ചരിത്രപുണ്യവുമായി മാല്യങ്കര ലോകടൂറിസം ഭൂപടത്തില്‍

Posted on: 12 Aug 2008


പറവൂര്‍: അറബിക്കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന മത്സ്യബന്ധനകേന്ദ്രമായ മാല്യങ്കര ഗ്രാമം ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംതേടുന്നു. ക്രിസ്തുശിഷ്യനായിരുന്ന സെന്റ് തോമസിന്റെ ഭാരതപ്രവേശനവുമായി ബന്ധപ്പെട്ട ഈ തീരഗ്രാമം മുസരിസ്സ് പൈതൃക സംരക്ഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വികസിപ്പിക്കുക. കടലും കായലും പെരിയാറിന്റെ കൈവഴികളും നിറഞ്ഞ് മധ്യകേരളത്തിലെ മത്സ്യബന്ധനത്തിന്റെ സിരാകേന്ദ്രമായ ഇവിടം ഇനി വിദേശ - ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും ചരിത്രകുതുകികള്‍ക്കും പറുദീസയാകും. പൈതൃക സ്മാരക സംരക്ഷണപദ്ധതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. വിനോദസഞ്ചാര വികസനവും ഇതില്‍ പ്രധാനമാണ്.

പുരാതന തുറമുഖനഗരിയുടെ നഷ്ടാവശിഷ്ടങ്ങള്‍ ഉത്ഖനനത്തിലൂടെ കണ്ടെടുത്ത പട്ടണം, ചേന്ദമംഗലം പാലിയം കൊട്ടാരം, കോട്ടയില്‍ കോവിലകം, കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ്, പള്ളിപ്പുറം-കോട്ടപ്പുറം കോട്ടകള്‍, കായലുകള്‍, തുരുത്തുകള്‍ എന്നിവ ഉള്‍പ്പെടുന്ന ടൂറിസ്റ്റ് സര്‍ക്യൂട്ട് പദ്ധതിയിലാണ് മാല്യങ്കരയ്ക്ക് മുഖ്യസ്ഥാനം നല്‍കിയിട്ടുള്ളത്.

ക്രിസ്തുവിന്റെ ശിഷ്യനായ മാര്‍തോമാ സ്ലീഹാ എ.ഡി. 52 ല്‍ ഇന്ത്യയിലാദ്യമായി കപ്പലിറങ്ങിയത് മാല്യങ്കരയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ചരിത്രഗവേഷണ കൗണ്‍സില്‍ ഈയിടെ രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള കയറും വള്ളവും ജനവാസകേന്ദ്രാവശിഷ്ടങ്ങളും മണ്ണടരുകള്‍ക്കിടയില്‍ കണ്ടെത്തിയ പട്ടണം ഗ്രാമത്തിന്റെ പശ്ചിമപാര്‍ശ്വഭാഗമാണ് മാല്യങ്കര. 52 ല്‍ കടല്‍മാര്‍ഗ്ഗം പായ്ക്കപ്പലിലൂടെ മണ്‍സൂണ്‍ കാറ്റിന്റെ ഗതിപിടിച്ച് യാത്ര ചെയ്ത് സെന്റ് തോമസ് മാല്യങ്കരയില്‍ വന്നിറങ്ങിയതായാണ് ചരിത്രം.

പ്രേക്ഷിതപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം പറവൂരും കൊടുങ്ങല്ലൂരും ഉള്‍പ്പെടെ കേരളത്തില്‍ ഏഴ് ദേവാലയങ്ങള്‍ സ്ഥാപിച്ചു. രണ്ട് പതിറ്റാണ്ടുകാലം ഇന്ത്യയില്‍ തങ്ങിയ തോമാസ്ലീഹ എഡി 72 ല്‍ മൈലാപ്പൂരില്‍ കാലംചെയ്തു. അഴീക്കോട് മാര്‍ത്തോമാ ദേവാലയത്തില്‍ സെന്റ് തോമസിന്റെ തിരുശേഷിപ്പ് (വലതുകൈയിലെ അസ്ഥി) സൂക്ഷിച്ചിരിക്കുന്നു. ഭാരത അപ്പസേ്താലന് മാല്യങ്കരയില്‍ ഒരു കപ്പേള സ്മാരകമായി ഉണ്ട്.

പ്രത്യേക സാമ്പത്തിക മേഖലയിലൂടെ കടന്നുപോകുന്ന വൈപ്പിന്‍-മൂത്തകുന്നം കണ്ടെയ്‌നര്‍ നാലുവരിപ്പാത, മുനമ്പം-അഴീക്കോട് പാലം എന്നിവ മാല്യങ്കരയുമായി ബന്ധപ്പെട്ടു വരുന്നതോടെ കരമാര്‍ഗ്ഗമുള്ള വന്‍ വികസനം ഇവിടെ യാഥാര്‍ത്ഥ്യമാകും. അതോടെ കരയും കായലും ചേര്‍ന്നുള്ള വിനോദ സഞ്ചാരകേന്ദ്രമാകും ചരിത്രപുണ്യം പേറുന്ന മാല്യങ്കര.

ടി.സി. പ്രേംകുമാര്‍




MathrubhumiMatrimonial