githadharsanam

ഗീതാദര്‍ശനം - 25

Posted on: 13 Oct 2008

സി. രാധാകൃഷ്ണന്‍



സാംഖ്യയോഗം


ക്ലൈബ്യം മാസ്മ ഗമഃ പാര്‍ഥ
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൗര്‍ബല്യം
ത്യക്തോത്തിഷ്ഠ പരന്തപ

അല്ലയോ അര്‍ജുന, 'ആണും പെണ്ണും കെട്ട' അവസ്ഥയെ പ്രാപിക്കരുത്. അത് നിനക്ക് ചേരുന്നേ ഇല്ല. ഹേ വീര്യവാനേ, ക്ഷുദ്രമായ ഈ ഹൃദയദൗര്‍ബല്യം കളഞ്ഞ് എഴുന്നേല്‍ക്കുക.

ഇവിടെ അവതരിപ്പിക്കുന്ന മനോരോഗചികിത്സ മോഡേണ്‍ കൗണ്‍സലിങ് സമ്പ്രദായം അനുസരിച്ചുതന്നെയാണ്.

പിടിപെടാന്‍ പാടില്ലാത്ത ഈ രോഗം എങ്ങനെ വന്നുപെട്ടു എന്ന തുറന്ന വിസ്മയപ്രകടനത്തിനു പിന്നാലെയുള്ളത് തുളച്ചുകയറുന്ന ആക്ഷേപഹാസ്യമാണ്.
'ഈ വേഷംകെട്ട് നിനക്ക് ചേര്‍ന്നതല്ല!' എന്ന് രോഗലക്ഷണത്തിന്റെ തലയ്‌ക്കൊരു പ്രഹരം!

അപ്പോഴും അര്‍ജുനന്‍ തന്റെ സങ്കടം വെറുതെ അല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഈ ആദ്യപ്രതികരണവും മനുഷ്യസഹജം തന്നെ.

വികാരങ്ങള്‍ക്കടിമപ്പെടുന്നവര്‍ നേരേ ചൊവ്വേ കാര്യകാരണവിചാരത്തിലൂടെ ശരിയായ തീരുമാനങ്ങളിലെത്തുകയല്ല പതിവ്.

പിന്നെയോ, തെറ്റായ നിലപാടുകളിലേക്ക് എടുത്തു ചാടുന്നു.
എന്നിട്ട് അവയെ ന്യായീകരിക്കാന്‍ യുക്തികള്‍ കണ്ടെത്തുന്നതിനു പലപാടും ശ്രമിക്കുന്നു. ഇതോടെ മനസ്സെന്ന കുളം പറ്റേ കലങ്ങുന്നു.



MathrubhumiMatrimonial