
ഗീതാദര്‍ശനം - 13
Posted on: 29 Sep 2008
അര്‍ജുന വിഷാദയോഗം
ഗാണ്ഡീവം സ്രംസതേ ഹസ്താത്
ത്വക്‌ചൈവ പരിദഹ്യതേ
ന ച ശക്‌നോമ്യവസ്ഥാതും
ഭ്രമതീവ ച മേ മനഃ
കൈയില്‍നിന്ന് ഗാണ്ഡീവം വഴുതിപ്പോകുന്നു. തൊലി ചുട്ടുപൊള്ളുന്നു. നില്പുറയ്ക്കുന്നില്ല. മനസ്സ് ഭ്രമിക്കുന്നപോലെ തോന്നുന്നു.
ഇതേ ബുദ്ധിഭ്രമംതന്നെയാണ് നര്‍ക്കോട്ടിക്‌സ് ചികിത്സയില്‍ വിത്ത്ഡ്രാവല്‍ സമയത്ത് അനുഭവപ്പെടുന്നത്. അതാണ് ബന്ധു. അതില്ലാതെ എങ്ങനെ കഴിയും. അതില്ലാതെ എഴുന്നേറ്റുനില്ക്കാന്‍പോലും ശേഷി കിട്ടുകയില്ല. കൈപ്പിടി ഒന്നിലും മുറുകുന്നില്ല (കഴിക്കാനുള്ള മരുന്നിന്റെ പാത്രത്തില്‍പ്പോലും!), തൊലി ചുട്ടുവരളുന്നു.
നിമിത്താനി ച പശ്യാമി
വിപരീതാനി കേശവ
ന ച ശ്രേയോശനുപശ്യാമി
ഹത്വാ സ്വജനമാഹവേ
പരസ്പരവിരുദ്ധങ്ങളായ ശകുനങ്ങള്‍ കാണുന്നു, കേശവാ. യുദ്ധത്തില്‍ സ്വജനങ്ങളെ കൊന്നിട്ട് ശ്രേയസ്സുണ്ടാകുമെന്ന് കരുതാന്‍ വഴി കാണുന്നില്ല.
നിമിത്തപദത്തിന് ശകുനം എന്നല്ല അര്‍ഥവിവക്ഷ. ചിന്തകള്‍ പരസ്പര വിരുദ്ധങ്ങളായ നിഗമനങ്ങളിലെത്തുന്നു. എങ്ങനെ ആലോചിച്ചാലും സ്വന്തക്കാരെ കൊന്നിട്ട് ഗുണം വരുമെന്നു കാണുന്നില്ല.
താത്ത്വികാര്‍ഥമെടുക്കുമ്പോള്‍ 'പ്രിയപ്പെട്ട സുഖഭോഗശീലങ്ങളെ ഇല്ലായ്മ ചെയ്തിട്ട് നന്മയെന്തുള്ളൂ?' എന്നും സാരം.
(തുടരും)





