
ഗാന്ധിജിയെത്തിയ വീട്
Posted on: 01 Sep 2008
ടി.സി. പ്രേംകുമാര്‍
പറവൂര്‍: പറയത്ത് ഭവനത്തിന്റെ ബാല്‍ക്കണിയില്‍ മഹാത്മാഗാന്ധിയുടെ ഉജ്ജ്വലമായ വാക്‌ധോരണി മുഴങ്ങി. ദേശാഭിമാനത്തിന്റെ ആ ഉറച്ച ശബ്ദം കച്ചേരി മൈതാനിയില്‍ നിറഞ്ഞുനിന്ന ആയിരങ്ങളില്‍ സ്വാതന്ത്ര്യ സമരാഗ്‌നനി പടര്‍ത്തി.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്താളുകളില്‍ പറവൂരിന് എക്കാലത്തേയും മഹനീയദിനം സമ്മാനിച്ചുകൊണ്ട് 82 വര്‍ഷം മുമ്പ് നടത്തിയ ആ പ്രസംഗം കേട്ടവരില്‍ അധികമാരും ഇന്ന് ജീവിച്ചിരിപ്പില്ല. വിശാലമായ പുല്‍ത്തകിടികള്‍ ഉണ്ടായിരുന്ന കച്ചേരി മൈതാനിക്കും ഏറെ മാറ്റം വന്നു. എന്നാല്‍ ഗാന്ധിയുടെ പാദസ്പര്ശത്താല് പറയത്ത് ഭവനം ഇപ്പോഴും പറവൂരിന്റെ തിലകച്ചാര്‍ത്തായി ഇവിടെയുണ്ട്.
1926ലാണ് മഹാത്മജി പറവൂരിലെത്തിയത്. കൃത്യമായ തിയതി ലഭ്യമല്ല. ഓര്‍മകളില്‍ ഗാന്ധിയെ കണ്ട തലമുറയില്‍ അവശേഷിച്ചിരുന്ന കുറ്റിക്കാട്ടുമഠത്തില്‍ ജാനകിയമ്മയും ഈരത്തറ ഗോപാലനും ഒക്കെ അടുത്തയിടെ മരിച്ചു. കച്ചേരി മൈതാനിയില്‍ ഗാന്ധിജിയുടെ പ്രസംഗം കേട്ട് ദേശാഭിമാനത്തിന്റെ ആവേശം മൂലം കുട്ടിയായിരുന്ന ജാനകിയമ്മ സ്വന്തം സ്വര്‍ണാഭരണങ്ങള്‍ ഊരി ഗാന്ധിപാദങ്ങളില്‍ സമര്‍പ്പിച്ചിരുന്നു.
കച്ചേരി മൈതാനിക്ക് പടിഞ്ഞാറെയറ്റത്തായാണ് കിഴക്കോട്ടഭിമുഖമായി പറയത്ത് വീട് സ്ഥിതി ചെയ്യുന്നത്. പറവൂരിലെ ആദ്യ നഗരപിതാവും പൗരപ്രമുഖനുമായ പറയത്ത് ഗോവിന്ദ മേനോന്റെ വീട്. ഗാന്ധി ഒരു ദിവസം താമസിച്ചതും പ്രസംഗിച്ചതും ഇവിടെയായിരുന്നു. വീടിന്റെ ഒന്നാം നിലയിലെ ചാരുകസേരയിലിരുന്നാണ് ഗാന്ധി പ്രസംഗിച്ചത്. ആ കസേര ഇന്നും വീടിന്റെ മുകള്‍ത്തട്ടിലുണ്ട്.
പറവൂര്‍ കച്ചേരി തോട്ടില്‍ ബോട്ടുമാര്‍ഗം എത്തിയ ഗാന്ധിജി അനുയായികളോടൊപ്പം മൈതാനിയിലൂടെ കാല്‍നടയായാണ് പറയത്തെത്തിയത്.
ആട്ടിന്‍പാല്‍ പ്രിയമായ ഗാന്ധിജിക്കായി പറയത്ത് കോലാടുകളെ എത്തിച്ചിരുന്നു. ഉത്തരേന്ത്യയില്‍ നിന്നും പ്രത്യേകം മധുരനാരങ്ങയും വരുത്തി.
വൈക്കം സത്യാഗ്രഹഭൂമിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് ഗാന്ധിജി പറവൂരിലുമെത്തിയത്.




