
ഗീതാദര്‍ശനം - 32
Posted on: 20 Oct 2008
സി. രാധാകൃഷ്ണന്‍
സാംഖ്യയോഗം
മാത്രാസ്പര്‍ശാസ്തു കൗന്തേയ
ശീതോഷ്ണസുധദുഃഖദാഃ
ആഗമാപായിനോശനിത്യാഃ
താം തിതിക്ഷസ്വ ഭാരത
ഹേ കൗന്തേയ, ഇന്ദ്രിയവിഷയങ്ങളാകട്ടെ ശീതം, ഉഷ്ണം, സുഖം, ദുഃഖം എന്നീ (താത്കാലികങ്ങളും പരസ്പരവിരുദ്ധങ്ങളുമായ) അനുഭവങ്ങളുണ്ടാക്കുന്നവയും വന്നുപോകുന്നവയും അനിത്യങ്ങളുമാണ്. (അതിനാല്‍) ഹേ ഭാരത, നീ അവയെ സമചിത്തതയോടെ സഹിക്കുക.
(കൗന്തേയ എന്ന വിളിയില്‍ കുന്തീദേവിയുടെ ഐതിഹാസികമായ ക്ഷമ സൂചിതമാകുന്നു.)
യം ഹി ന വ്യഥയന്തേതേ
പരുഷം പുരുഷര്‍ഷഭ
സമദുഃഖസുഖം ധീരം
സോശമൃതത്വായ കല്പതേ
അമൃതം = ബ്രഹ്മ ('ഏതദമൃതഭയമേതല്‍ ബ്രഹ്മ' എന്ന് ശ്രുതിവാക്യം.)
ഹേ പുരുഷശ്രേഷ്ഠ, സുഖദുഃഖാദി ഇന്ദ്രിയവിഷയങ്ങളെ സമചിത്തതയോടെ സമീപിക്കുന്ന ധീരനെ അവ ഒട്ടും വ്യസനിപ്പിക്കയില്ല. അയാള്‍ അമൃതപദത്തിന് അര്‍ഹനായി തീരുന്നു.
സര്‍വദുഃഖങ്ങളെയും സഹിച്ചുകൊണ്ട് യാതൊരുവനാണോ നിരന്തരമായ ബ്രഹ്മനിഷ്ഠയോടെ ഇരിക്കുന്നത് അവന്‍തന്നെ പുരുഷോത്തമന്‍ എന്ന് സൂചിപ്പിക്കാനാണ് പുരുഷര്‍ഷഭ എന്ന സംബോധനം.യാഥാര്‍ഥ്യം രണ്ടു തരമുണ്ട്.
സന്ദര്‍ഭത്തിനും സ്ഥലകാലങ്ങള്‍ക്കും അനുസരിച്ച് രൂപാന്തരപ്പെടുന്നവയും ഒരിക്കലും രൂപാന്തരപ്പെടാത്തവയും. ഭൂമിയിലുള്ള നമുക്ക് സൂര്യോദയവും സൂര്യാസ്തമയവും പ്രത്യക്ഷയാഥാര്‍ഥ്യങ്ങളാണ്. പക്ഷേ, ബഹിരാകാശത്തു ചെന്നു നോക്കിയാല്‍ രണ്ടും അയഥാര്‍ഥങ്ങളായിത്തീരും.നീലയായി നമുക്ക് തോന്നുന്ന ആകാശത്തിന് യഥാര്‍ഥത്തില്‍ ഒരു നിറവുമില്ല. സ്ഥലകാലങ്ങള്‍ മാറുമ്പോള്‍ മാറിമറിയുന്ന യാഥാര്‍ഥ്യങ്ങളെ വ്യാവഹാരികമെന്നും ഒരിക്കലും മാറ്റമില്ലാത്തതിനെ പാരമാര്‍ഥികമെന്നും പറയുന്നു. ഈ ഭേദം തിരിച്ചറിഞ്ഞ് പാരമാര്‍ഥികമായതില്‍ ചുവടുറപ്പിക്കുക. അതിനെ അറിയാനുള്ള ഉപാധികള്‍ മാത്രമാണ് ആദ്യത്തേത്. കോടാനുകോടി ഭിന്നമിടിപ്പുകളുടെ മഹാമേളയായ വിശ്വത്തിന്റെ അടിസ്ഥാനമായ ശക്തിവിശേഷമാണ് പരമമായ യാഥാര്‍ഥ്യം. അതുമായി ശ്രുതിചേരാനാണ് ശ്രമിക്കേണ്ടത്. അങ്ങനെയേ ആത്യന്തികമായ ലയം സാധ്യമാകൂ. താത്കാലികലയങ്ങള്‍ക്കായി മഹാലയത്തെ വിസ്മരിക്കരുത്. അനന്തമാണ് പ്രപഞ്ചമെന്ന ഓര്‍ക്കസ്ട്രയിലെ വാദ്യസംഖ്യ. ഇതില്‍ ഏതങ്കെിലുമൊരു ഉപകരണം പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നില്ല. ഇന്ദ്രിയങ്ങളെന്ന വാദ്യക്കാരോ ഇന്ദ്രിയാര്‍ഥങ്ങളെന്ന വാദ്യങ്ങളോ അല്ല സ്വരവും താളവുമാണ് പ്രധാനം. പക്ഷേ, വാദ്യക്കാരും വാദ്യങ്ങളും ഇല്ലാതെ ഈ മഹാവേദിയിലേക്ക് രാഗപ്രവേശം തന്നെ സാധ്യമല്ല.
(തുടരും)





