കോഴിക്കോട്ടെത്തിയ ഇബ്‌നുബതൂത

Posted on: 27 Oct 2008

ഡോ. എം.ജി.എസ്. നാരായണന്‍



തുറമുഖം സ്ഥാപിച്ച് രണ്ടു നൂറ്റാണ്ടിനുള്ളില്‍ കോഴിക്കോട് ഒരു അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായി വളര്‍ന്നു. ക്രിസ്തു പതിന്നാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇവിടം സന്ദര്‍ശിച്ച ഒരാഫ്രിക്കന്‍ സഞ്ചാരിയുടെ രസകരമായ കുറിപ്പുകള്‍ നമുക്ക് ലഭിക്കുന്നുണ്ട്.

എ.ഡി. 1304-ല്‍ ആണ് മൊറോക്കോവില്‍ ഇബ്‌നുബതൂത ജനിച്ചത്. അദ്ദേഹം വെറുമൊരു സഞ്ചാരിയല്ല. അന്നത്തെ ആഫ്രിക്കയിലും ഏഷ്യയിലും പരന്നുകിടന്ന ഇസ്‌ലാമികലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഒരന്വേഷകന്റെ മനസ്സോടെ സഞ്ചരിക്കുകയും രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും കൂട്ടുകാരനായി ജീവിക്കുകയും പലതവണ പല രാജ്യങ്ങളില്‍നിന്നും വിവാഹം കഴിക്കുകയും പ്രകൃതിക്ഷോഭങ്ങളില്‍ എല്ലാ സ്വത്തുക്കളും ബന്ധുക്കളും നഷ്ടപ്പെടുകയും ഒടുവില്‍ ജന്മനാട്ടില്‍ തിരിച്ചെത്തി ഒരു നഗരത്തിലെ ഖാസിയായി ഉദ്യോഗം ഭരിച്ച് 1368-ലോ 1369-ലോ മരിക്കുകയും ചെയ്തു. മഹാപണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളിലൂടെ തുടിക്കുന്ന ഒരു ഹൃദയത്തിന്റെ കഥ വായിക്കാം. തന്റെ സ്വഭാവത്തിലെ നേട്ടങ്ങളും കോട്ടങ്ങളും അദ്ദേഹം തുറന്നെഴുതുന്നുണ്ട്. ഒരേ സമയം പാപിയും പുണ്യവാളനുമായി ജീവിച്ച ഇബ്‌നുബതൂതയോട് തുല്യനായ മറ്റൊരു വിചിത്ര കഥാപാത്രം മധ്യകാല ഇസ്‌ലാമിന്റെ ചരിത്രത്തിലില്ല.

പ്രസിദ്ധനായ മുഹമ്മദ്ബിന്‍ തുഗ്ലക്കിന്റെ കാലത്ത് ഡല്‍ഹി സുല്‍ത്താനേറ്റിന്റെ തലസ്ഥാനനഗരിയില്‍ ഒരു ഖാസിയായി കുറച്ചുകാലം വസിച്ചു. ചെല്ലുന്നിടത്തെല്ലാം മതപണ്ഡിതന്മാരുമായി ബന്ധപ്പെട്ട് ആവക കാര്യങ്ങള്‍ കൂടുതല്‍ വര്‍ണിക്കുന്ന ഒരു വിഡ്ഢിയായി ചില പാശ്ചാത്യചരിത്രകാരന്മാര്‍ ഇബ്‌നുബതൂതയെ ചിത്രീകരിച്ചിട്ടുണ്ട്. തുഗ്ലക്കിന്റെ നാടകീയമായ പരാക്രമങ്ങളെക്കുറിച്ചുള്ള ചിത്രം ഇദ്ദേഹമാണ് ലോകസാഹിത്യത്തില്‍ പ്രതിഷ്ഠിച്ചത്. ഈജിപ്തിലും തുര്‍ക്കിയിലും മക്കയിലും പേര്‍ഷ്യയിലും സഞ്ചരിച്ച ഈ തീര്‍ഥാടകന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ മുഹമ്മദ് ബിന്‍ തുഗ്ലക് അദ്ദേഹത്തെ ഔദാര്യപൂര്‍വം സ്വീകരിച്ച്, ഒരു ഖാസിയായി നിശ്ചയിച്ചു. ഏഴു കൊല്ലത്തോളം അവിടെ ജീവിച്ച്, സുല്‍ത്താന്റെ പല യാത്രകളിലും അനുഗമിച്ച്, ഉത്തരേന്ത്യയുടെ അന്നത്തെ അവസ്ഥയെക്കുറിച്ച് ബതൂത വിസ്തരിച്ചെഴുതിയിട്ടുണ്ട്.

