ഒരു ചതിയും ഒളിച്ചോട്ടവും

Posted on: 22 Sep 2008

ഡോ. എം.ജി.എസ്. നാരായണന്‍



ക്രിസ്തു പതിനൊന്നാം നൂറ്റാണ്ടില്‍ പലപ്പോഴായി ചേരസൈന്യങ്ങളും ചോള സൈന്യങ്ങളും തമ്മില്‍ നാടിന്റെ തെക്കെയറ്റത്ത് കടലിലും കരയിലും ഏറ്റുമുട്ടലുകള്‍ നടന്നു കൊണ്ടിരുന്നു. പ്രൊഫസര്‍ ഇളംകുളം കല്പിച്ചതുപോലെ തുടര്‍ച്ചയായ ഒരു 'നൂറ്റാണ്ടുയുദ്ധം' ഉണ്ടായിരുന്നില്ല. കൊച്ചു കേരളം ചോള സാമ്രാജ്യത്തിനുമുമ്പില്‍ തലകുനിക്കാതെ അജയ്യമായി ചെറുത്തു നിന്നതുമില്ല. ഭാസ്‌കരരവിയുടെ (961-1021എഒ)അവസാനവര്‍ഷങ്ങളില്‍ത്തന്നെ ചോള സൈന്യം കേരളത്തില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. പിന്നീട് വാണ രണ്ടു ചേരമാന്മാര്‍- രാജ സിംഹന്‍, രാജരാജന്‍- ചോളചക്രവര്‍ത്തിയുടെ സാമന്തരുമായി. ചോളന്മാര്‍ ഒരിക്കല്‍ കൊല്ലം വരെ കയറിച്ചെന്ന്, ആ നഗരം പിടിച്ചടക്കി, ആ പ്രദേശങ്ങളില്‍ പതിവായിരുന്ന 'കൊല്ലം തോന്റിയാണ്ടി'ന് പകരം 'കൊല്ലം അഴിന്തയാണ്ട്' നടപ്പാക്കി. പിന്നെ ചേരന്മാര്‍ അവിടം വീണ്ടെടുത്ത് ചോളസൈന്യങ്ങളെ തെക്കോട്ട് കോട്ടാര്‍ വരെ തിരിച്ചോടിച്ചു. കേരളരാജ്യം അല്പകാലത്തേക്ക് സ്വാതന്ത്ര്യം വീണ്ടെടുത്തു. ഈ യുദ്ധകോലാഹലങ്ങള്‍ക്കിടയില്‍ അന്തിമഘട്ടത്തില്‍ എവിടെയോ ആയിരിക്കണം ഏറനാട്ടിലെ നാടുവാഴിയായ മാനവിക്രമന്‍ പൂന്തുറ വെച്ചുണ്ടായ സംഘട്ടനത്തിലെ പരാക്രമത്തിലൂടെ പെരുമാളുടെ പ്രത്യേക വാത്സല്യത്തിന് പാത്രമായത്. അങ്ങനെ 'പൂന്തുറക്കോന്‍' എന്ന ബിരുദവും അദ്ദേഹത്തിന് വന്നുചേര്‍ന്നു.

ഇനിയങ്ങോട്ടുള്ള ഇടക്കാലത്തിന് കേരളോത്പത്തിയും കോവിലകം ഗ്രന്ഥവരികളുമല്ലാതെ മറ്റ് ആധാരങ്ങളൊന്നും കിട്ടാനില്ല. എങ്കിലും ഇവയെ വിശ്വസിക്കാം എന്നതിന് സാഹചര്യത്തെളിവുകള്‍ സാക്ഷ്യം വഹിക്കുന്നു.

യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ പടയാളികളെ 'കേരളത്തില്‍ അത്യന്തം തെളിഞ്ഞ നാട്ടില്‍ ഇരിക്കാന്‍ തക്കവണ്ണം കല്പിച്ച് പോലനാട്ടില്‍ കുടിയിരുത്തിയ' തായി കേരളോത്പത്തിയില്‍ പറഞ്ഞിരിക്കുന്നു. ഒരു പക്ഷേ, ഒടുക്കത്തെ പെരുമാളുടെ പേര്‍ വഹിക്കുന്ന (ഇ) രാമവളനാട് ഇങ്ങനെ സൃഷ്ടിക്കപ്പെട്ടതായിരിക്കണം. പിന്നീട് നെടിയിരിപ്പില്‍ നിന്ന് വടക്കോട്ട് നീങ്ങിയ ഏറാടിമാരുടെ കീഴില്‍ അത് ഏറനാട്ടിന്റെയും അവര്‍ പുതുതായി സ്ഥാപിച്ച കോഴിക്കോട്ട് രാജ്യത്തിന്റെയും ഭാഗമായിത്തീര്‍ന്നു. കടല്‍ക്കരയില്‍ ബേപ്പൂര്‍ (വെയ്പ്+ഊര്‍?) തലസ്ഥാനമായ പര്‍പ്പനാട്ടിലെ നാടുവാഴികളും ഏറാടിമാരുടെ സാമന്തരായി കഴിഞ്ഞുകൂടി.

പോലനാട് എന്നു പറയുന്നത് പെരുമാളുടെ കീഴില്‍ ഉണ്ടായിരുന്ന പൊറകിഴാനാട് അഥവാ പൊറനാട് തന്നെയാണ്. അത് രണ്ടായി മുറിഞ്ഞുകിടന്നു. വടക്ക് ഭാഗം കോട്ടയത്തും തെക്കുഭാഗം പോലൂരും ഉള്ള കോവിലകക്കാരാണ് ഭരിച്ചിരുന്നത്. ഒടുവിലത്തെ പെരുമാള്‍ യുദ്ധം ജയിച്ചുവന്ന പടയാളികളെ പോലനാട്ടിലെ രാമനാട്ടില്‍, (ഇപ്പോഴത്തെ രാമനാട്ടുകര) കുടിയിരുത്തിയതും പടത്തലവനായ മാനവിക്രമന്‍ ഏറാടിക്ക് അതിന്റെ തൊട്ടുവടക്കുള്ള 'കോഴിക്കോടും ചുള്ളിക്കാടും' ദാനം ചെയ്തതും പൊര്‍ളാതിരിക്ക് ഇഷ്ടപ്പെട്ടിരിക്കാന്‍ ഇടയില്ല. ഇതു കൊണ്ടാണ് ദാനം കിട്ടിയ കോഴിക്കോട്ടു താമസം ഉറപ്പിക്കാന്‍ മാനവിക്രമനും അനന്തിരവരും നാല്പത്തെട്ടുകൊല്ലത്തോളം -ഏതാണ്ട് അരനൂറ്റാണ്ടോളം- പൊര്‍ളാതിരിയുമായി പടവെട്ടേണ്ടി വന്നത്.

പാരമ്പര്യമനുസരിച്ച് കോഴികൂവുന്ന ദേശവും ചുള്ളിക്കാടും കൊടുക്കുമ്പോള്‍ 'ചത്തും കൊന്നും അടക്കിക്കൊള്‍ക'' എന്നും ''ഈ മലനാട്ടില്‍ മുഴുവനും ഞാന്‍ നീയായിട്ട് മേല്‍ക്കോയ്മ സ്ഥാനം നടത്തിക്കൊള്‍ക'' എന്നും പെരുമാള്‍ പൂന്തുറക്കോനെ അനുഗ്രഹിച്ചുവത്രെ. പണ്ടത്തെ നിയമസമാധാനക്രമം പൊളിഞ്ഞസ്ഥിതിക്ക് ഇനി ''വമ്പന്ന് വാഴ്‌വാന്‍ അവകാശം'' എന്നദ്ദേഹം തിരിച്ചറിഞ്ഞിരിക്കാം. അനുഗ്രഹത്തിന്റെ കൂടെ സ്വന്തം വാളും കൊടുത്തുവത്രെ. ഇതിലല്പം സത്യമുണ്ടായിരിക്കണം. കാരണം ആ ചേരമാന്‍ വാള്‍ എല്ലാ ഘോഷയാത്രയിലും യുദ്ധയാത്രയിലും സാമൂതിരിപ്പാടന്മാര്‍ എഴുന്നള്ളിക്കാറുണ്ടായിരുന്നു. പില്കാലത്ത് കൊടുങ്ങല്ലൂര്‍ വെച്ച് പറങ്കികളുമായുണ്ടായ ഒരു യുദ്ധത്തിനിടയില്‍ ആ വാള്‍ എങ്ങനെയോ പൊട്ടിപ്പോയപ്പോള്‍ ചിതറിയ കഷണങ്ങള്‍ ഒരു ചെമ്പുറയിലാക്കിവെച്ചു. അതിപ്പോഴും തളി ശിവക്ഷേത്രത്തില്‍ പൂജിക്കപ്പെടുന്നുണ്ട്.

