
ഗീതാദര്‍ശനം - 27
Posted on: 15 Oct 2008
സാംഖ്യയോഗം
ന ചൈതദ്വിഗ്മഃ കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയുഃ
യാനേവ ഹത്വാ ന ജിജീവിഷാമ-
സേ്ത ശവസ്ഥിതാഃ പ്രമുഖേ
ധാര്‍ത്തരാഷ്ട്രാഃ
ഒന്നുകില്‍ ഞങ്ങള്‍ ഇവരെ ജയിക്കുക, അല്ലെങ്കില്‍ ദുര്യോധനാദികള്‍ ഞങ്ങളെ ജയിക്കുക - ഈ രണ്ടില്‍ ഏതാണ് ഞങ്ങള്‍ക്ക് കൂടുതല്‍ നല്ലതെന്നുതന്നെ അറിഞ്ഞുകൂടാ! യാതൊരുത്തരെ കൊന്നിട്ട് ഞങ്ങള്‍ ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നില്ലയോ അവര്‍തന്നെ എതിരായി നില്‍ക്കുന്നു!
തോല്‍വിയോ ജയമോ അല്ലാതെ മൂന്നാമതൊരു ഫലം ഒരുയുദ്ധത്തിനുമില്ല! ഇവിടെ ആര്‍ ജയിച്ചാലും ഞങ്ങള്‍ക്ക് മഹാസങ്കടം! യുദ്ധം ചെയ്യാതിരിക്കുകയാണ് ഒരേ ഒരു പോംവഴി. പക്ഷേ, അര്‍ജുനന് നന്നായി അറിയാം, യുദ്ധം ചെയ്യാതിരിക്കുന്നത് തോല്‍വിതന്നെ എന്ന്! സ്വന്തം യുക്തിയില്‍ സ്വയം കുരുങ്ങി അര്‍ജുനന്‍ വഴി മുട്ടി ഞെളിപിരികൊള്ളുന്നു!
ഭഗവാന്റെ ആക്ഷേപഹാസ്യപ്രയോഗം പാഴിലാകുന്നില്ല. ഇത്രയും എത്തുമ്പോഴേക്ക്, താന്‍ വികാരാവിഷ്ടനായി ആശയക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കയാണെന്ന് അര്‍ജുനന് തീര്‍ത്തും ബോധ്യമാകുന്നു; തനിക്ക് കാര്യങ്ങള്‍ നേരേ ചൊവ്വേ കാണാന്‍ വയ്യാതായിരിക്കുന്നു എന്നും. കൗണ്‍സലിങ്ങിന് മുഴുമനസ്സോടെ വിധേയനാകാന്‍ അതിനാല്‍ അര്‍ജുനന്‍ തയ്യാറാകുന്നു.
(തുടരും)





