
ഗീതാദര്‍ശനം - 7
Posted on: 23 Sep 2008
അര്‍ജുന വിഷാദയോഗം
തസ്യ സഞ്ജനയന്‍ ഹര്‍ഷം
കുരുവൃദ്ധ പിതാമഹഃ
സിംഹനാദം വിനദ്യോച്ചൈഃ
ശംഖം ദധ്മൗ പ്രതാപവാന്‍
അപ്പോള്‍ പ്രതാപവാനും കുരുവൃദ്ധനുമായ ഭീഷ്മര്‍ ദുര്യോധനന് സന്തോഷം ജനിക്കുമാറ് സിംഹനാദം മുഴക്കി ശംഖ് വിളിച്ചു.
ഇതോടെ കുരുക്ഷേത്രയുദ്ധത്തിന് ഔപചാരികമായ തുടക്കമായി. 'മടക്കമില്ലാബിന്ദു' കടന്നു.
സഞ്ജയന്റെ നിരീക്ഷണരീതി മോഡേണ്‍ സയന്‍സില്‍ നിരീക്ഷണത്തിനുള്ള പരിമിതികള്‍ മറികടക്കുന്നു. അനേകകാര്യങ്ങള്‍ ഒരേ സമയം കൃത്യമായി നിരീക്ഷിക്കാന്‍ ഒരേ നിരീക്ഷകന് കഴിയില്ല എന്നതാണ് സയന്‍സിലെ ഒരു പരിമിതി. ഏത് വസ്തുവിന്റെയും ഏതെങ്കിലും ഒരു ഗുണം കൃത്യമായി നിരീക്ഷിക്കുമ്പോള്‍ അതിന്റെ മറ്റു ഗുണങ്ങള്‍ അനിശ്ചിത മാകുമെന്നത് രണ്ടാമത്തേത്. നിരീക്ഷണോപാധിയുടെ ഇടപെടല്‍ നിരീക്ഷിത വസ്തുവിന്റെ ഗുണഗണങ്ങളില്‍ മാറ്റം വരുത്തുമെന്നത് മൂന്നാമത്തെ പ്രയാസം. എന്നാലോ, സര്‍വത്തിന്റെയും സര്‍വഗുണവും ഒരേസമയം നിരീക്ഷിക്കുകയാണ് സഞ്ജയന്‍. ഈ നിരീക്ഷണമാകട്ടെ, നിരീക്ഷണവിധേയമായ ഒന്നിന്റെയും ഒരു സ്വഭാവത്തിനും ഒരു മാറ്റവും വരുത്തുന്നുമില്ല. ഇതുതന്നെയാണ് സയന്‍സിന്റെയും ഉപനിഷത്തിന്റെയും അന്വേഷണരീതികള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം.
തതഃ ശംഖാശ്ച ഭേര്യശ്ച
പണവാനകഗോമുഖാഃ
സഹസൈവാഭ്യഹന്യന്ത
സശബ്ദസ്തുമുലോ/ഭവത്
അതേത്തുടര്‍ന്ന്, കൗരവസേനയില്‍ ശംഖ്, ഭേരി, പണവം, ആനകം, ഗോമുഖം എന്നുതുടങ്ങിയ വാദ്യങ്ങളെല്ലാം കൂട്ടത്തോടെ മുഴങ്ങി. എല്ലാം കൂടി വളരെ വലിയ ശബ്ദകോലാഹലമായിത്തീര്‍ന്നു.
(താളമോ ക്രമമോ ഇല്ലാതെ കോലാഹലമായാണ് ദുഷ്‌പ്രേരണകളുടെ പടപ്പുറപ്പാട്).
തതഃ ശ്വേതൈര്‍ഹയൈര്‍യുക്തേ
മഹതിസ്യന്ദനേ സ്ഥിതൗ
മാധവഃ പാണ്ഡവശ്ചൈവ
ദിവ്യൗ ശംഖൗ പ്രദധ്മതുഃ
പിന്നീട്, വെള്ളക്കുതിരകളെ പൂട്ടിയ മഹത്തായ തേരില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണനും അര്‍ജുനനും ദിവ്യങ്ങളായ ശംഖുകള്‍ പ്രഹര്‍ഷേണ മുഴക്കി.
പ്രഹര്‍ഷേണയാണ്, അതായത് ശ്രുതിചേര്‍ന്ന് ഇമ്പമുണ്ടാക്കുംപടിയാണ്, ഈ ശംഖുകള്‍ മുഴങ്ങുന്നത്; ക്രമത്തിലുമാണ്. ആദ്യം മാധവന്‍, പിന്നെ അര്‍ജുനന്‍.
'ആത്മാനം രഥിനം വിദ്ധി' എന്നു തുടങ്ങുന്ന ഉപനിഷദ്ദത്തമായ രഥകല്പനയുടെ മൂര്‍ത്തരൂപമാണ് കാണപ്പെടുന്നത്.
(തുടരും)





