githadharsanam

ഗീതാദര്‍ശനം - 42

Posted on: 31 Oct 2008

സി. രാധാകൃഷ്ണന്‍



സാംഖ്യയോഗം



ആശ്ചര്യവല്‍ പശ്യതി കശ്ചിദേനം
ആശ്ചര്യവദ്വദതി തഥൈവചാന്യഃ
ആശ്ചര്യവച്ചൈനമന്യ ശൃണോതി
ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചില്‍

ഒരുവന്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുപോലെ കാണുന്നു. അപ്രകാരംതന്നെ മറ്റൊരുവന്‍ ഇതിനെ ആശ്ചര്യവസ്തുവായി പറയുന്നു. വേറൊരുവന്‍ ഇതിനെ ആശ്ചര്യവസ്തുപോലെ കേള്‍ക്കുന്നു. കേട്ടാലും (കണ്ടാലും പറഞ്ഞാലും) ആരും (ആത്മാവിനെ) അറിയുന്നില്ല.
അവ്യക്തമാധ്യമമായും അതിലെ ഊര്‍ജമായും ഒരേ സമയം ഇരിക്കുന്ന പരമാത്മാവിനെ ഇതു രണ്ടിന്റെയും ഉത്പന്നങ്ങളായ ഇന്ദ്രിയങ്ങള്‍കൊണ്ട് അളക്കാനോ നിരീക്ഷിക്കാനോ പരീക്ഷിക്കാനോ കഴിയില്ലെന്ന് നേരത്തേ പറഞ്ഞു. അറിയാനുള്ള വഴികള്‍ ആകെ മൊത്തം ഇത്രയുമേ ഉള്ളൂ എന്നു കരുതുന്നവര്‍ പിന്നെ എന്തു ചെയ്യും? ഇതെന്തൊരദ്ഭുതം എന്നു വിചാരിക്കും. അല്ലെങ്കില്‍ (അവിശ്വസനീയമായ) അദ്ഭുതം എന്ന നിലയില്‍ അതേപ്പറ്റി പറയുകയും കേള്‍ക്കുകയും ചെയ്യും. ഇങ്ങനെയൊക്കെ കൈകാര്യം ചെയ്യുന്നവരാരും ഇതിനെ അറിയുന്നില്ല. അളന്നും നിരീക്ഷിച്ചും പരീക്ഷിച്ചും കാര്യങ്ങളറിയുന്ന സയന്‍സിന്റെ ഇന്നത്തെ രീതിശാസ്ത്രത്തിന് വഴങ്ങുന്നതല്ല ഇക്കാര്യം എന്നുതന്നെ സാരം. കാഴ്ചപ്പാടിന്റെ ചട്ടക്കൂടില്‍ മാറ്റം വരുത്താതെ സയന്‍സിന് ആത്മാവിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

ദേഹീ നിത്യമവദ്ധ്യോശയം
ദേഹേ സര്‍വസ്യ ഭാരത
തസ്മാല്‍ സര്‍വാണി ഭൂതാനി
ന ത്വം ശോചിതുമര്‍ഹസി

അര്‍ജുനാ, എല്ലാറ്റിന്റെയും ദേഹത്തിലുള്ള ദേഹി (ജീവാത്മാവ്) നിത്യവും കൊല്ലാനാവാത്തതുമാണ്. അതിനാല്‍ നീ സര്‍വചരാചരങ്ങളില്‍ ഒന്നിനെക്കുറിച്ചും വ്യസനിക്കേണ്ടതില്ല.
അക്ഷരബ്രഹ്മത്തില്‍ 'രൂപനിര്‍മാണക്ഷേത്രങ്ങ'ളായി നിലനില്‍ക്കുന്ന ജീവാത്മാക്കളെ ആര്‍ക്കുമൊന്നിനും നശിപ്പിക്കാനോ രൂപാന്തരപ്പെടുത്താനോ കഴിയില്ല എന്ന് പറഞ്ഞതിന്റെ തുടര്‍ച്ച. അതിനാല്‍, സൃഷ്ടികളില്‍ ഒന്നിനെക്കുറിച്ചും
ദുഃഖിക്കേണ്ടതില്ല.
'ജീവന്‍ ഉള്ളതിനെയോ ജീവന്‍ പോയതിനെയോ കുറിച്ച് നീ വ്യസനിക്കേണ്ടതില്ല' എന്ന് തുടക്കത്തിലേ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് വിശദമാക്കുകയാണിവിടെ. 'നീ തന്നെ ജീവനോടെ ഇരിക്കുന്നോ അതോ മരിച്ചുപോകുന്നോ എന്നതിലും സങ്കടത്തിനോ സന്തോഷത്തിനോ കാര്യമില്ലെന്നുകൂടി ഇതിനാല്‍ വ്യക്തമാക്കപ്പെടുന്നു.

(തുടരും)



MathrubhumiMatrimonial