
യുദ്ധായ കൃതനിശ്ചയഃ
ഹേ കുന്തീപുത്ര, (ക്ഷത്രിയനായ നീ ഈ യുദ്ധത്തില്‍) അഥവാ കൊല്ലപ്പെടുകയാണെങ്കില്‍ വീരസ്വര്‍ഗം കിട്ടും. ജയിച്ചാലോ സാമ്രാജ്യഭോഗങ്ങള്‍ അനുഭവിക്കാം. അതിനാല്‍ യുദ്ധത്തിനായുള്ള ദൃഢനിശ്ചയത്തോടെ എഴുന്നേല്‍ക്കുക.
രണ്ടായാലും താത്കാലികവും നിസ്സാരവും അതിനാല്‍, പരമപദപ്രാപ്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, അനഭിലഷണീയവുമെന്ന് വഴിയേ സ്ഥാപിക്കപ്പെടുന്നുണ്ട്. അപ്പോള്‍, നാട്ടുനടപ്പുള്ള വിശ്വാസങ്ങളെക്കുറിച്ചു പറയുന്ന ഈ ഭാഗങ്ങള്‍ മഹാകാവ്യത്തിലെ ഐതിഹാസികമായ നര്‍മം എന്നേ വിചാരിക്കാനുള്ളൂ.
(ഈ ശ്ലോകത്തെ അവതരിപ്പിക്കുമ്പോള്‍ കെ.എം. പറയുന്നു: 'സ്വധര്‍മമഭിചാവേക്ഷ്യ... എന്നിങ്ങനെയുള്ള ശ്ലോകങ്ങളെക്കൊണ്ട് ലൗകികന്യായത്തെ പറയുന്നു. ഇത് മുഖ്യമായിട്ടുള്ളതല്ല').
(തുടരും)





