
ഗീതാദര്‍ശനം - 17
Posted on: 05 Oct 2008
അര്‍ജുന വിഷാദയോഗം
യദ്യപ്യേതേ ന പശ്യന്തി
ലോഭോപഹതചേതസഃ
കുലക്ഷയകൃതം ദോഷം
മിത്രദ്രോഹേ ച പാതകം
കഥം ന ജ്ഞേയമസ്മാഭിഃ
പാപാദസ്മാന്നിര്‍ത്തിതും
കുലക്ഷയകൃതം ദോഷം
പ്രപശ്യദ്ഭിജ്ജനാര്‍ദന
ആര്‍ത്തിമൂത്ത് ബുദ്ധികെട്ടുപോയ ഇവര്‍ കുലനാശംകൊണ്ടുണ്ടാകുന്ന ദോഷവും മിത്രദ്രോഹമെന്ന പാതകവും കണ്ടറിയാനാവാത്തവരായിപ്പോയെന്നാലും കുലനാശം വരുത്തുന്നതിനാലുള്ള ദോഷം നന്നായി തിരിച്ചറിയാന്‍ കഴിവുള്ള നാം ഈ പാപത്തില്‍നിന്ന്പിന്മാറാതിരിക്കാന്‍ ന്യായമെന്തെങ്കിലുമുണ്ടോ, പറയൂ, ജനാര്‍ദനാ.
(എന്നെ നശിപ്പിക്കുന്നത് പാപമാണെന്ന് ഈ അധമവികാരങ്ങള്‍ക്കറിയില്ല! പക്ഷേ, പാപമാണ് ചെയ്യുന്നതെന്നറിഞ്ഞുകൊണ്ട് ഞാന്‍ ബന്ധുമിത്രങ്ങളായ ഇവരെയൊക്കെ വകവരുത്തിയാല്‍ ആ മഹാപരാധത്തില്‍നിന്ന് കരകയറാന്‍ പിന്നെ എന്തെങ്കിലുമുണ്ടോ വഴി!).
സ്വന്തം സുഖഭോഗാസക്തികളെ പൊരുതി നശിപ്പിച്ച് അവയുടെ പിടിയില്‍നിന്ന് സ്വത്വത്തെ വീണ്ടെടുക്കാന്‍ അവസരമൊരുക്കുന്നതില്‍നിന്ന് പിന്തിരിയുന്നതിനെ സാധൂകരിക്കുന്ന പ്രമാണങ്ങളായി, കാലഹരണപ്പെട്ട ആചാരവിശ്വാസങ്ങളെ ഉദ്ധരിക്കുന്നതും എക്കാലത്തെയും പതിവാണ്. അതാണ് ഇനി അര്‍ജുനന്‍ ചെയ്യുന്നത്.
സമൂഹത്തിലെ കീഴ്‌വഴക്കങ്ങളുടെ ഉദ്ഭവത്തെക്കുറിച്ച് സോഷ്യോളജിക്കല്‍ ഗെയിം തിയറി പറയുന്നത്, അവ (social conventions)
നീക്കുപോക്കുകളിലൂടെയുള്ള ഒത്തുതീര്‍പ്പുകളുടെ സന്തതികളാണെന്നത്രേ. അവയില്‍പ്പലതും ജീവപരിണാമപുരോഗതിക്ക് വിഘാതങ്ങളാണാകുന്നത്.
(തുടരും)





