githadharsanam

ഗീതാദര്‍ശനം - 14

Posted on: 30 Sep 2008


അര്‍ജുന വിഷാദയോഗം


ന കാംക്ഷേ വിജയം കൃഷ്ണ
ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ
കിം ഭോഗൈര്‍ജീവിതേന വാ

ഹേ കൃഷ്ണ, (സ്വന്തക്കാരായ ഇവരെ കൊന്നുള്ള) വിജയം ഞാന്‍ കാംക്ഷിക്കുന്നില്ല. രാജ്യലാഭവും സുഖവും ആഗ്രഹിക്കുന്നുമില്ല. ഹേ ഗോവിന്ദാ, പിന്നെ രാജ്യംകൊണ്ട് എന്തു കാര്യം? സുഖഭോഗങ്ങള്‍കൊണ്ടും ജീവിച്ചിരിക്കുന്നതുകൊണ്ടുതന്നെയും എന്തുണ്ട് പ്രയോജനം!
(ലഹരിനിവര്‍ത്തനത്തിനുള്ള ആതുരാലയങ്ങളില്‍ നിത്യവും കേള്‍ക്കുന്ന ജല്പനങ്ങളാണല്ലോ ഇത്). എന്റെ ലഹരികള്‍ക്കുമേല്‍ ഒരു വിജയവും ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്വത്തും മുതലും സുഖവും ഒന്നും എനിക്ക് (വേറെ) വേണ്ട. കാശും പണവും കൊണ്ട് പിന്നെന്തു കാര്യം. ജീവിച്ചിരിക്കുന്നതു തന്നെ പിന്നെ നിഷ്പ്രയോജനം!
ക്ലിനിക്കല്‍ സൈക്കോളജിയുടെ കാഴ്ചപ്പാടില്‍ കൗണ്‍സലിങ്ങിന് കരയുന്ന ഒരാളുടെ മൊഴിയാണ് ഇത്. അധമവികാരങ്ങളുടെ പിടിയില്‍പ്പെട്ട ആളുടെ അവസ്ഥയും ഇതുതന്നെ.
യേഷാമര്‍ഥേ കാംക്ഷിതം നോ
രാജ്യം ഭോഗാഃ സുഖാനി ച
ത ഇമേശവസ്ഥിതാ യുദ്ധേ
പ്രാണാംസ്ത്യക്ത്വാ ധനാനി ച

ആര്‍ക്കുവേണ്ടിയാണോ നമ്മള്‍ രാജ്യവും ഭോഗങ്ങളും സുഖവും ആഗ്രഹിക്കേണ്ടത്. അവരെല്ലാം പ്രാണനും സമ്പത്തും വെടിഞ്ഞ് ഇതാ യുദ്ധത്തിനായി നിലയുറപ്പിച്ചിരിക്കുന്നു.
ശ്രദ്ധിക്കുക: ഇക്കാലത്ത് നമ്മുടെയും വിഷാദയോഗം ഇതുതന്നെയാണ്. തിന്മയ്‌ക്കെതിരെ പൊരുതി ജയിക്കാന്‍ തുനിയാതെ നാം ആദ്യമേ ആയുധം വെക്കുന്നത് എന്തുകൊണ്ട്? നമ്മുടെ സുഖഭോഗങ്ങളെന്ന തലതിരിഞ്ഞ പരിപാടികള്‍ തരപ്പെടാന്‍ നമ്മുടെ സ്വന്തക്കാരായ ആ തിന്മകള്‍ നിലനിന്നേ തീരൂ എന്നതുകൊണ്ടുതന്നെ!
(തുടരും)



MathrubhumiMatrimonial