ഒടുവില്‍ സുല്‍ത്താനുമായി പിണങ്ങി ഉദ്യോഗമെല്ലാം ഉപേക്ഷിച്ച് സന്ന്യസിച്ചെങ്കിലും ചൈനയിലേക്ക് ഒരു ദൂതനെ അയയ്ക്കാന്‍ ആലോചിച്ചപ്പോള്‍ ഇബ്‌നുബതൂതയെ ആണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഒരു വലിയ സംഘത്തലവനായി 1342-ല്‍ ഇബ്‌നുബതൂത ദക്ഷിണേന്ത്യയിലെത്തി. കോഴിക്കോട്ടുനിന്നാണ് ചൈനയിലേക്ക് കപ്പല്‍ കയറേണ്ടിയിരുന്നത്. എന്നാല്‍ കോഴിക്കോട്ട് പല കുഴപ്പങ്ങളിലും ചെന്നുചാടി. താന്‍ പ്രാര്‍ഥനയ്ക്കുപയോഗിക്കുന്ന പായ ഒഴിച്ച് എല്ലാം നഷ്ടപ്പെട്ട് ചില മാസങ്ങള്‍ കേരളത്തില്‍ തലങ്ങും വിലങ്ങും ഓടിക്കഴിയേണ്ടിവന്നു. പിന്നീട് മാലദ്വീപിലെത്തി അവിടെയും ഖാസിയായി ജോലി നോക്കി; ചില വിവാഹങ്ങള്‍ നടത്തി. അവിടെനിന്ന് രക്ഷപ്പെട്ട് ശ്രീലങ്കയില്‍ 'ആദാമിന്റെ പാദം' എന്നറിയപ്പെടുന്ന തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ചു. സുമാത്രയിലൂടെ ചൈനയിലെത്തി. ഡല്‍ഹി സുല്‍ത്താന്റെ അംബാസഡറായി കുറച്ചുകാലം വാണ് കോഴിക്കോട്ട് തിരിച്ചെത്തി. ഡല്‍ഹിയില്‍ പോകാതെ സ്വന്തം നാട്ടിലേക്ക് മടങ്ങി. എല്ലാ മുസ്‌ലിം രാജ്യങ്ങളും കണ്ടയാള്‍ എന്ന ബഹുമതി ഇബ്‌നുബതൂതയ്ക്കുള്ളതാണ്. അദ്ദേഹം എഴുതിവെച്ചതില്‍ പലതും കള്ളക്കഥകളാണ് എന്ന് ആരോപണമുണ്ട്. അതിശയോക്തികള്‍ ഉണ്ടെങ്കിലും വളരെയേറെ യഥാര്‍ഥ വസ്തുതകള്‍ അതില്‍ കാണാം. ചിലപ്പോള്‍ സ്ഥലപ്പേരുകളും സംഭവങ്ങളും കൂടിക്കുഴഞ്ഞിട്ടുണ്ട്; പലപ്പോഴും കേട്ടുകേള്‍വികള്‍ വിശ്വസിച്ച് രേഖപ്പെടുത്തിയിട്ടുമുണ്ട്. അറബി ഭാഷയില്‍ എഴുതിയ കുറിപ്പുകള്‍ ഹെന്റി യൂളിന്റെ വിശദീകരണങ്ങളോടെ ഇംഗ്ലീഷിലെത്തി. അതിന്റെ പല ഭാഗങ്ങളും വേലായുധന്‍ പണിക്കശ്ശേരി പുസ്തകരൂപത്തില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. അന്നത്തെ മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും സമൂഹജീവിതത്തിന്റെ സജീവചിത്രമാണ് ഇബ്‌നുബതൂതയുടെ കൃതിയിലൂടെ നമുക്ക് ലഭിക്കുന്നത്. ഇസ്‌ലാമിന്റെ വലിയ ആരാധകനാണെങ്കിലും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും 'അവിശ്വാസികള്‍' എന്നാണ് പറയുന്നതെങ്കിലും അവരോട് യാതൊരു ശത്രുതയും വിശ്വാസക്കുറവും ഈ സഞ്ചാരി പ്രദര്‍ശിപ്പിക്കുന്നില്ല. ബതൂതയുടെ നിരീക്ഷണങ്ങള്‍ ഉയര്‍ന്ന തോതിലുള്ള കഴിവുകളെ ഉദാഹരിക്കുന്നു.

