githadharsanam

ഗീതാദര്‍ശനം - 34

Posted on: 22 Oct 2008


സാംഖ്യയോഗം


ആശയം വ്യക്തമാക്കാന്‍ 'അസത്' എന്തെന്നുകൂടി പറയുന്നു-
അന്തവന്ത ഇമേ ദേഹാ
നിത്യസ്യോക്താഃ ശരീരിണഃ
അനാശിനോശപ്രമേയസ്യ
തസ്മാദ്യുദ്ധ്യസ്വ ഭാരത
അല്ലയോ അര്‍ജുന, നിത്യവും നാശരഹിതവും (പ്രത്യക്ഷാദി പ്രമാണങ്ങളെക്കൊണ്ട്) അറിയാന്‍ കഴിയാത്തതുമായ ആത്മാവ് ധരിച്ചിരിക്കുന്ന ഈ ദേഹങ്ങള്‍ നാശമുള്ളവയാണെന്ന് പറയപ്പെടുന്നു. അതിനാല്‍ യുദ്ധം ചെയ്താലും.
''സാഹചര്യങ്ങള്‍ എവിടെയാണോ നിന്നെ എത്തിച്ചിരിക്കുന്നത് അവിടെനിന്ന് നിനക്കിനി പിന്തിരിയാനാവില്ല. അതിനാല്‍ ആത്യന്തികയാഥാര്‍ഥ്യത്തെ പ്രമാണമാക്കി സന്ദര്‍ഭാനുസാരം ചെയ്യേണ്ടത് ചെയ്യുക'' എന്നേ നാലാംപാദത്തിന് അര്‍ഥമുള്ളൂ. അതൊരു വിധിപ്രസ്താവമല്ല.
(മോഡേണ്‍ സയന്‍സില്‍ ഇപ്പോഴും ദേഹത്തില്‍നിന്ന് ഭിന്നമായ ജീവന്‍ എന്ന ആശയമില്ല. അതായത്, ജീവന്‍ ഇല്ലാതെ - കുറച്ചിടയെങ്കിലും - ദേഹം നിലനില്ക്കാമെങ്കിലും ദേഹമില്ലാതെ ജീവന്‍ എന്നൊന്ന് ഇല്ല. ജീവന്‍ എന്നതിന് സര്‍വസമ്മതമായ ഒരു നിര്‍വചനം പോലും ഇന്നും ഇല്ല. പ്രപഞ്ചത്തിന് അടിസ്ഥാനമായ ഒരു അവ്യക്തസത്ത സര്‍വവ്യാപിയായി ഉണ്ടെന്നും അതില്‍ സ്വതന്ത്രമായി നിലനില്ക്കുന്ന രൂപനിര്‍മാണക്ഷേത്രമാണ് ജീവന്‍ എന്നും കരുതാതെ ഈ വരികള്‍ മനസ്സിലാക്കാന്‍ ഒക്കില്ല.)

(തുടരും)



MathrubhumiMatrimonial