githadharsanam

ഗീതാദര്‍ശനം - 39

Posted on: 27 Oct 2008

സി. രാധാകൃഷ്ണന്‍



സാംഖ്യയോഗം


നൈനം ഛിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുതഃ

ആയുധങ്ങള്‍ ഇതിനെ ഛേദിക്കുന്നില്ല. അഗ്‌നനി ഇതിനെ ദഹിപ്പിക്കുന്നില്ല. ജലം ഇതിനെ കുതിര്‍ക്കില്ല. വായു ഇതിനെ ശോഷിപ്പിക്കയും ഇല്ല.
അവ്യക്ത മാധ്യമമെന്ന അക്ഷരബ്രഹ്മത്തില്‍നിന്നുണ്ടാകുന്നവയാണല്ലോ പഞ്ചഭൂതങ്ങള്‍. അതിനാല്‍ അവയോ അവയാല്‍ നിര്‍മിച്ച ആയുധങ്ങളോ അവ്യക്തമാധ്യമത്തെയോ അതില്‍ നിലനില്‍ക്കുന്ന രൂപനിമാണക്ഷേത്രമായ ജീവനെയോ ഒരു തരത്തിലും ബാധിക്കാന്‍ പോന്നവയല്ല.

അച്ഛേദ്യോശയമദാഹ്യോശയം
അക്ലേദ്യോശശോഷ്യ ഏവ ച
നിത്യഃ സര്‍വഗതഃ സ്ഥാണുഃ
അചലോശയം സനാതനഃ

ഇതിനെ മുറിക്കാനോ ദഹിപ്പിക്കാനോ നനയ്ക്കാനോ ശോഷിപ്പിക്കാനോ കഴിയില്ല. ഇത് നാശരഹിതവും സര്‍വവ്യാപിയും സ്ഥിരവും ആദ്യന്തമില്ലാത്തതും ആകുന്നു.
(ഇപ്പറയുന്നത് എന്തിനെപ്പറ്റിയാണെന്ന് സയന്‍സിന് പിടിയില്ല. കാരണം, മാറ്ററിനും സ്‌പേസിനും അപ്പുറത്തേക്കു പോകാന്‍ സയന്‍സിന് കഴിഞ്ഞിട്ടില്ല. സ്‌പേസ് ശൂന്യമാണ് എന്ന ധാരണയ്ക്ക് കുറച്ചൊരു മാറ്റം ഈ അടുത്ത കാലത്ത് വന്നിട്ടുണ്ടെന്നാലും മാറ്ററിന്റെയും സ്‌പേസിന്റെയും അമ്മയും സര്‍വവ്യാപിയുമായ ഒരു മാധ്യമത്തെ-അക്ഷരബ്രഹ്മത്തെ-വിഭാവനം ചെയ്യാന്‍ സയന്‍സിന് കഴിഞ്ഞിട്ടില്ല. അതു സാധിക്കുവോളം ഗീതയുടെ അടിസ്ഥാനാശയം സയന്‍സിന് നിരക്കാതെ നില്‍ക്കും. ഭൗതികത്തില്‍ ഇന്നും മാറ്ററേ ഉള്ളൂ. എനര്‍ജിയും അതുതന്നെ എന്നു വന്ന സ്ഥിതിക്ക് നത്തിങ് എല്‍സ് മാറ്റേഴ്‌സ് എന്നാണ് അരക്കിട്ടുറച്ച വിചാരം. മാറ്ററിനും എനര്‍ജിക്കും സ്‌പേസിനും ഒരുപോലെ അമ്മയായ, സര്‍വവ്യാപിയുമായ അവ്യക്ത പ്രകൃതിയെയും അതില്‍ അനുരണനബീജാവാപം ചെയ്യുന്ന ആത്യന്തിക ശക്തിയെയും വിഭാവനം ചെയ്യാന്‍ കഴിയുവോളം ഭൗതികത്തില്‍ ഈ 'അനാഥത്വം' തുടരുമെന്നുതന്നെ കരുതാം).

(തുടരും)




MathrubhumiMatrimonial