ഗോവയില്‍ നിന്ന് മംഗലാപുരം വഴി ധര്‍മപട്ടണം, പുതുപ്പട്ടണം എന്നീ സ്ഥലങ്ങളിലൂടെ ഇബ്‌നുബതൂത കോഴിക്കോട്ടെത്തി. ഉദ്യാനങ്ങളും അങ്ങാടികളും ഉള്ള ഒരു പട്ടണമായിട്ടാണ് പന്തലായിനിയെ പരാമര്‍ശിക്കുന്നത്. അവിടെ മുസ്‌ലിംകളും പള്ളികളും ധാരാളമുണ്ടെന്നും ചൈനക്കപ്പലുകള്‍ മഴക്കാലം കഴിക്കാന്‍ അവിടെയാണ് ചെന്നുകൂടുന്നതെന്നും രേഖപ്പെടുത്തുന്നു. മലബാറിലെ പ്രധാനപ്പെട്ട ഒരു തുറമുഖമായും ലോകത്തിലെതന്നെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായും കോഴിക്കോടിനെക്കുറിച്ച് പറയുന്നു.

'സാമിരി' എന്ന് അറിയപ്പെടുന്ന കോഴിക്കോട്ടെ 'സുല്‍ത്താന്‍' ഒരു അവിശ്വാസിയാണ്. ഗ്രീക്കുകാരെപ്പോലെ വൃത്തിയായി താടിവടിക്കുന്ന ഒരു വൃദ്ധരാജാവിനെയാണ് ഈ സഞ്ചാരി കണ്ടത്. മിസ്‌കാല്‍ എന്നു പേരായ ധനികനായ കപ്പല്‍ ഉടമസ്ഥനെയും കണ്ടു. ഇന്ത്യ, ചൈന, യെമന്‍, പേര്‍സ്യ എന്നിവിടങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പണികഴിപ്പിച്ച മിസ്‌കാല്‍ പള്ളി കുറ്റിച്ചിറയില്‍ ഇന്നും കാണാം.

നഗരത്തിലെത്തിയപ്പോള്‍ പ്രമാണിമാരും 'സുല്‍ത്താ'ന്റെ പ്രതിനിധിയും ഇബ്‌നു ബതൂതയെ രാജകീയമായി സ്വീകരിച്ചു. ചെണ്ടയും കുഴലുകളും മറ്റു പല വാദ്യങ്ങളുമുണ്ടായിരുന്നു. ഇന്നത്തപ്പോലെ ഒരു ടൂറിസം വകുപ്പ് അന്നും കേരളത്തില്‍ ഉണ്ടായിരിക്കണം! പതിമ്മൂന്ന് ചൈനക്കപ്പലുകള്‍ അപ്പോള്‍ കോഴിക്കോട്ട് നങ്കൂരമടിച്ചു കിടന്നിരുന്നു. ലോകത്തില്‍ മറ്റെങ്ങും ഇത്ര ആഡംബരപൂര്‍ണമായ സ്വീകരണം കണ്ടിട്ടില്ലെന്നാണ് ബതൂത രേഖപ്പെടുത്തുന്നത്. ചൈനയ്ക്ക് പോകുന്ന കപ്പല്‍ കാത്ത് 'അവിശ്വാസി' ആയ രാജാവിന്റെ അതിഥിയായി തുഗ്ലക്കിന്റെ ദൂതന് മൂന്നുമാസം കോഴിക്കോട്ട് കഴിയേണ്ടിവന്നു. നല്ല വീടുകളിലാണത്രെ അദ്ദേഹവും അകമ്പടിക്കാരും താമസിച്ചത്.

വലിയതരം 'ചങ്കു'കള്‍, ഇടത്തരം 'സൌ'കള്‍, ചെറുതരം 'കാക'ങ്ങള്‍-അങ്ങനെ മൂന്നു വിധത്തിലുള്ള ചൈനക്കപ്പലുകളാണ് ഇബ്‌നുബതൂത ഇവിടെ കണ്ടത്.

