githadharsanam

ഗീതാദര്‍ശനം - 12

Posted on: 28 Sep 2008


അര്‍ജുന വിഷാദയോഗം



തത്രാപശ്യത് സ്ഥിതാന്‍ പാര്‍ഥഃ
പിതൃനഥ പിതാമഹാന്‍
ആചാര്യാന്‍ മാതുലാന്‍ ഭ്രാതൃന്‍
പുത്രാന്‍ പൗത്രാന്‍ സഖീംസ്ഥഥാ
ശ്വശുരാന്‍ സുഹൃദശ്‌ചൈവ
സേനയോരുഭയോരപി
താന്‍ സമീക്ഷ്യ സ കൗന്തേയഃ
സര്‍വാന്‍ ബന്ധൂനവസ്ഥിതാന്‍
കൃപയാപരയാവിഷ്‌ടോ
വിഷീദന്നിദമബ്രവീത്

പിന്നെ, അവിടെ ഇരുസൈന്യങ്ങളിലുമായി നില്‍ക്കുന്ന പിതാക്കളെയും പിതാമഹരെയും ആചാര്യരെയും മാതുലരെയും സഹോദരരെയും പുത്രരെയും പൗത്രരെയും മിത്രങ്ങളെയും സര്‍വബന്ധുക്കളെയും കണ്ട അര്‍ജുനന്‍ കൃപാധിക്യവിവശനായി വിഷാദിച്ച് ഇങ്ങനെ പറഞ്ഞു:

ദൃഷ്‌ട്വേമം സ്വജനം കൃഷ്ണ
യുയുത്സും സമുപസ്ഥിതം
സീദന്തി മമ ഗാത്രാണി
മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മേ
രോമഹര്‍ഷശ്ച ജായതേ
അര്‍ജുനന്‍ പറഞ്ഞു:
യുദ്ധത്തിനായി വന്നുനില്‍ക്കുന്ന ഈ സ്വജനങ്ങളെ കാണുമ്പോള്‍, കൃഷ്ണാ, എന്റെ അവയവങ്ങള്‍ തളരുന്നു, മുഖം വരളുന്നു, ഉടല്‍ വിറയ്ക്കുന്നു. എനിക്ക് രോമാഞ്ചമുണ്ടാ കുന്നു.
പ്രാപഞ്ചികനായ അര്‍ജുനനാണ് ഈ സംസാരിക്കുന്നത്. അയാളെ സംബന്ധിച്ചിടത്തോളം എല്ലാ പ്രാകൃതവികാരങ്ങളും സഹോദരങ്ങളാണ്. അവ ഇല്ലെങ്കില്‍ താന്‍ ഇല്ലല്ലോ എന്നുവരെ തോന്നുന്നത്ര ഉറച്ച ബന്ധം ജന്മനാ അവയുമായി ഉണ്ട്. ശത്രുത്വഭാവത്തില്‍ വര്‍ത്തിക്കുന്നുവെങ്കിലും അവയല്ലേ തനിക്ക് ബന്ധുക്കളായി ആകെയുള്ളൂവെന്നുപോലും തോന്നുന്നു. അവരൊക്കെ ഇല്ലാതായിട്ട് പിന്നെ എന്തുണ്ടായിട്ടെന്താണ്? പ്രാപഞ്ചികമായ ഒരു നേട്ടവും ആസ്വദിക്കാനോ ഐഹിക സുഖഭോഗങ്ങളില്‍ അഭിരമിക്കാനോ പിന്നെ പറ്റില്ലല്ലോ! അവരെ കൊല്ലുകയോ! ഇതല്ലേ ഏറ്റവും വലിയ മണ്ടത്തരവും തെറ്റും!

(തുടരും)



MathrubhumiMatrimonial