githadharsanam

ഗീതാദര്‍ശനം - 41

Posted on: 30 Oct 2008


സാംഖ്യയോഗം


അഥ ചൈനം നിത്യജാതം
നിത്യം വാ മന്യസേ മൃതം
തഥാപി ത്വം മഹാബാഹോ
നൈവം ശോചിതുമര്‍ഹസി

അഥവാ, ഈ ആത്മാവിനെ എപ്പോഴും ജനിക്കുന്നവനായും എപ്പോഴും മരിക്കുന്നവനായും നീ വിചാരിക്കുന്നെന്നിരിക്കട്ടെ. അപ്പോഴും മഹാബാഹുവായ അര്‍ജുനാ, നീ ഇപ്രകാരം വ്യസനിക്കാന്‍ പാടില്ല. കാരണം,

ജാതസ്യ ഹി ധ്രുവോ മൃത്യുര്‍-
ധ്രുവം ജന്‍മ മൃതസ്യ ച
തസ്മാദപരിഹാര്യേശര്‍ഥേ
നത്വം ശോചിതുമര്‍ഹസി

ജനിച്ചതിനൊക്കെ മരണവും മരിച്ചതിനൊക്കെ ജനനവും സുനിശ്ചിതമാണ് എങ്കില്‍, (ജനന മരണങ്ങള്‍ എന്ന) അപരിഹാര്യങ്ങളായ കാര്യങ്ങളുടെ പേരില്‍ അപ്പോഴും നീ ദുഃഖിക്കാന്‍ പാടില്ലാത്തതാണ്.

അവ്യക്താദീനി ഭൂതാനി
വ്യക്തമധ്യാനി ഭാരത
അവ്യക്ത നിധനാന്യേവ
തത്ര കാ പരിദേവനാ?

അര്‍ജുനാ, സകല ചരാചരങ്ങളും അവ്യക്തത്തില്‍നിന്നുണ്ടായി ഇടക്കാലത്തു മാത്രം വ്യക്തതയാര്‍ജിച്ച് മരണാനന്തരം അവ്യക്തംതന്നെ ആയിത്തീരുന്നു. അതില്‍ (ആ പരിണതിയോര്‍ത്ത്) ദുഃഖിക്കാനെന്തുണ്ട്?
സര്‍വവ്യാപിയായ പ്രകൃതി എന്ന അവ്യക്തസത്തയാണ് (അക്ഷരബ്രഹ്മം) ദൃശ്യപ്രപഞ്ചത്തിന്റെ അടിസ്ഥാനം. അതില്‍നിന്നുണ്ടായി അതില്‍ തിരികെ വിലയിക്കുന്ന ചരാചരങ്ങളുടെ ആകെത്തുകയാണ് പ്രത്യക്ഷവിശ്വം. ഈ വിശ്വം നിത്യവും മാറിക്കൊണ്ടിരിക്കുന്നതാണ്. ഇതില്‍ അന്നന്ന് കാണപ്പെടുന്നത് അന്നന്നത്തെ യാഥാര്‍ഥ്യം. നിത്യമായ യാഥാര്‍ഥ്യം അക്ഷരബ്രഹ്മവും അതില്‍ പ്രവര്‍ത്തിക്കുന്ന അടിസ്ഥാന ശക്തിയും മാത്രം. ആ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ബോധത്തിന്റെ വെളിച്ചത്തില്‍ ഇക്കാണപ്പെടുന്ന മാറിക്കൊണ്ടിരിക്കുന്ന വിശ്വം സ്വപ്നസമാനമാണ്. സയന്‍സിന് പക്ഷേ, ഈ കാഴ്ച മാത്രമാണ് യാഥാര്‍ഥ്യം. അതിനപ്പുറത്തുള്ള യാഥാര്‍ഥ്യത്തെ സംബന്ധിച്ച അവബോധം സയന്‍സില്‍ ഇനിയും ആവിഷ്‌കൃതമാകേണ്ടിയിരിക്കുന്നു.
എന്നാലോ, സ്വാഭാവികമാണ് ഈ അജ്ഞാനം എന്ന് ഭഗവാന്റെ ചിരി നീളുന്നു.


(തുടരും)



MathrubhumiMatrimonial