പന്ത്രണ്ടോളം പായ്മരങ്ങള്‍, വലിയ കപ്പലില്‍ കാണാമായിരുന്നു, അവ കാറ്റിന് അനുസരിച്ച് ഓരോ ദിശയിലും ചലിപ്പിക്കുന്നു. ആയിരത്തോളം ആളുകള്‍ (അറുനൂറ് നാവികന്മാര്‍, നാനൂറ് പടയാളികള്‍) ഒരു കപ്പലില്‍ കാണും. ഓരോ വലിയ കപ്പലിനെയും മൂന്നു ചെറുകപ്പലുകള്‍ അകമ്പടി സേവിക്കുന്നു. ഇവയെല്ലാം ചൈനയില്‍ ഉണ്ടാക്കിയതാണ്. നാലു ഡെക്കുകളും അവയോട് തൊട്ട് ധാരാളം കാബിനുകളും ഒറ്റ മുറികളും ഉണ്ട്. പൂട്ടാവുന്ന മുറികളില്‍ ഇരിപ്പിടങ്ങളും കക്കൂസുകളും ഉണ്ട്. കുടുംബങ്ങളും കുട്ടികളും താമസിക്കുന്നു.

സമയമായപ്പോള്‍ സാമിരിയുടെ ഉദ്യോഗസ്ഥന്മാര്‍ പതിമ്മൂന്ന് ചൊങ്കുകളില്‍ ഒന്നില്‍ ഇബ്‌നുബതൂതയ്ക്കും സംഘത്തിനും യാത്ര ചെയ്യാന്‍ ഏര്‍പ്പാട് ചെയ്തു. സഫാദിലെ സുലൈമാന്‍ ആണ് അതിന്റെ ഉടമസ്ഥന്‍. ബതൂത തനിക്കും തന്റെ അടിമപ്പെണ്ണുങ്ങള്‍ക്കും താമസിക്കുവാന്‍ ഒരു കാബിന്‍ മുഴുവന്‍ ആവശ്യപ്പെട്ടു. അതെല്ലാം മടക്കയാത്രയ്ക്ക് ടിക്കറ്റെടുത്ത ചൈന വ്യാപാരികള്‍ നേരത്തേ ബുക്ക് ചെയ്തു പോയെന്നും കക്കൂസില്ലാത്ത ഒന്നു മാത്രം ഒഴിവുണ്ടെന്നുമാണ് മറുപടി കിട്ടിയത്. പിന്നീട് മാറ്റിക്കൊടുക്കാം എന്നു പറഞ്ഞതനുസരിച്ച് അകമ്പടിക്കാരും സാമാനങ്ങളും അടിമപ്പെണ്ണുങ്ങളും എല്ലാം അതില്‍ കയറ്റി. അന്ന് ഒരു വ്യാഴാഴ്ചയായിരുന്നു. ബതൂത മാത്രം വെള്ളിയാഴ്ചത്തെ പ്രാര്‍ഥന കഴിഞ്ഞ് കയറാം എന്നുവെച്ച് കരയ്ക്കുതന്നെ കഴിഞ്ഞു. പിറ്റേന്ന് രാവിലെ തനിക്ക് ലഭിച്ച കാബിന്‍ ചെറുതാണെന്ന് കണ്ട് കുറെ സാമാനങ്ങള്‍ ചെറിയ ഒരു കാകത്തിലേക്ക് മാറ്റി. ചൊങ്കുകള്‍ എല്ലാം തുറമുഖം വിട്ടു. അന്നുരാത്രി വലിയ കാറ്റും കോളും ഉണ്ടായതിനാല്‍ ആ കാകം കരയ്ക്കടിച്ചു തകര്‍ന്ന് ആളുകളും സാമാനങ്ങളും നശിച്ചു. പിറ്റേന്ന് രാവിലെ മരിച്ചവരെയെല്ലാം മറവ് ചെയ്തു. ഒരു വലിയ വെള്ള മുണ്ടും ചെറിയ തലേക്കെട്ടുമായി, പാദരക്ഷ പോലും ഇല്ലാതെ, കോഴിക്കോട്ടെ 'സുല്‍ത്താന്‍' തന്നെ, കടപ്പുറത്ത് ചെന്നു. ഒരു സേവകന്‍ മാത്രം അദ്ദേഹത്തിന് കുടപിടിച്ചുകൊടുത്തിരുന്നു. കരയ്ക്കടിഞ്ഞ സാമാനങ്ങള്‍ കൊള്ള ചെയ്യാന്‍ ശ്രമിച്ചവരെ അദ്ദേഹത്തിന്റെ പടയാളികള്‍ അടിച്ചുമാറ്റിക്കൊണ്ടിരുന്നു. ഈ നഗരമൊഴിച്ചു മലബാറില്‍ എല്ലായിടത്തും ഒരു കപ്പല്‍ തകര്‍ന്നാല്‍ അതിലെ സാമാനങ്ങള്‍ രാജാവ് സ്വന്തമാക്കുന്നു. കോഴിക്കോട്ട് മാത്രം അവ രാജാവ് ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുന്നു. ഇക്കാരണത്താല്‍ ഈനഗരം ഐശ്വര്യപൂര്‍ണമായി; ഒരുപാട് വ്യാപാരികള്‍ ഇവിടെ വന്നുകൂടി.

