
ഗീതാദര്‍ശനം - 26
Posted on: 14 Oct 2008
സാംഖ്യയോഗം
അര്‍ജുന ഉവാച:
കഥം ഭീഷ്മമഹം സംഖ്യേ
ദ്രോണഞ്ച മധുസൂദന
ഇഷുഭിഃ പ്രതിയോത്സ്യാമി
പൂജാര്‍ഹാവരിസൂദന
അല്ലയോ ശത്രുനാശകനായ മധുസൂദന, പൂജാര്‍ഹരായ ഭീഷ്മരെയും ദ്രോണരെയും യുദ്ധത്തില്‍ ഞാന്‍ എങ്ങനെ അസ്ത്രങ്ങളാല്‍ എതിരിടും?
മുട്ടുന്യായങ്ങള്‍ ഉന്നയിച്ച് അര്‍ജുനന്‍ തനിക്ക് ഓടിയൊളിക്കാനുള്ള വൈകാരിക ഇടങ്ങള്‍ തേടുന്നു. ശത്രുക്കള്‍ എത്ര പൂജാര്‍ഹരാണെന്നിരുന്നാലും അവരെ കൊന്നില്ലെങ്കില്‍ നിനക്ക് ജയമെന്നല്ല, നിലനില്പുമില്ല എന്ന എതിര്‍വാദത്തെ നേരിടാനുള്ള മുന്‍കൂര്‍ ജാമ്യത്തിനും അര്‍ജുനന്‍ തുടര്‍ന്ന് ശ്രമിക്കുന്നു.
ഗുരൂനഹത്വാഹി മഹാനുഭാവാന്‍
ശ്രേയോ ഭോക്തും ഭൈക്ഷമ
പീഹ ലോകേ
ഹത്വാര്‍ഥകാമാംസ്തു ഗുരുനിവൈഹ
ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ധാന്‍
മഹാനുഭാവന്‍മാരായ ഗുരുനാഥരെ കൊല്ലാതിരുന്നാല്‍ ഭിക്ഷാന്നം ഉണ്ണേണ്ടിവരുമെങ്കില്‍ത്തന്നെ അതാവും അധികം നല്ലത്. ധര്‍മോപദേഷ്ടാക്കളായ ഗുരുക്കളെ കൊല്ലുന്നെങ്കിലോ ഞാന്‍ ഇഹത്തില്‍ ചോരപുരണ്ട ഭോഗങ്ങളെ മാത്രം അനുഭവിക്കും.
ഇവിടെയും നിര്‍ത്താതെ അര്‍ജുനന്‍ യുദ്ധത്തിന്റെ ഫലത്തെക്കുറിച്ച് സംശയവും ഫലം എന്തായാലും നിഷ്ഫലം എന്ന നൈരാശ്യവും പ്രകടിപ്പിക്കുന്നു.
(തുടരും)





