githadharsanam

ഗീതാദര്‍ശനം - 10

Posted on: 26 Sep 2008


യാവദേതാന്‍ നിരീക്ഷേ ശ ഹം
യോദ്ധുകാമാനവസ്ഥിതാന്‍
കൈര്‍മയാ സഹയോധവ്യം
അസ്മിന്‍ രണസമുദ്യമേ

പൊരുതാന്‍ പൂതിയോടെ വന്നുനില്ക്കുന്നവരായ ആരെയെല്ലാമാണ് ഈ അങ്കത്തില്‍ എനിക്ക് നേരിടാനുള്ളതെന്ന് ഞാന്‍ കണ്ടുകൊള്ളട്ടെ.
(അച്യുതന്‍ എന്നാല്‍ ച്യുതി അഥവാ തെറ്റ് പറ്റാത്തവന്‍. ഈ സംബോധന പാര്‍ത്ഥന് സാരഥിയിലുള്ള ദൃഢവിശ്വാസം കാണിക്കുന്നു. പക്ഷേ, ഇക്കാര്യത്തിലല്ലെന്നാലും, പാര്‍ത്ഥമനം വാനരതുല്യം ചഞ്ചലമാകാന്‍ പോകുന്നതിന്റെ സൂചനയാണ് ആ കൊടിയടയാളപ്രസ്താവം).

യോത്സ്യമാനാനവേക്ഷേ ശ ഹം
യ ഏതേ ശ ത്ര സമാഗതാഃ
ധാര്‍ത്തരാഷ്ട്രസ്യ ദുര്‍ബുദ്ധേഃ
യുദ്ധേ പ്രിയചികീര്‍ഷവഃ

ദുര്‍ബുദ്ധികളായ കൗരവര്‍ക്കായി യുദ്ധം ചെയ്ത് അവരെ പ്രീതിപ്പെടുത്താന്‍ തീരുമാനിച്ച് വന്നെത്തിയവര്‍ ആരെല്ലാമോ അവരെ ഞാന്‍ വേണ്ടുവോളം കാണട്ടെ.
എല്ലാ അറിവുമുണ്ടെന്ന് നടിച്ച് അധികാരഭാവത്തോടെ ആശാന്മാരോടുപോലും ജല്പിക്കയല്ല, രംഗമൊന്ന് ശരിയായി കണ്ടുപഠിക്കാന്‍ അവസരമൊരുക്കിയാലും എന്നപേക്ഷിക്കയാണ് പാര്‍ത്ഥന്‍ ചെയ്യുന്നത്. ദുര്യോധനന്റെ ശൈലിക്ക് നേര്‍ വിപരീതം. പക്ഷേ, ഇവിടെ മറ്റൊരു വശം കൂടി കാണേണ്ടതുണ്ട്. അര്‍ജുനന്റെ സഹോദരരുള്‍പ്പെടെ നിരവധി യോദ്ധാക്കള്‍ പാണ്ഡവപക്ഷത്ത് അണിനിരന്നിട്ടുണ്ട്. അവരില്‍ ആരും ഇങ്ങനെ ഒരു നിരീക്ഷണത്തിന് മുതിരുന്നില്ല. ഇതിന്റെ അര്‍ഥം എന്താണ്? താനൊരാളാണ് ഈ അങ്കത്തിലെ ജയാപജയങ്ങള്‍ നിശ്ചയിക്കാന്‍ പോകുന്നത് എന്ന വിചാരം അര്‍ജുനന് ഉണ്ടെന്നുതന്നെ.
മോക്ഷത്തിലേക്കുള്ള ഇതരപുരുഷാര്‍ഥങ്ങളുടെ മഹാപ്രസ്ഥാനത്തില്‍ നിര്‍ണായകസ്ഥാനം അര്‍ഥപുരുഷാര്‍ഥത്തിനാണ്. അതിന്റെ നിലപാടാണ് ആ മഹായാത്രയ്ക്ക് ദിശാബോധം നല്കുന്നത്. വിഘ്‌നങ്ങളെ നന്നായി കണ്ടറിയേണ്ടത് അതിന്റെ കര്‍ത്തവ്യമാണ്.
ആര്‍ക്കായാലും ഏതു സംഗതിയിലായാലും, വിഘ്‌നങ്ങളെ തുടര്‍ച്ചയായി അതിജീവിക്കുന്നതിലൂടെയാണ് ലക്ഷ്യപ്രാപ്തി. കുതിപ്പെന്നപോലെ തടസ്സവും മുന്നേറ്റങ്ങള്‍ക്കാവശ്യമാണ്. ഒരു ഭൗതികബലത്തിനും ഏകമായി നിലനില്പില്ല. അതിനെ രൂപപ്പെടുത്തുന്നതും അതിന് പ്രസക്തി ഉളവാക്കുന്നതുപോലും എതിര്‍ബലമാണ്. ഈ ബലാബലങ്ങളുടെ ഉത്പന്നമായ ബലമാകട്ടെ, മറ്റൊരു ബലപരീക്ഷണത്തിലേക്ക് ജനിക്കുന്നു. വിഘ്‌നമില്ലാതെ ഒന്നും നടക്കില്ലെന്നര്‍ഥം. (വിഘ്‌നത്തെ ഈശ്വരനായി സങ്കല്പിക്കുന്നത് വെറുതെ അല്ല). ദ്വന്ദ്വാത്മകവൈരുധ്യവാദത്തിന്റെ (റശമഹലരശേര)െ വെളിച്ചത്തില്‍ ഇങ്ങനെ ഒരു അര്‍ഥകല്പന കൂടി ആകാം.
തനിക്ക് ജയിക്കാനുള്ള അവിഹിതകാമനകളുടെ പരപ്പും മുഴുപ്പും അറിയാന്‍ തുനിയുന്ന ബ്രഹ്മവിദ്യാവിദ്യാര്‍ഥിയായും അര്‍ജുനനെ കാണാം.

(തുടരും)



MathrubhumiMatrimonial