githadharsanam

ഗീതാദര്‍ശനം - 22

Posted on: 10 Oct 2008


അര്‍ജുന വിഷാദയോഗം


സഞ്ജയ ഉവാച:
ഏവമുക്ത്വാര്‍ജുന സംഖ്യേ
രഥോപസ്ഥ ഉപാവിശത്
വിസൃജ്യ സശരം ചാപം
ശോകസംവിഘ്‌നമാനസഃ
സഞ്ജയന്‍ പറഞ്ഞു:
സങ്കടംകൊണ്ട് മനസ്സുകെട്ട അര്‍ജുനന്‍ ഇങ്ങനെ പറഞ്ഞ് അമ്പും വില്ലുംകൈയൊഴിഞ്ഞ് പോര്‍ക്കളത്തിലെ തേര്‍ത്തട്ടിലിരുന്നു.
അര്‍ജുനന്‍ ഒരു നിശ്ചയത്തിലെത്തി. പക്ഷേ, ഒരുറച്ച തീരുമാനമെടുത്താല്‍ പിന്നെ അര്‍ജുനനെപ്പോലത്തെ ഒരു യോദ്ധാവ് സങ്കടപ്പെടാന്‍ പാടില്ല. ദൃഢബുദ്ധിയോടെ ആ തീരുമാനം നടപ്പിലാക്കലാണ് സ്വഭാവേന വേണ്ടത്. പിന്നെ എന്താണ് ഇങ്ങനെ? ഒരേയൊരു കാരണമേ പറയാനാവൂ: തന്റെ ഈ തീരുമാനം ശരിയല്ല എന്നൊരു മന്ത്രധ്വനി അര്‍ജുനന്റെ അകത്തുനിന്നു മുഴങ്ങുന്നുണ്ട്. വഴി മുട്ടിയിരിക്കയാണ്. മുന്നിലുള്ള രണ്ടു മാര്‍ഗങ്ങളില്‍ ഏതിലേപോയാലും ശരിയാവില്ല എന്നു തോന്നുന്നു. ഐഹികജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥയില്‍പ്പെടാത്ത മനുഷ്യരുണ്ടാവില്ല. അതില്‍നിന്ന് കരേറാന്‍ പോംവഴി കണ്ടുകിട്ടിയില്ലെങ്കില്‍ആത്മനാശം ഭവിക്കും. അങ്ങനെ സംഭവിക്കരുതെന്ന താക്കീതും സംഭവിക്കാതിരിക്കാനാവശ്യമായ പരിശീലനവും നല്‍കുന്ന പാഠമാണ് ഗീത. വ്യക്തിപരമായ മനശ്ശാസ്ത്രചികിത്സയല്ല, പിന്നെയോ, മാനുഷികാവസ്ഥയിലെ അനിവാര്യദുഃഖത്തിനുള്ള സാര്‍വലൗകികമായ പ്രതിവിധിയാണ് ഗീത ആവിഷ്‌കരിക്കുന്നത്.
ഒന്നല്ലെങ്കില്‍ മറ്റൊരു ധര്‍മസങ്കടത്തില്‍ നിത്യേന (ചിലപ്പോള്‍ നിമിഷംപ്രതിതന്നെ) അകപ്പെടുന്ന നാം ഏവരും, ജാതി-മത-വര്‍ണ-ദേശ-ലിംഗഭേദമില്ലാതെ, അര്‍ജുനന്‍മാരാണ്. എന്റെ-നിന്റെ എന്ന വിഭജനം അന്തിമ യാഥാര്‍ഥ്യമാണ് എന്ന തെറ്റായ ബോധമാണ് എല്ലാ ഹിംസയുടെയും ആണിവേര്. ആ അര്‍ബുദത്തില്‍നിന്ന് പൊടിക്കുന്നതത്രയും വിനാശകാരിയായ ആ മഹാരോഗത്തിന്റെ ലക്ഷണങ്ങളായ സങ്കടത്തളിരുകളാണ്. അത്തരം എല്ലാ സങ്കടക്കളകളെയും എന്നേക്കുമായി ഉന്മൂലനം ചെയ്യാന്‍ ഒരു മരുന്നേയുള്ളൂ: നേരറിവ്. അതു സ്വന്തം ആത്മാവില്‍നിന്ന് കറന്നെടുക്കാന്‍ ശീലിപ്പിക്കുന്ന കൈപ്പുസ്തകമാണ് ഭഗവദ്ഗീത.
ഇതി അര്‍ജുനവിഷാദയോഗോ നാമ പ്രഥമോശധ്യായഃ
അര്‍ജുനവിഷാദയോഗം എന്ന ഒന്നാമധ്യായം സമാപിക്കുന്നു.

(തുടരും)



MathrubhumiMatrimonial