
ഗീതാദര്‍ശനം - 40
Posted on: 29 Oct 2008
സാംഖ്യയോഗം
അവ്യക്തോശയമചിന്ത്യോശയം
അവികാര്യോശയമുച്യതേ
തസ്മാദേവം വിദിതൈ്വനം
നാനുശോചിതുമര്‍ഹസി
ആത്മാവ് (ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയാന്‍ പറ്റുംവിധം) വ്യക്തമായ രൂപത്തോടുകൂടിയതല്ല എന്നും (മനോബുദ്ധികള്‍ക്ക്) കാര്യകാരണ വിചാരത്തിലൂടെ കണ്ടെത്താന്‍ കഴിയുന്നതല്ലെന്നും രൂപാന്തരപ്പെടുത്താന്‍ ശ്രമിച്ചുനോക്കി അറിയാവുന്നതല്ലെന്നും ജ്ഞാനികള്‍ പറയുന്നു. അതിനാല്‍, ഇത്രയുമൊക്കെ അറിഞ്ഞിട്ടും ('ഞാന്‍ മരിക്കണമല്ലോ, കൊല്ലണമല്ലോ!' എന്നിങ്ങനെ) ദുഃഖിക്കുന്നത് ശരിയല്ല.
എന്തുകൊണ്ടാണ് മോഡേണ്‍ സയന്‍സിന് അവ്യക്തമാധ്യമമെന്ന പ്രപഞ്ചസത്തയെ കണ്ടുകിട്ടാത്തത് എന്ന് ഈ ശ്ലോകംകൊണ്ട് വെളിപ്പെടുന്നു. ഇന്ദ്രിയഗോചരങ്ങളായ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് സയന്‍സിന്റെ നിരീക്ഷണങ്ങള്‍. പക്ഷേ, അക്ഷരബ്രഹ്മം എന്ന അവ്യക്തസത്ത ഇന്ദ്രിയഗോചരമല്ല. കാരണം എല്ലാ ഇന്ദ്രിയങ്ങളും അതിന്റെ ഉത്പന്നങ്ങളാണ്. അമൂര്‍ത്തമാനങ്ങളെ സയന്‍സ് അറിയുന്നത് കാര്യകാരണവിചാരം വഴി ആണ്. അവ്യക്തമാധ്യമം എന്ന ചിന്താവിഷയം കാര്യകാരണകര്‍ത്തൃത്വങ്ങളുടെ ഹേതുവാണ്. അതിനാല്‍, ആ വഴി പോയാലും അതിനെ കണ്ടെത്താനാവില്ല. സയന്‍സിന്റെ മറ്റൊരു മുറ പരീക്ഷണമാണ്. പരിണമിപ്പിച്ചാലേ പരീക്ഷണം നടക്കൂ. അവ്യക്തമാധ്യമത്തെ ഒരുപാധികൊണ്ടും ഒരുവിധത്തിലും പരിണമിപ്പിക്കാനാവില്ല. എന്തുകൊണ്ടെന്നാല്‍, ഇടപെടലിനുള്ള എല്ലാ ഭൗതികോപാധികളും അതിന്റെ ഉത്പന്നങ്ങളാണ്.
വിരുദ്ധ വികാരങ്ങളുടെ അങ്കമാണല്ലോ ധര്‍മസങ്കടം. അതിന് പരിഹാരം ശരിയായ അറിവാണ്. കാരണം, ആ അറിവ് വികാരങ്ങളെ, അവയുടേതിനേക്കാള്‍ ഉയര്‍ന്ന ഒരു തലത്തില്‍ നിലയുറപ്പിച്ചുകൊണ്ട് മുഴുരൂപത്തില്‍ കാണാന്‍ സഹായിക്കുന്നു. യാഥാര്‍ഥ്യങ്ങളുടെ മുന്‍ഗണനാക്രമം തെറ്റാതെ സൂക്ഷിക്കാന്‍ ഈ കാഴ്ച ഉതകുന്നു. ഇങ്ങനെ കാണുന്നവര്‍ക്ക്-അദൈ്വതദര്‍ശികള്‍ക്ക്-ഈ മഹാവിശ്വത്തില്‍ ദുഃഖത്തിന് വിഷയമായി യാതൊന്നും ഇല്ല.
(തുടരും)





