
മേരിയുടെ ഓര്‍മയില്‍ സ്നേഹം തുളുമ്പുന്നു
Posted on: 10 Oct 2008
ഭരണങ്ങാനം: സ്നേഹം തുളുമ്പുന്ന പ്രകൃതം. ആരെയും എപ്പോഴും സഹായിക്കുവാന്‍ സന്തോഷത്തോടെ മുന്നോട്ട് വരുന്ന അല്‍ഫോന്‍സാമ്മ വിശുദ്ധ പദവിയിലേയ്‌ക്കെത്തുന്ന സുദിനം കാത്ത് മേരിച്ചേടത്തി പ്രാര്‍ത്ഥനയോടെ ഭരണങ്ങാനം ക്ലാര മഠത്തില്‍ കഴിയുന്നു. പതിനാറാമത്തെ വയസ്സില്‍ മഠത്തിലെത്തിയപ്പോള്‍ വീട്ടുവിശേഷങ്ങള്‍ തിരക്കി അടുത്തുവന്ന സിസ്റ്റര്‍ അല്‍ഫോന്‍സാ സൗമ്യമായ ഒരു ദീപനാളം പോലെ മേരിച്ചേടത്തിയുടെ ഓര്‍മ്മയിലുണ്ട്. മേരിച്ചേടത്തിയ്ക്ക് ഇപ്പോള്‍ 83 വയസ്സ്. അടുക്കളയില്‍ സഹായിയായി എത്തിയ മേരിയുടെ വാക്കുകളില്‍ അല്‍ഫോന്‍സാമ്മയ്ക്ക് ചായയും പലഹാരവും ഉണ്ടാക്കി നല്‍കുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം നിറയുന്നു.
ഇടക്കൊച്ചി സ്വദേശിനിയായ ഇവര്‍ മഠത്തിലെത്തിയപ്പോള്‍ സിസ്റ്റര്‍ അല്‍ഫോന്‍സാ സഭാവസ്ത്രമണിഞ്ഞിട്ട് മൂന്ന് വര്‍ഷമേ ആയിരുന്നുള്ളൂ. പിന്നീട് മരണം വരെ മേരി അല്‍ഫോന്‍സാമ്മയുടെ ഒപ്പമുണ്ടായിരുന്നു. അല്‍ഫോന്‍സാമ്മയുടെ മരണം വല്ലാത്ത ശൂന്യതയാണ് മഠത്തിലാകെ സൃഷ്ടിച്ചതെന്ന് മേരിച്ചേടത്തി ഓര്‍ക്കുന്നു.
Tags: alphonsa




