
ഗീതാദര്‍ശനം - 43
Posted on: 01 Nov 2008
സാംഖ്യയോഗം
സ്വധര്‍മമഭി ചാവേക്ഷ്യ
ന വികമ്പിതുമര്‍ഹസി
ധര്‍മാദ്ധി യുദ്ധാനേച്ഛ്രയോശന്യല്‍
ക്ഷത്രിയസ്യ ന വിദ്യതേ
ഇനി, സ്വധര്‍മം വെച്ചു നോക്കിയാലും നീ ചഞ്ചലപ്പെട്ടുകൂടാ. ധര്‍മ്യമായ യുദ്ധത്തെക്കാള്‍ ശ്രേഷ്ഠമായി ക്ഷത്രിയന് മറ്റൊന്നുള്ളതായി അറിവില്ല.
ഈ പറയുന്നത് അക്കാലത്ത് നിലവിലുണ്ടായിരുന്ന നാട്ടുനടപ്പിനെക്കുറിച്ചുള്ള ബോധത്തിന്റെ പ്രതിഫലനമാണ്. അന്ന് ചാതുര്‍വര്‍ണ്യം നിലനിന്നിരുന്നു. അതനുസരിച്ച് ക്ഷത്രിയന്റെ ധര്‍മം യുദ്ധമാണ്. അര്‍ജുനന്‍ ക്ഷത്രിയജാതിയില്‍ ജനിച്ചവനാണ്. (ക്ഷത്രിയകുലത്തില്‍ ജനിച്ചവരെല്ലാം ഒരുപോലെ യുദ്ധപ്രിയന്‍മാരോ യുദ്ധക്ഷമന്മാരോ ആകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഭഗവാന്റെ ചിരിയില്‍-'പ്രഹസന്‍ ഇവ'-ധാരാളമായി ഉണ്ടല്ലോ. ചാതുര്‍വര്‍ണ്യം പിന്നീട് വിശദമായി ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്. ജന്മംകൊണ്ട് ആരും പടയാളി എന്നല്ല ഒന്നുമാവില്ല. ഏത് ക്ഷത്രിയകുലത്തിലും ദുര്‍ബലദേഹികളോ വികലാംഗര്‍ തന്നെയൊ ജനിക്കുന്നതുതന്നെ ജന്മക്ഷത്രിയത്വം എന്ന ആശയം അസാധുവാണ് എന്നതിന് മതിയായ തെളിവാണ്. പക്ഷേ, ഏതു കുലത്തില്‍ പിറന്നവനായാലും ഒരുത്തന്‍ സമൂഹരക്ഷയേ്ക്കാ രാജ്യരക്ഷയേ്ക്കാ നീതിന്യായ രക്ഷയേ്ക്കാ വേണ്ടി സ്വമേധയാ പോരാളിയായിക്കഴിഞ്ഞാല്‍, പിന്നെ അവന്റെ സ്വധര്‍മം തന്റെ ഉദ്ദേശ്യനിര്‍വഹണമാണ്. അതിനുള്ള അവസരമായ യുദ്ധത്തിനു തുല്യം ശ്രേയസ്‌കരമായ മറ്റൊന്നും അവന് ലഭിക്കാനില്ല).
തത്ത്വജ്ഞാനപരമായ അര്‍ഥം: ശരീരക്ഷേത്രത്തിന്റെ പാലകനായ ക്ഷത്രിയന്‍കൂടിയാണ് മനോബുദ്ധ്യഹങ്കാരങ്ങളുടെ ഉത്പന്നമായ 'ഞാന്‍'. അതിനാല്‍ ഈ ക്ഷേത്രത്തെ ബാധിച്ച ദുര്‍വാസനകളോടുള്ള പോരുപോലെ ശ്രേയസ്‌കരമായി മറ്റൊന്നും 'എനിക്കി'ല്ല.
പ്രോത്സാഹനാര്‍ഥം കുറച്ചുകൂടി വിസ്തരിക്കുന്നു.
യദൃച്ഛയാ ചോപപന്നം
സ്വര്‍ഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാ പാര്‍ഥ
ലഭന്തേ യുദ്ധമീദൃശം
വീണുകിട്ടിയ ഭാഗ്യംപോലെയുള്ളതും തുറന്നിരിക്കുന്ന സ്വര്‍ഗവാതിലുമായ ഇത്തരമൊരു യുദ്ധം തരപ്പെടുന്ന ക്ഷത്രിയന്‍ സുഖിമാന്‍തന്നെ!
നാട്ടുനടപ്പുള്ള സ്വര്‍ഗസങ്കല്പത്തെ ഭഗവാന്‍ സൂചിപ്പിക്കുന്നതും ചുണ്ടറ്റത്തൊരു ചിരിയോടെ എന്നു കരുതാം. (സ്വര്‍ഗത്തെക്കുറിച്ചുള്ള ഭഗവാന്റെ യഥാര്‍ഥപക്ഷം വഴിയേ വരുന്നുണ്ട്. ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമായിരിക്കേണ്ടത് സ്വര്‍ഗപ്രാപ്തിയല്ല എന്നതാണ് ആ പക്ഷം).
(തുടരും)