ഇത്തരം വൈകാരിക സന്ദര്‍ഭങ്ങള്‍ ഒരു ഭാഗത്ത് ആത്മവിശ്വാസം വളര്‍ത്തുകയും മറുഭാഗത്ത് ശത്രു സൈന്യങ്ങള്‍ക്കിടയില്‍ ഭയം കൂട്ടുകയും ചെയ്യുന്നു. യുദ്ധവിജയത്തില്‍ എല്ലാകാലത്തും ഇമ്മാതിരി മനഃശാസ്ത്രഘടകങ്ങള്‍ക്ക് അവഗണിക്കാനാവാത്ത പ്രാധാന്യമാണുള്ളത്. പില്കാലത്ത് സാമൂതിരിപ്പാടും പൊര്‍ളാതിരിയും തമ്മിലുള്ള യുദ്ധത്തിലും ഇത്തരം ചില പ്രയോഗങ്ങളുണ്ടായി.
പോലനാട് ''ലോകര്‍'' തന്റെ ഭാഗത്താക്കാന്‍ എന്താണ് വഴിയെന്ന് കുന്നലക്കോന്‍ ഒരു കൂടിയാലോചന ഏര്‍പ്പാട് ചെയ്തത് പന്നിയങ്കര ഭഗവതീക്ഷേത്രത്തിലെ വാതില്‍മാടത്തിലായിരുന്നു. അക്കാലങ്ങളില്‍ നാടുവാഴികള്‍ കാര്യവിചാരമോ തത്ത്വവിചാരമോ നടത്താന്‍ ഈ സ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു. 'കണ്ടവരൊ'ന്നും കയറിവരില്ല. ക്ഷണിക്കപ്പെട്ടവര്‍, സവര്‍ണര്‍, സമ്പന്നരായ അനുയായികള്‍- അത്രയും ആളുകള്‍ക്ക് സൈ്വരമായി, സുരക്ഷിതമായി ചര്‍ച്ച ചെയ്യാം. ദൈവാനുഗ്രഹത്തിന്റെ പരിവേഷവുമുണ്ട്. കോഴിക്കോട് തളി ശിവക്ഷേത്രത്തിന്റെ വാതില്‍മാടത്തിലാണല്ലോ തളി പട്ടത്താനം കൂടിയിരുന്നത്. കടവല്ലൂര്‍ 'അന്യോന്യം' എന്ന വൈദികമത്സരം ആ ക്ഷേത്രത്തിന്റെ വാതില്‍മാടത്തിലാണ് ഇന്നും അരങ്ങേറുന്നത്.

