githadharsanam

ഗീതാദര്‍ശനം - 5

Posted on: 21 Sep 2008


ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച
കൃപശ്ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികര്‍ണശ്ച
സൗമദത്തിസ്തഥൈവ ച
(സൗമദത്തിര്‍ജയദ്രഥഃ എന്നും പാഠം.)

അങ്ങ്, ഭീഷ്മര്‍, കര്‍ണന്‍, യുദ്ധവിജയിയായ കൃപര്‍, അശ്വത്ഥാമാവ്, വികര്‍ണന്‍ എന്നിവരും സോമദത്തപുത്രനും (പാഠഭേദപ്രകാരം ജയദ്രഥനും) ഉണ്ട്.

അന്യേ ച ബഹവഃ ശൂരാഃ
മദര്‍ഥേ ത്യക്ത ജീവിതാഃ
നാനാശസ്ത്രപ്രഹരണാഃ
സര്‍വേ യുദ്ധവിശാരദാഃ

എനിക്കായി മരിക്കാന്‍ ഒരുങ്ങിയവരും നാനാവിധ ആയുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ മിടുക്കരുമായ വേറെയും നിരവധി ശൂരന്മാരുണ്ട്. ഇവരെല്ലാം യുദ്ധവിശാരദന്മാരുമാണ്.
ഇവിടെയുണ്ട് ഒരു കുത്ത്. അണി നിരന്ന പടയാളികള്‍ക്കിടയില്‍ മറ്റാരുടെയും സമര്‍പ്പണബോധത്തെക്കുറിച്ച് തനിക്ക് സംശയമില്ലെന്നും പ്രിയശിഷ്യനായ അര്‍ജുനന്‍ മറുവശത്തുള്ളതിനാല്‍ ദ്രോണരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും തന്നെ!
തനിക്കുവേണ്ടി മരിക്കാന്‍ തന്റെ ബന്ധുമിത്രാദികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ തയ്യാറുള്ളതിനെപ്പറ്റി ദുര്യോധനന്‍ ഊറ്റം കൊള്ളുന്നു. എന്നാല്‍ ദുര്യോധനന്‍ ആര്‍ക്കെങ്കിലും വേണ്ടി മരിക്കാന്‍ തയ്യാറാണോ? ഒരിക്കലുമല്ല! ഇതാണ് ദുര്യോധനന്റെ മനഃസ്ഥിതിയും അര്‍ജുനന്റെ മനഃസ്ഥിതിയും തമ്മിലുള്ള വാസനാപരമായ അന്തരം. സ്വന്തക്കാരുടെ മരണത്തേക്കാള്‍ സ്വീകാര്യം തന്റെ അന്ത്യമാണെന്ന നിലപാടാണ് അര്‍ജുനന്‍ സ്വീകരിക്കാന്‍ പോകുന്നത്. ആ നിലപാടിന് ജീവശ്ശാസ്ത്രപരമായ സാധുതയുണ്ട്. ജീവശ്ശാസ്ത്രാധിഷ്ഠിതമായ പരക്ഷേമതത്പരത (Biological altruism) എന്ന വികാരത്തിന്റെ അടിത്തറ ''കുലത്തിനായി ഒരാളെയോ ദേശത്തിനായി ഒരു കുലത്തെയോ ത്യജിക്കാ''മെന്ന മൊഴിയുടെ പൊരുളില്‍ കാണാം. ജീവിവര്‍ഗങ്ങളില്‍ പലതും വംശരക്ഷയ്ക്കായി സ്വജീവന്‍ ബലി കൊടുക്കുന്നു. രക്തബന്ധമുള്ളവരുടെ രക്ഷയ്ക്കായുള്ള ആത്മബലിക്കാണ് മുന്‍ഗണന എന്നുകൂടി ഓര്‍ക്കണം. പക്ഷേ, ബന്ധുമിത്രാദികളുടെ ജീവരക്ഷയിലുള്ള ജീവശ്ശാസ്ത്രപരമായ താത്പര്യം അനീതിയുടെ സംരക്ഷണത്തിനായിത്തീരുമ്പോഴോ? ഗെയിം തിയറി ഇവിടെയും ഒരു ഉത്തരം തരുന്നുണ്ട്. അള്‍ട്രൂയിസവും നീതിബോധവും തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോള്‍ ജയിക്കേണ്ടത് നീതിബോധമാണ്. പടിപടിയായുള്ള അത്തരം ജയങ്ങളിലൂടെയാണ് സംസ്‌കാരം (Culture) വളരുന്നത്.

(തുടരും)





MathrubhumiMatrimonial