
എഴുന്നള്ളത്ത് പുരയെക്കുറിച്ച്്
Posted on: 04 Sep 2008
വള്ളക്കടവ് ജങ്ഷനില്‍ കെ.എസ്.ഇ.ബി. ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്നിരിക്കുന്ന സ്ഥലം. സ്ഥലനാമപുരാണത്തില്‍ എഴുന്നള്ളത്ത് പുരയെന്ന് പേര്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ടിന് വരുന്ന അകമ്പടി വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ച് വിശ്രമിച്ചിരുന്നയിടമെന്ന് വള്ളക്കടവിലെ പഴമക്കാരുടെ സാക്ഷ്യപ്പെടുത്തല്‍. തടികൊണ്ട് നിര്‍മിച്ച ഈ എഴുന്നള്ളത്ത് പുര ഇന്ന് നാമാവശേഷമായിരിക്കുന്നു. പുരാവസ്തുവായി സൂക്ഷിക്കേണ്ട പുരയാണ് ആരുടെയൊക്കയോ അനാസ്ഥകൊണ്ട് അനാഥമായിപ്പോകുന്നതെന്ന് നാട്ടുകാരുടെ പരാതി.20 സെന്റാളം വരുന്ന എഴുന്നള്ളത്ത് പുരയുടെ കോമ്പൗണ്ടില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് അനധികൃത കശാപ്പ് ശാലയും. മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് ഇവിടെ രൂക്ഷമായ നാറ്റമാണ്. നായ്ക്കളുടെ ശല്യവും.അലക്ഷ്യമായി മൃഗാവശിഷ്ടങ്ങള്‍ പാര്‍വതി പുത്തനാറിലേയ്ക്ക് വലിച്ചെറിഞ്ഞ് മലിനമാക്കുന്നതായും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. എഴുന്നള്ളത്ത് പുരയോട് ചേര്‍ന്നാണ് നഗരസഭയുടെ പാര്‍ക്ക് കിടക്കുന്നത്. പാര്‍ക്കെന്ന് കേള്‍ക്കുമ്പോള്‍ വലിയ സ്വപ്നങ്ങളൊന്നും മനസ്സില്‍ വന്നേയ്ക്കരുത്. പേരില്‍ മാത്രമാണ് പാര്‍ക്ക് ഒതുങ്ങുന്നത്. ആക്രി വില്‍ക്കുന്ന സംഘങ്ങളാണ് ഈ പാര്‍ക്ക് കൈയേറിയിരിക്കുന്നത്. ഇരുമ്പും തുരുമ്പും നിറഞ്ഞ ഗോഡൗണുകളാണ് സ്മാരകങ്ങള്‍ എന്നപോലെ ഇവിടെയുള്ളത്. ആക്രിസാധനങ്ങളുടെ ശവപ്പറമ്പെന്നും പറയാം.
ശേഷിച്ച സ്ഥലങ്ങളില്‍ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസുകളും സുലഭം. അവിടത്തെ ഒച്ചയും ബഹളവും മറ്റൊരു മാലിന്യം. അക്രമിസംഘങ്ങളുടെ ഒളിത്താവളമായും ഈ പ്രദേശത്തെ ഉപയോഗിക്കുന്നവരുണ്ട്. ഇവിടെ എല്ലാം സുരക്ഷിതമായി നടക്കുമ്പോള്‍ അധികൃതര്‍ കണ്ണുമടച്ച് നടക്കുകയാണ്.
എഴുന്നള്ളത്ത് പുരയോട് ചേര്‍ന്നുതന്നെയാണ് വള്ളക്കടവില്‍ ബോട്ടുപുരയും സ്ഥിതിചെയ്യുന്നത്. ഇതില്‍ ബോട്ടുപുര കെ.ടി.ഡി.സി. നവീകരിച്ച് കഴിഞ്ഞു. എന്നാല്‍, പുതുക്കി പരിരക്ഷിക്കേണ്ട എഴുന്നള്ളത്ത് പുരയ്ക്ക് മാത്രം ഇനിയും ശാപമോക്ഷമായിട്ടില്ല. പവിത്രമായ ചടങ്ങുകള്‍ നടന്ന സ്ഥലമെന്ന നിലയില്‍ ഇത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യം പലതവണ ചൂണ്ടിക്കാട്ടിയുള്ളതാണെങ്കിലും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് നാട്ടുകാര്‍ക്കുള്ളത്. നേരത്തെ ഇവിടെത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് വേലികെട്ടി തിരിച്ചതാണെങ്കിലും വീണ്ടും പഴയ സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. ചരിത്രപ്രാധാന്യമേറിയ എഴുന്നള്ളത്ത് പുര പുനര്‍നിര്‍മിച്ച് കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.