സാമൂതിരി ചവരക്കൂറ്റിലും പുതുക്കോട്ടകൂറ്റിലും ഉള്ള ഇടപ്രഭുക്കന്മാരെ എഴുതി അയച്ചുവരുത്തി ''നിങ്ങള്‍ ഞങ്ങള്‍ക്ക് ബന്ധുവായിരിക്കണം; തുണയായി നില്ക്കയും വേണം'' എന്ന് അഭ്യര്‍ഥിച്ചശേഷം അന്യോന്യം കൈപിടിച്ച് 'സമയം' ചെയ്തു. സന്ധിയില്‍ ഒപ്പുവെക്കുകയല്ല, നേരിട്ടുകൂടി വാക്കാല്‍പറയുകയാണ് അന്നത്തെ ആചാരം. പറഞ്ഞ വാക്കിന് എഴുത്തിനെക്കാള്‍ വിലയുമുണ്ടായിരുന്നു! അങ്ങനെ സാമൂതിരിയുമായി ചേരാന്‍ തയ്യാറായ പ്രഭുക്കന്മാരുടെ പേരുകള്‍ 'കേരളോത്പത്തി'യില്‍ കാണുന്നുണ്ട്. അതത് ആളുകളുടെ സൈന്യസംഖ്യയാണ് പേരിനുനേരേ കൊടുത്തിരിക്കുന്നത്.

ചവരക്കൂറ്റില്‍ പടിഞ്ഞാറ്
വെട്ടത്തു രാജാവ്- 5000
പയ്യനാട്ട് നമ്പിടി- 5000
മങ്ങാട്ട് നമ്പിടി-1200 (?)
മുക്കുടക്കാട്ടുമൂന്ന് താവഴി- 5000
പെരിയാണ്ടമുക്കില്‍ കിഴക്കേ നമ്പിടി- 1000
പുതുക്കോട്ട കൂറ്റില്‍
തിരുമനശ്ശേരി നമ്പൂതിരി- 3000
മാണിയൂര്‍ നമ്പിടി- 100
കോഴിക്കൊല്ലി- 300
പെരിയാണ്ടമുക്കില്‍ പടിഞ്ഞാറെ നമ്പിടി- 300
കൊട്ടുമ്മല്‍ പടനായര്‍- 300
ഇരിക്കാലിക്കല്‍ അധികാരന്‍- 300
നെടുങ്ങനാട് മീത്തല്‍ തെക്കുംകൂറ്റില്‍
തെക്കുംകൂറ്റില്‍ കര്‍ത്താവ്- 100
കാരക്കാട്ട് മൂത്തനായര്‍- 1000
വീട്ടിക്കാട്ട് പടനായര്‍- 300
വീട്ടിക്കാട്ട് തെക്കുനായര്‍- 100
നെടുങ്ങനാട്ടുമീത്തല്‍ വടക്കുംകൂറ്റില്‍
വടക്കുംകൂറ്റില്‍ കര്‍ത്താവ്- 100
കരിമ്പുഴ ഇളമ്പിലാശ്ശേരി നായര്‍- 300
കണ്ണനൂര്‍ പടനായര്‍- 500
നെടുങ്ങനാട്ട് പടനായര്‍- 300
തെക്കുംകൂറ്റില്‍ വടക്കന്‍ നായര്‍- 300
മുരിയലാട്ടു നായര്‍- 300
ചേരങ്ങാട്ടു കളപ്പള്ളി നായര്‍ - 300
മുളഞ്ഞ പടനായര്‍- 300
മങ്കര ലോകര്‍- 500
വെണ്മണ്ണൂര്‍ വെള്ളാട്ട് അധികാരന്‍ - 100
കുഴല്‍കുന്നത്ത് പുളിയക്കോട്ട് മൂത്തനായര്‍- 300
കൊങ്ങശ്ശേരി നായര്‍- 100
ആലിപ്പറമ്പില്‍ മേനോന്‍- 100
മേലേതലപാര്‍ക്കും കേളല്ലൂര്‍ തലപാര്‍ക്കുംകൂടി- 500
കുതിരവട്ടത്തുനായര്‍- 5000
വെങ്ങനാട്ടു നമ്പിടി- 1000
മാച്ചുറ്റി രാമന്‍ ഉള്ളാടര്‍- 1000
വടകരെകൂറ്റില്‍ പിലാശ്ശേരി നായര്‍ - 50

