
ഗീതാദര്‍ശനം - 33
Posted on: 21 Oct 2008
സാംഖ്യയോഗം
'നാസതോ വിദ്യതേ ഭാവോ
നാശഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷേ്ടാശന്തഃ
സ്ത്വനയോസ്തത്ത്വദര്‍ശിഭിഃ
(ആത്യന്തികമായി) ഇല്ലാത്തതിന് (എന്നും) ഉണ്ട് എന്ന ഭാവം ഇല്ല. (എന്നും) ഉള്ളതിന് (ആകട്ടെ) ഇല്ലായ്മ (ഒരിക്കലും)ഇല്ല. തത്ത്വദര്‍ശികള്‍ ഈ രണ്ടിന്റെയും കിടപ്പ് വെവ്വേറെ അറിയുന്നു.
'തല്‍'ശബ്ദം സര്‍വനാമം. സര്‍വമായത് ബ്രഹ്മം. അതിനാല്‍ തല്‍ ബ്രഹ്മവാചകം. അതിന്റെ (തത്തിന്റെ) ഭാവം തത്ത്വം അഥവാ ബ്രഹ്മത്തിന്റെ യഥാര്‍ഥഭാവം. അതിനെ പരിശോധിക്കുക ശീലമുള്ളവര്‍ തത്ത്വദര്‍ശികള്‍ - ശാങ്കരഭാഷ്യം.
തിരിച്ചറിയാന്‍ എളുപ്പമാണെന്നര്‍ഥം. ഉണ്ടായി ഇല്ലാതാകുന്ന ഒന്നും എന്നുമുള്ളതല്ല. അഥവാ, എന്നുമുള്ളതിന് ഉണ്ടാകല്‍, ഇല്ലാതാകല്‍ എന്നിവ ഇല്ല.
എങ്കില്‍ നിത്യമായതിന്റെ സവിശേഷത എന്താണ് ? പറയുന്നു:
അവിനാശി തു തദ്വിദ്ധി
യേന സര്‍വമിദം തതം
വിനാശമവ്യയസ്യാസ്യ
ന കശ്ചില്‍ കര്‍ത്തുമര്‍ഹതി
ഇക്കാണപ്പെടുന്നതെല്ലാം ഏതൊന്നിനാല്‍ വ്യാപൃതമായിരിക്കുന്നുവോ അതാണ് നാശമില്ലാത്തതെന്ന് അറിയുക. തേമാനത്തിന് അതീതമായ അതിന് നാശം വരുത്താന്‍ ആര്‍ക്കും ഒന്നിനും കഴിയില്ല.
(പ്രപഞ്ചത്തിന് ആധാരമായി സര്‍വവ്യാപിയും സ്ഥിരവുമായ ഒരു അവ്യക്തസത്ത ഉണ്ടെന്ന ധാരണയില്ലാതെ അക്ഷരബ്രഹ്മം എന്ന സങ്കല്പം മനസ്സിലാക്കാന്‍ കഴിയില്ല. സയന്‍സില്‍ ഈ ധാരണ ഇല്ല.)
(തുടരും)





