
കാലത്തിന്റെ കൈയൊപ്പുമായി
Posted on: 12 Aug 2008

പോര്‍ച്ചുഗീസ് മിഷണറിമാരുടെ കാലത്ത് തയ്യാറാക്കിയ രജിസ്റ്ററില്‍ 1805 മുതലുള്ള മാമോദീസ കണക്കുകളാണ് സൂക്ഷിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസ് ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന രജിസ്റ്ററില്‍ മാമോദീസാ സ്വീകരിച്ച വ്യക്തിയുടെ പേര്, മാതാപിതാക്കളുടെ പേര്, വര്‍ഷം, മാസം, തീയതി എന്നിവയുണ്ട്. 1875 വരെയുള്ള കണക്കുകളാണ് രജിസ്റ്ററിലുള്ളത്.
1877 ന് ശേഷമുള്ള മാമോദീസാ കണക്കുകള്‍ ലത്തീന്‍ ഭാഷയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ വൈദികര്‍ കൊല്ലത്ത് എത്തിയപ്പോള്‍ തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്ന രജിസ്റ്ററില്‍ 1910 വരെയുള്ള കണക്കുകളാണുള്ളത്. ഇതേ രജിസ്റ്ററില്‍ ചില വര്‍ഷങ്ങളിലെ മാമോദീസവിവരങ്ങള്‍ തമിഴ് ഭാഷയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ആദ്യകാലസുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലത്ത് എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസുകാരുടെ മാമോദീസ രേഖകളാണ് രജിസ്റ്ററിലുള്ളത്. കാലപ്പഴക്കത്താല്‍ പൊടിഞ്ഞു തുടങ്ങിയ അവസ്ഥയിലാണ് രജിസ്റ്റര്‍. കൗതുകത്തിനുപരി പഴമയുടെ പ്രൗഢി തിരിച്ചറിഞ്ഞ വാടി ഇടവക വികാരി ഫാ. ജോര്‍ജ് മാത്യു രജിസ്റ്ററുകള്‍ ബയന്‍ഡ് ചെയ്ത് സംരക്ഷിക്കാനുള്ള നീക്കത്തിലാണ്.
പൗരാണികതയുടെ വരമൊഴി നിധി പോലെ സൂക്ഷിക്കുകയാണ് വാടി ഇടവക.
ദിവ്യാ ജോര്‍ജ്
