
ഗീതാദര്‍ശനം - 24
Posted on: 12 Oct 2008
സി. രാധാകൃഷ്ണന്‍
സാംഖ്യയോഗം
സഞ്ജയ ഉവാച:
തം തഥാ കൃപയാവിഷ്ടം
അശ്രുപൂര്‍ണാകുലേക്ഷണം
വിഷീദന്തമിദം വാക്യം
ഉവാച മധുസൂദനഃ
അങ്ങനെ, സഹാനുഭൂതി ബാധിച്ച്, അശ്രുവും ദൈന്യവും നിറഞ്ഞ കണ്ണുകളോടെ വിഷാദവിവശനായി ഇരിക്കുന്ന അര്‍ജുനനോട് അപ്പോള്‍ മധുസൂദനന്‍ ഇപ്രകാരം പറഞ്ഞു.
വികാരങ്ങള്‍ക്കടിമപ്പെടുന്ന ആള്‍ സാഹചര്യങ്ങളുടെ ഇരയാവുന്നു. ബുദ്ധി പതറിപ്പോകുന്നു. ചുറ്റുപാടുകളുടെ ഊരാക്കുടുക്ക് വല്ലാതെ മുറുകുമ്പോള്‍ മനസ്സുറപ്പുള്ളവരും പതറിപ്പോവുക സ്വാഭാവികം. അപ്പാടെ അടി പതറിയ അര്‍ജുനന്‍ തീര്‍ത്തും അവശനും വിവശനുമാണ്. ''ശൂരവീരപരാക്രമിയായ നിനക്ക് ഈ വിഷമസന്ധിയില്‍ ഇങ്ങനെ ഒരു അവസ്ഥയോ!'' എന്ന് സ്വയം തോന്നാവുന്ന സാഹചര്യം. ആ ബിന്ദുവില്‍നിന്നുതന്നെ ആത്മാന്വേഷണം തുടങ്ങുന്നു.
ശ്രീഭഗവാന്‍ ഉവാച:
കുതസ്ത്വാ കശ്മലമിദം
വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വാര്‍ഗ്യം
അകീര്‍ത്തികരമര്‍ജുന
ശ്രീഭഗവാന്‍ പറഞ്ഞു:
അല്ലയോ അര്‍ജുന, ശ്രേഷ്ഠന്മാര്‍ ആചരിക്കാത്തതും സല്‍ഗതിക്കു വിരോധമായതും അപകീര്‍ത്തികരവുമായ ഈ മൗഢ്യം എന്തു കാരണത്താല്‍ ഈ വിഷമഘട്ടത്തില്‍ നിന്നെ പ്രാപിച്ചു?
(തുടരും)