ഇബ്‌നുബതൂതയുടെ വിലപ്പെട്ട സാമാനങ്ങളും പ്രിയപ്പെട്ട അടിമപ്പെണ്ണുങ്ങളും ചൈനയ്ക്കുള്ള സമ്മാനങ്ങളും എല്ലാം ആദ്യത്തെ ചൊങ്കില്‍ത്തന്നെ ആയിരുന്നു. ആ ചൊങ്ക് തലേന്നു തന്നെ പുറംകടലില്‍ എത്തിക്കഴിഞ്ഞല്ലോ. ബാക്കി ചെറിയ കാകത്തിലേക്ക് മാറ്റിയതെല്ലാം അടിമകളടക്കം, നശിച്ചുപോകുകയും ചെയ്തു. പ്രാര്‍ഥനയ്ക്ക് വിരിക്കാനുള്ള പായ മാത്രം ബാക്കിയായി. കടലില്‍നിന്ന് രക്ഷപ്പെട്ട ഒരേയൊരു അടിമയും ഓടി രക്ഷപ്പെട്ടു! ഇബ്‌നുബതൂത ഒറ്റപ്പെട്ടു. ആകെ പത്തു ദീനാറം നാണ്യങ്ങള്‍ മാത്രം കൈയില്‍ ഉണ്ടായിരുന്നു.

തന്റെ സാമാനങ്ങളും ആളുകളും അടങ്ങിയ ചൊങ്ക് ചില നാളുകള്‍ക്കകം കൊല്ലം തുറമുഖത്ത് അടുക്കുമെന്നാണ് അന്വേഷിച്ചപ്പോള്‍ അറിവായത്. കരവഴി അങ്ങോട്ട് പോയെങ്കിലും ചൊങ്ക് അവിടെ കണ്ടു പിടിക്കാനായില്ല. കോഴിക്കോട്ടേക്ക് തിരിച്ചുവന്ന് അവിടെയും മറ്റു സ്ഥലങ്ങളിലുമായി താമസിച്ചു. മാസങ്ങള്‍ക്കു ശേഷം തന്റെ കൂടെ മുമ്പുണ്ടായിരുന്ന രണ്ട് അടിമകളെ കോഴിക്കോട്ട് അങ്ങാടിയില്‍ വെച്ച് കണ്ടു. തന്റെ പ്രിയപ്പെട്ട അടിമപ്പെണ്ണുങ്ങളെ സുമാത്രയിലെ രാജാവ് കൈക്കലാക്കിയെന്നും വിലപ്പെട്ട സാമാനങ്ങള്‍ പലരുടെയും കൈയില്‍പ്പെട്ട് നഷ്ടപ്പെട്ടുവെന്നും കൂടെയുണ്ടായിരുന്നവര്‍ ബംഗാളിലും സുമാത്രയിലും ചൈനയിലും ആയി ചിന്നിച്ചിതറിപ്പോയെന്നും ആണ് അവരില്‍ നിന്ന് കേട്ടത്. അഞ്ചുമാസത്തെ അലച്ചിലിന് ശേഷം അദ്ദേഹം ഹൊനാവര്‍ (വടക്കന്‍ പാട്ടുകളിലെ പൊന്നാപുരം) തുറമുഖത്തേക്ക്, അവിടത്തെ സുല്‍ത്താന്റെ അടുത്തേക്ക്, മടങ്ങിച്ചെന്നു. ഇന്‍ഷുറന്‍സും ടെലിഫോണും അന്താരാഷ്ട്ര നിയമങ്ങളും ഇല്ലാതിരുന്ന കാലത്ത് രാജ്യാന്തര സഞ്ചാരങ്ങള്‍ ഇങ്ങനെയെല്ലാം ആയിരുന്നു. എങ്കിലും കോഴിക്കോട് ഒരല്പം വ്യത്യസ്തമായിരുന്നല്ലോ!




MathrubhumiMatrimonial