
ഗീതാദര്‍ശനം - 8
Posted on: 24 Sep 2008
അര്‍ജുന വിഷാദയോഗം
പാഞ്ചജന്യം ഹൃഷീകേശോ
ദേവദത്തം ധനഞ്ജയഃ
പൗണ്ഡ്രം ദധ്മൗ മഹാശംഖം
ഭീമകര്‍മാ വൃകോദരഃ
ശ്രീകൃഷ്ണന്‍ പാഞ്ചജന്യം എന്ന ശംഖവും അര്‍ജുനന്‍ ദേവദത്തം എന്ന ശംഖവും ഭീമമായ കര്‍മങ്ങള്‍ ചെയ്യാന്‍ പോന്നവനും ചെന്നായയുടെ വിശപ്പുള്ളവനുമായ ഭീമസേനന്‍ പൗണ്ഡ്രം എന്ന മഹാശംഖവും
മുഴക്കി.
വെളുപ്പ് സത്വഗുണസൂചകം. കുതിരകള്‍ ഇന്ദ്രിയങ്ങള്‍. ഈ ഋഷീകങ്ങളുടെ (ഇന്ദ്രിയങ്ങളുടെ) അധീശനായ ഈശ്വരന്‍ തനിക്കു നിയന്ത്രണാധീനങ്ങളായ പഞ്ചേന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളും ചേര്‍ന്ന് ജനിപ്പിക്കുന്ന ശബ്ദം ഘോഷിച്ചു.
അര്‍ജുനന്റെ ദേവദത്തസ്വരം അതിനോട് ശ്രുതിചേര്‍ന്നു. (പഞ്ചേന്ദ്രിയപ്രഭാവങ്ങളെ ദേവന്മാരായും മനസ്സിനെ ദേവേന്ദ്രനായും കാണുക). ഭീമസ്വരവും അതോട് ചേര്‍ന്നു. ഭീമശംഖത്തിന്റെ പേര്‍തന്നെ അതിന്റെ ശബ്ദഗാംഭീര്യത്തെ സൂചിപ്പിക്കുന്നു.
അനന്തവിജയം രാജാ
കുന്തീപുത്രോ യുധിഷ്ഠിരഃ
നകുല സഹദേവശ്ച
സുഘോഷമണിപുഷ്പകൗ
കുന്തീപുത്രനായ യുധിഷ്ഠിരരാജാവ്
അനന്തവിജയം എന്ന ശംഖവും നകുലനും സഹദേവനും സുഘോഷം, മണിപുഷ്പകം എന്നീ ശംഖങ്ങളും മുഴക്കി. (ശംഖങ്ങളുടെ പേരുകളിലൂടെയുള്ള സൂചന ശ്രദ്ധേയമാണ്).
കാശ്യശ്ച പരമേഷ്വാസഃ
ശിഖണ്ഡീ ച മഹാരഥഃ
ധൃഷ്ടദ്യുമേ്‌നാ വിരാടശ്ച
സാത്യകിശ്ചാപരാജിതഃ
ദ്രുപദോ ദ്രൗപദേയാശ്ച
സര്‍വശഃ പൃഥിവീപതേ
സൗഭദ്രശ്ച മഹാബാഹുഃ
ശംഖാന്‍ ദധ്മുഃ പൃഥക് പൃഥക്
ഹേ രാജാവേ, മഹാവില്ലേന്തിയ കാശിരാജാവും മഹാരഥനായ ശിഖണ്ഡിയും ധൃഷ്ടദ്യുമ്‌നനും വിരാടനും തോല്‍വിയറിയാത്ത സാത്യകിയും ദ്രുപദനും ദ്രൗപദീപുത്രന്മാരും മഹാബാഹുവായ അഭിമന്യുവും നാനാഭാഗങ്ങളില്‍നിന്നും വെവ്വേറെ ശംഖങ്ങള്‍ മുഴക്കി.
(തുടരും)





