githadharsanam

ഗീതാദര്‍ശനം - 20

Posted on: 08 Oct 2008


ഉത്സന്നകുലധര്‍മാണാം
മനുഷ്യാണാം ജനാര്‍ദന
നരകേ നിയതം വാസോ
ഭവതീത്യനുശുശ്രുമ

ഹേ ജനാര്‍ദനാ, കുലധര്‍മം നശിച്ചവര്‍ക്ക് നിത്യനരകവാസം ഭവിക്കുമെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്.

(ജീവപരിണാമപ്രക്രിയയുടെ തുടര്‍ച്ചയില്‍ ഇടര്‍ച്ച പറ്റിപ്പോയവരുടെ ജന്മം നിഷ്ഫലം).

40-44 ശ്ലോകങ്ങളില്‍ കുലധര്‍മം, ജാതിധര്‍മം, വര്‍ണവ്യത്യാസം, പിണ്ഡോദകക്രിയകള്‍, നരകം, മരണാനന്തര ജീവിതം എന്നിവയെക്കുറിച്ച് അര്‍ജുനന്‍ പറയുന്നതിന്റെ വാച്യാര്‍ഥം, അക്കാലത്തേ സമൂഹത്തില്‍ ഇത്തരം വിശ്വാസങ്ങള്‍ ദുഷിച്ച് അന്ധവിശ്വാസങ്ങളായി നിലവിലുണ്ടായിരുന്നു എന്നു കാണിക്കുന്നു. കര്‍ത്തവ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ഈ നാട്ടുനടപ്പുകളെ ആളുകള്‍ ന്യായീകരണങ്ങളായി ഉപയോഗിച്ചിരുന്നു എന്നു കൂടി സിദ്ധിക്കുന്നു. ഈ ഏര്‍പ്പാട് അടിമുടി ഭോഷ്‌കാണെന്നും അത്തരം വിശ്വാസങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണ് എന്നും തന്നെയാണ് തുടര്‍ന്ന് ഗീത യുക്തിസഹമായി സ്ഥാപിക്കുന്നത്).

അഹോ ബത മഹത്പാപം
കര്‍ത്തും വ്യവസിതാ വയം
യദ്രാജ്യസുഖലോഭേന
ഹന്തും സ്വജനമുദ്യതാഃ

അയ്യോ കഷ്ടം! ഈ മഹാപാപം ചെയ്യാന്‍ ഞാന്‍ തുനിഞ്ഞല്ലോ! രാജ്യവും സുഖവും മോഹിച്ച് സ്വജനങ്ങളെ കൊല്ലാന്‍ ഒരുമ്പെട്ടുവല്ലോ!
താന്‍ കണ്ടെത്തിയ ന്യായീകരണങ്ങളുടെ ബലത്തില്‍ അര്‍ജുനന്റെ തീരുമാനം ഉറയ്ക്കുന്നു. ആ തീരുമാനത്തിന്റെ അനന്തരഫലത്തെക്കുറിച്ചുപോലും ആശങ്ക വേണ്ട എന്ന സെല്‍ഫ് സജഷനാണ് ഇനി വരുന്നത്.



MathrubhumiMatrimonial