githadharsanam

ഗീതാദര്‍ശനം - 9

Posted on: 25 Sep 2008


അര്‍ജുന വിഷാദയോഗം


സ ഘോഷോ ധാര്‍ത്തരാഷ്ട്രാണാം
ഹൃദയാനി വ്യദാരയത്
നഭശ്ച പൃഥിവീം ചൈവ
തുമുലോ വ്യനുനാദയന്‍

ഈ ഘോഷം അങ്ങയുടെ മക്കളുടെ ഹൃദയം പിളര്‍ന്ന് ആകാശത്തും ഭൂമിയിലും മാറ്റൊലിയായി തിങ്ങി നിറഞ്ഞു.

മറുപക്ഷത്തുനിന്നുയര്‍ന്ന അലമ്പായ ശബ്ദകോലാഹലത്തിന് യഥാര്‍ഥ സംഗീതത്തിന്റെ ശക്തി സൗന്ദര്യങ്ങള്‍കൊണ്ട് മറുപടി. നാദം എന്നാല്‍ ജീവസ്​പന്ദത്തില്‍നിന്ന് പ്രസരിക്കുന്ന തരംഗം. നാദപ്പൊരുത്തം എന്നാല്‍ വ്യത്യസ്ത നാദങ്ങളുടെ ശ്രുതിചേരല്‍ അഥവാ ജീവസ്​പന്ദങ്ങളുടെ കൂട്ടായ്മയില്‍ പൊതുവായ പുതുജീവന്റെ ആവിര്‍ഭാവം. അതിന്റെ ഫലം ലയം (harmony) മറിച്ചായാല്‍ അപശബ്ദം (discord). അര്‍പ്പണത്തിലൂടെയേ പരസ്​പരം ലയിക്കാനാവൂ. വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തികൊണ്ടോ അക്രമവാസനകൊണ്ടോ ആവില്ല. ഏതൊരു കൂട്ടായ്മയുടെയും ജീവനാദം പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വരവുമായി ശ്രുതി ചേരുമ്പോള്‍ വിശ്വവ്യാപകമായ അനുരണനത്തില്‍ (resonance) കലാശിക്കുന്നു.
അഥ വ്യവസ്ഥിതാന്‍ ദൃഷ്ട്വാ
ധാര്‍ത്തരാഷ്ട്രാന്‍ കപിധ്വജഃ
പ്രവൃത്തേ ശസ്ത്രസംപാതേ
ധനുരുദ്യമ പാണ്ഡവഃ
ഹൃഷീകേശം തദാ വാക്യം
ഇദമാഹ മഹീപതേ
അര്‍ജുന ഉവാച:
സേനയോരുഭയോര്‍മധ്യേ
രഥം സ്ഥാപയ മേ/ച്യുത

രാജാവേ, പിന്നെ യുദ്ധസന്നദ്ധരായി നില്ക്കുന്ന ധാര്‍ത്തരാഷ്ട്രന്മാരെ കണ്ടിട്ട് വില്ലുയര്‍ത്തിപ്പിടിച്ച്, വാനരന്‍ കൊടിയടയാളമായുള്ള അര്‍ജുനന്‍, ശ്രീകൃഷ്ണനോട് ഇങ്ങനെ പറഞ്ഞു: ''അല്ലയോ അച്യുത, രഥം ഇരുസൈന്യനിരകളുടെയും നടുവില്‍ കൊണ്ടുചെന്ന് നിര്‍ത്തിയാലും.''
(തുടരും)



MathrubhumiMatrimonial