
ഗീതാദര്‍ശനം - 21
Posted on: 09 Oct 2008
സി. രാധാകൃഷ്ണന്‍
അര്‍ജുന വിഷാദയോഗം
യദി മാമപ്രതീകാരം
അശസ്ത്രം ശസ്ത്രപാണയഃ
ധാര്‍ത്താരാഷ്ട്രാ രണേ ഹന്യുഃ
തന്‍മേ ക്ഷേമതരം ഭവേത് 46
നിരായുധനായും എതിരിടാതെയും നില്‍ക്കുന്ന എന്നെ അഥവാ ആയുധധാരികളായ കൗരവര്‍ യുദ്ധത്തില്‍ കൊന്നാല്‍ കൊല്ലട്ടെ, അതാവും എനിക്ക് കൂടുതല്‍ ക്ഷേമകരം.
(ഇവിടെയാണ് ജീവശ്ശാസ്ത്രപരമായ പരക്ഷേമതത്പരത (Biological altruism) അര്‍ജുനന്റെ തീരുമാനത്തിന് കൂട്ടായി പ്രത്യക്ഷപ്പെടുന്നത്. വംശത്തിന് പുറമേ നിന്നുള്ള ഭീഷണിയെ നേരിടുമ്പോള്‍ ഉയിര്‍ക്കേണ്ട വികാരം വംശത്തിനകത്തെ അനീതിക്ക് - അതും, താനുള്‍പ്പെടെയുള്ളവരുടെ നേര്‍ക്കുള്ള അക്രമാസക്തിക്ക് - വളമിടാന്‍ ഉതകുംവിധം പ്രകടമാകുന്നതാണ് പ്രകൃതത്തിലെ പന്തികേട്. ഗീതോപദേശം ആരംഭിക്കുന്നത് ഈ പന്തികേട് ചൂണ്ടിക്കാണിച്ചാണ്-'അശോച്യാന്‍ അന്വശോചസ്ത്വം'-ദുഃഖിപ്പാന്‍ പാടില്ലാത്തവരെപ്പറ്റി നീ ദുഃഖിക്കുന്നു.
ജീവശ്ശാസ്ത്രത്തില്‍ പാരമ്പര്യവും വ്യതിയാനവും തമ്മിലുള്ള സംഘര്‍ഷവും (Dialectical conflict) ഇവിടെ ഓര്‍മിക്കാം. പരിണാമം (evolution) സംഭവിക്കുന്നത് പാരമ്പര്യത്തെ (heredity) വ്യതിയാനം (deviation) അതിജീവിച്ചുകൊണ്ടാണ്. അതേസമയം, കാടുകയറുന്ന തരം വ്യതിയാനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പാരമ്പര്യം ഉതകുകയും ചെയ്യുന്നു. പരിണാമത്തിന്റെ ഭാഗമായ സംഘര്‍ഷത്തിന് നല്ല ഉദാഹരണമാണ് അര്‍ജുനവിഷാദയോഗം. കാരണവന്മാരെയും ഗുരുക്കളെയും നിഹനിക്കുക പാരമ്പര്യനിഷേധത്തിന്റെ പ്രതീകമാണ്. പക്ഷേ, ഒരു സുപ്രധാനമായ വ്യതിയാനത്തിന് അതിവിടെ അത്യാവശ്യമായി ഭവിക്കുന്നു. കൂടുതല്‍ തെളിമയാര്‍ന്ന നീതിബോധത്തിന്റെ പിറവിക്ക് ഇതിന്റെ വേദന അനിവാര്യം. അതേപ്പറ്റി സങ്കടപ്പെടേണ്ടതില്ല എന്നാണ് ഗീതോപദേശം തുടങ്ങുന്നത്.
(തുടരും)





