
ഗീതാദര്‍ശനം - 30
Posted on: 18 Oct 2008
സാംഖ്യയോഗം
ശ്രീഭഗവാനുവാച:
അശോചാനന്വശോചസ്ത്വം
പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച
നാനുശോചന്തി പണ്ഡിതാഃ
(പണ്ഡാ = ആത്മവിഷയമായിരിക്കുന്ന ബുദ്ധി. അത് ഉള്ളവന്‍ പണ്ഡിതന്‍). ഭഗവാന്‍ പറഞ്ഞു:
ആരെക്കുറിച്ചാണോ ദുഃഖിക്കേണ്ടാത്തത് അവരെച്ചൊല്ലി നീ വല്ലാതെ സങ്കടപ്പെടുന്നു. (അതേസമയം) വിവേകികളുടെ ശൈലിയില്‍ സംസാരിക്കയും ചെയ്യുന്നു! (കഷ്ടം!). ജീവന്‍ പോയവരെപ്പറ്റിയും ജീവന്‍ പോകാത്തവരെപ്പറ്റിയും പണ്ഡിതന്മാര്‍ ദുഃഖിക്കാറില്ല.
ചരാചരങ്ങളിലുള്ള എല്ലാ ജീവനും പ്രപഞ്ചജീവന്റെ സ്ഫുരണമാണ്. അതിനാല്‍ ജീവന്‍ എങ്ങും പോകുന്നുമില്ല, വരുന്നുമില്ല. ഈ അറിവുള്ളവര്‍ ജീവനെച്ചൊല്ലി ദുഃഖിക്കാറില്ല. അറിവുള്ളവരെപ്പോലെ (ന്യായയുക്തമെന്നു തോന്നുംവിധം) നീ സംസാരിക്കുന്നുവെങ്കിലും ഈ അടിസ്ഥാനപരമായ അറിവ് നിന്നില്‍ ഇപ്പോള്‍ കാണുന്നില്ല.
(നാശമുള്ള ഇക്കാണായ പ്രപഞ്ചം (ക്ഷരബ്രഹ്മം), അതിന്റെ അമ്മയും നാശരഹിതവുമായ അവ്യക്തമാധ്യമം (അക്ഷരബ്രഹ്മം), അതിലെ സ്പന്ദനങ്ങളുടെ ബീജാവാപം നടത്തുന്ന ഈശം (അക്ഷരാതീതം) എന്നിങ്ങനെ മൂന്നു ഭാവങ്ങളുള്ള സങ്കല്പം ഉള്‍പ്പെടെ സമഗ്രമായ പ്രപഞ്ചവിജ്ഞാനം ഗീതാകാലത്തിനു മുന്‍പേതന്നെ നിലവിലുണ്ടായിരുന്നു എന്ന് കരുതണം. അര്‍ജുനന് പറ്റിയ മറവി ചൂണ്ടിക്കാണിക്കുന്നപോലെയാണ് തുടര്‍ന്നു പറയുന്നത്).
ന ത്വേവാഹം ജാതു നാസം
ന ത്വം നേമേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ
സര്‍വേ വയമതഃ പരം
ഞാന്‍ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല. നീയും ഇല്ലാതിരുന്നിട്ടില്ല. ഇക്കാണുന്ന രാജാക്കന്മാരാരും ഇല്ലാതിരുന്നിട്ടില്ല. നാമെല്ലാരും ദേഹനാശത്തിനപ്പുറമുള്ള ഭാവികാലത്തും ഇല്ലാതാവുകയും ഇല്ല.
'ദേഹഭേദത്തെ അനുസരിച്ചാണ് ഇവിടെ ഞാന്‍ നീ ഈ രാജാക്കന്മാര്‍ എന്ന് ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്. ആത്മഭേദത്തെ സംബന്ധിച്ചല്ല. ആത്മാവ് എല്ലാ ദേഹങ്ങളിലും ഒന്നുതന്നെ'-ശങ്കരഭാഷ്യം.