ഇത്രയും ഇടപ്രഭുക്കളും മാടമ്പികളും പുരുഷാരവും കൂടി സാമൂതിരിയുടെയും ഇളംകൂര്‍ വാണ നമ്പിയാതിരിയുടെയും നേതൃത്വത്തില്‍ നാല്പത്തെട്ടു കൊല്ലം പട കൂടിയിട്ടും പൊര്‍ളാതിരിയെ തോല്പിക്കാന്‍ കഴിഞ്ഞില്ല! അങ്ങോര്‍ക്ക് ആകെയുണ്ടായിരുന്നത് പോലനാട് മുക്കാതം വഴി നാട്ടിലെ 32 തറയും പതിനായിരം നായരും അതില്‍ മൂന്നുകൂട്ടവും അഞ്ച് അകമ്പടിജനവും മാത്രമാണ്.

ഈ തോല്‍വിക്കുശേഷം സാമൂതിരി മറ്റൊരു മാര്‍ഗം തേടി. ആറുമാസക്കാലം ശ്രീപോര്‍ക്കലി ഭഗവതിയെ സേവിച്ച് 'പ്രത്യക്ഷപ്പെടുത്തി'. ആ ഭഗവതി പൊര്‍ളാതിരിയുടെ കുലപരദേവതയാണ് എന്നറിയാമല്ലൊ. ചെല്ലുന്ന ദിക്കെല്ലാം ജയിക്കാന്‍തക്ക വരം കൊടുത്ത് ഭഗവതി ഒരു വാതില്‍പ്പൊളിയില്‍ അപ്രത്യക്ഷമായതായി സാമൂതിരിക്ക് തോന്നി. ഭഗവതിയുടെ സാന്നിധ്യം ആ വാതില്‍പ്പൊളിയില്‍ ഉണ്ടായിരിക്കണം എന്നു കരുതിയ സാമൂതിരി അത് പൊളിച്ചെടുത്ത് സ്വന്തം അടയാളമാക്കി പ്രദര്‍ശിപ്പിക്കുവാന്‍ തുടങ്ങി.

ദേവിയുടെ സേവയില്‍ നിന്നുണ്ടായ ആത്മവിശ്വാസം സാമൂതിരിപ്പാടിലും അതനുസരിച്ചുള്ള പ്രചാരണം സൃഷ്ടിച്ച മനശ്ചാഞ്ചല്യം മറുപുറത്തും പ്രവര്‍ത്തിച്ചിരിക്കണം. അവരുടെ മനോവീര്യം കെടുത്തി വിജയം കൊയ്യാനായി പരിശ്രമം . സാമ, ദാനങ്ങളുടെ സഹായത്തോടുകൂടി ഭേദം (ഭിന്നിപ്പിക്കല്‍) സാധിക്കാനാണ് ലക്ഷ്യമിട്ടത്. സാമൂതിരി പന്നിയങ്കരയില്‍ തിരിച്ചെത്തി പൊര്‍ളാതിരിയുടെ കീഴിലുള്ള അകമ്പടിപ്പതിനായിരത്തെ നിര്‍വീര്യമാക്കാന്‍ കരുക്കള്‍ നീക്കി. അവരെ തോല്പിക്കുവാന്‍ ഏറ്റവും നല്ല വഴി കൈക്കൂലിയാണെന്ന കണ്ടുപിടിത്തമുണ്ടായി. അതും ഭഗവതി സ്വയം തോന്നിച്ചതാവാം! പൊര്‍ളാതിരിയുടെ ഇഷ്ടനായ കാര്യസ്ഥന്‍ മേനോക്കിയെയും ഇഷ്ടനായിക ചാലപ്പുറത്തമ്മയെയും തന്നെയാണ് പിടികൂടിയത്. അതോടെ ഒരു വന്‍ ചതിയും ഒളിച്ചോട്ടവും നടക്കാന്‍ അരങ്ങൊരുങ്ങി. രാഷ്ട്രീയത്തില്‍ അന്നുമിന്നും ആളുകള്‍ ഒരേ കളികളാണ് കളിക്കാറുള്ളതെന്നും അതില്‍ ദൈവനാമം ഒരു പ്രധാനായുധമാണെന്നും ഓര്‍മിക്കുക.



MathrubhumiMatrimonial