githadharsanam

ഗീതാദര്‍ശനം - 28

Posted on: 16 Oct 2008

സി. രാധാകൃഷ്ണന്‍



സാംഖ്യയോഗം

കാര്‍പ്പണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമിത്വാം ധര്‍മസംമൂഢചേതാഃ
യനേച്ഛ്രയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്‍മേ
ശിഷ്യസേ്തഹം ശാധി മാം ത്വാം പ്രപന്നം

(ദേഹേന്ദ്രിയാദികളാണ് ആത്മാവല്ല താന്‍ എന്നു കരുതുന്ന അജ്ഞാനി കൃപണന്‍. കൃപണന്റെ ഭാവം കാര്‍പ്പണ്യം.)
കാര്‍പ്പണ്യദോഷബാധയാല്‍ അലങ്കോലമായ സ്വഭാവത്തോടുകൂടിയവനും (തന്മൂലം) ധര്‍മാധര്‍മങ്ങളെ തിരിച്ചറിയാന്‍ അപ്രാപ്തനുമായിപ്പോയ ഞാന്‍ അങ്ങയോട് ചോദിക്കുന്നു. എനിക്ക് ശ്രേയസ്‌കരമായത് എന്തെന്ന് നിശ്ചിതമായി പറഞ്ഞാലും. ഞാന്‍ അങ്ങയുടെ ശിഷ്യനാണ്. എന്നെ അനുശാസിച്ചാലും.
പ്രശ്‌നം സ്വയം കൈകാര്യം ചെയ്യാന്‍ ശേഷിയില്ലെന്ന് അര്‍ജുനന്‍ തുറന്നു പറയുന്നു.

ന ഹി പ്രപശ്യാമി മമാനുപദ്യാ-
ദ്യച്ഛോകമുച്ഛോഷണമിന്ദ്രിയാണാം
അവാപ്യഭൂമാവസപത്‌നനമൃദ്ധം
രാജ്യം സുരാണാമഭിചാധിപത്യം

അതിരില്ലാത്തതും സമ്പല്‍സമൃദ്ധിയോടുകൂടിയതുമായ രാജ്യവും ഇന്ദ്രപദവിപോലും കൈവന്നാലും എന്റെ ഇന്ദ്രിയങ്ങളെ അതിയായി ശോഷിപ്പിക്കുന്ന ഈ സങ്കടത്തിന് അത് പരിഹാരമാകും എന്ന് തോന്നുന്നില്ല.
ശോകനിവാരണത്തിന് ജ്ഞാനോപദേശം അനിവാര്യമെന്നും അത് ലഭിക്കാന്‍ ഗുരുപ്രസാദമല്ലാതെ മാര്‍ഗമില്ലെന്നും ബോധ്യമായ മനസ്സാണ് ഗീതാമൃതം വിളയാന്‍ പാകമായ മണ്ണെന്ന് വ്യാസര്‍ സൂചിപ്പിക്കുന്നു. തെളിഞ്ഞു കിട്ടിയ അന്തരാത്മാവുതന്നെ ഗുരു എന്നുകൂടി ധ്വനിയുണ്ട്.

(തുടരും)



MathrubhumiMatrimonial