
ഗീതാദര്‍ശനം - 29
Posted on: 17 Oct 2008
സാംഖ്യയോഗം
സഞ്ജയ ഉവാച:
ഏവമുക്ത്വാ ഹൃഷീകേശം
ഗുഡാകേശഃ പരന്തപഃ
ന യോത്സ്യ ഇതി ഗോവിന്ദ-
മുക്ത്വാ തുഷ്ണീ ബഭൂവ ഹ
(ഗോഭിഃ ഏവ = വേദാന്തവാക്യങ്ങളെക്കൊണ്ടുതന്നെ വിന്ദ്യതേ = ലഭിക്കപ്പെടുന്നു എന്നതിനാല്‍ ഗോവിന്ദന്‍)
സഞ്ജയന്‍ പറഞ്ഞു:
ഭഗവാനോട് ഇപ്രകാരം അപേക്ഷിച്ച് ശത്രുതാപനനായ അര്‍ജുനന്‍, താന്‍ യുദ്ധം ചെയ്യുകില്ല എന്ന് (ഒരിക്കല്‍ക്കൂടി) ഗോവിന്ദനെ അറിയിച്ചിട്ട് മൗനമായി അനങ്ങാതെ ഇരുന്നു.
ജാഗരൂകരില്‍ മുമ്പനായ അര്‍ജുനന്‍ ഇന്ദ്രിയനാഥനും ജ്ഞാനസ്വരൂപനുമായ ആത്മാവിന്റെ ആത്യന്തികമായ നിര്‍ദേശം തേടി ഉരിയാട്ടമില്ലാതെ ഇരിപ്പായി. ഈശ്വരന്‍ അവനവന്റെ ഹൃദയത്തില്‍ കുടികൊള്ളുന്നുവെന്ന് വഴിയേ പറയുന്നുണ്ട്. ആ പ്രപഞ്ചസത്തയ്ക്ക് ശിഷ്യപ്പെട്ട് അതിനോടാണ് ഉപദേശം ആരായുന്നത്.
തമുവാച ഹൃഷീകേശഃ
പ്രഹസന്നിവ ഭാരത
സേനയോരുഭയോര്‍മധ്യേ
വിഷീദന്തമിദം വചഃ
അല്ലയോ ധൃതരാഷ്ട്രമഹരാജാവേ, ഇരുസേനകളുടെയും നടുവില്‍ വ്യാകുലചിത്തനായി ഇരിക്കുന്ന അവനോട് കളിയാക്കിക്കൊണ്ടെന്നപോലെയുള്ള ചിരിയോടെ ഇന്ദ്രിയനാഥനായ കൃഷ്ണഭഗവാന്‍ ഇങ്ങനെ പറഞ്ഞു.
(തുടരും)





